Sunday, January 27, 2008

ജി ലനാക്കോ യമിസി






(ഈ ലേഖനം വായിച്ചു തുടങ്ങുന്നതിനു മുമ്പ് ഞാന്‍ കുങ്കുമപ്പൂവിനെ പരിചയപ്പെടുത്തട്ടെ.


Botanical name: Crocus Sativus. Family: Iridaceae.


നമുക്ക് കിട്ടുന്നത്: പൂവിന്റെ കേസരം



Medicinal qualities: Anti carcinogenic, Antimutagenic, Immunomodulations, Reduce Blood pressure, Stimulate respiration, Sedative, Inhibition of human platelet aggregation, Pain reducer, Antispasmodic, Aphrodisiac, Appetizer, Emmenegogue (Stimulate menstruration) and Expectorant.

The Crocins and Carotenes conatined in Saffron is used in dying cotton and wool fabrics.)

ദുബായ് വാണിജ്യോത്സവത്തോടനുബന്ധിച്ചുള്ള കരിമരുന്നു പൊട്ടുന്നതു കാണാന്‍ ഞങ്ങളന്നു രണ്ടു തവണ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ കറങ്ങി. തണുപ്പില്‍ പുറത്തിറങ്ങാതെ കാറിലിരുന്നു തന്നെ ആകാശത്തു പൊട്ടുന്നതു കാണാമെന്ന സാമര്‍ത്ഥ്യം കാണിച്ചതാണ്.

ഫലമുണ്ടായില്ല. നേരത്തെ പൊട്ടിക്കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ ചമ്മി. പിന്നെ അബ്രക്കരികെയുള്ള കൂടാരങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ ബദുക്കളുടെയും പല നാട്ടുകാരുടെയും നൃത്തവും കലാപ്രകടനങ്ങളും അരങ്ങേറിയിരുന്നു.

ഇടതടവില്ലാത്ത താളമുറുക്കത്തിനോത്തു ഒരു സ്റ്റേജില്‍ തലയും നെഞ്ചും നിതംബവും കുലുക്കി കെനിയക്കാര്‍ നൃത്തം ചെയ്യുന്നതു കണാന്‍ കുറേ പേര്‍ കൂടിയിരുന്നു.

താളത്തിനോത്തു ചെറുതായി ചുവടുവെച്ചു ആവേശത്തോടെ സ്റ്റേജിന്റെ മുമ്പിലേയ്ക്കു കുതിച്ച എന്നെ ഒരു പോലീസുകാരന്‍ തടഞ്ഞു. പിന്നെ സകുടുംബമാണെന്നറിഞ്ഞപ്പോള്‍ കടത്തിവിട്ടു. കുറെയേറേ ആസ്വദിച്ച ശേഷം ഞങ്ങള്‍ മറ്റു കൂടാരത്തിലെയ്ക്കു നീങ്ങി.

ഒരു തായിലാന്റ് മാങ്ങ കഴിച്ചു തിരിച്ചു വന്നപ്പോള്‍ കെനിയക്കാരെ തട്ടിമാറ്റി ബദുക്കള്‍ സ്റ്റേജ് കയ്യടക്കുന്ന തിരക്കിലായിരുന്നു. അതുവരെ അവര്‍ താഴെ നിന്നായിരുന്നു കളിച്ചിരുന്നത്.

സ്റ്റേജില്‍ നിന്നിറങ്ങിയ കറുമ്പന്മാരുടെ കൂടെ ഞാനും നടന്നു. ഒരു കറുമ്പനേയും കറുമ്പിയേയും നിര്‍ത്തി ഫോട്ടോ എടുത്തു. അവര്‍ക്ക് ശ്ശ് പിടിച്ചു.

തലയില്‍ കൊട്ട കമഴ്ത്തി മുന്നില്‍ പോകുന്ന കറുമ്പിയെ ക്ലിക്കു ചെയ്യാന്‍ ഞാന്‍ എന്റെ പൊണ്ടാട്ടിയുടെ സമ്മതം വാങ്ങി വേഗത്തില്‍ നടന്നു അവളുടെ മുമ്പിലെത്തി, കാമറ കാട്ടി ആംഗ്യ ഭാഷയില്‍ ഫോട്ടോ എടുക്കാന്‍ അനുമതി ചോദിച്ചു. മുല്ലപ്പൂ നിറമുള്ള പല്ലുകാട്ടി ചിരിച്ചു കൊണ്ടു അവളുടനെ പോസു ചെയ്തു!

“നാനിജി ലനാക്കോ?” (എന്താ പേര്‍?)
വളരെ കുറച്ചു മാത്രം അറിയാവുന്ന സുഹൈലി ഭാഷയില്‍ ഞാന്‍ ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചു നോക്കിയതാണ്. അതു ഫലിച്ചു. വെടിമരുന്നു പൊട്ടുന്നത് കാണാന്‍ കഴിയാത്ത നിരാശ ഇവിടെ തീര്‍ന്നു.

“ജി ലനാക്കോ യമിസി” (എന്റെ പേര്‍ യമിസിയെന്നാണ്)
അല്‍ഭുതത്തോടെ അവള്‍ മറുപടി പറഞ്ഞു.

“ഉജാംബോ”? (സുഖമാണോ)
“ഷിജാംബോ” (സുഖമാണ്) എന്നവള്‍ ആനന്ദത്തോടെ പ്രതികരിച്ചപ്പോഴേയ്ക്കും അവരുടെ പക്കമേളക്കാര്‍ ഉപകരണങ്ങള്‍ താങ്ങി അടുത്തെത്തിയിരുന്നു.

യമിസി സുന്ദരിയാണ്, എണ്ണക്കൊഴുപ്പുള്ള കറുപ്പഴക്!

അവളെ കണ്ടു കുങ്കുമപ്പൂ പോലും നാണിച്ചെന്നു ദുബായില്‍ സര്‍വ്വത്ര കാണുന്ന പൂക്കള്‍ക്കിടയില്‍ സംസാരം. പൂമ്പാറ്റയുണ്ടല്ലോ അവരുടെയിടയില്‍ പരദൂഷണം പരത്താന്‍!

‘എത്ര പള്ളേലുള്ള പെണ്ണുങ്ങള്‍ പാലില്‍ കലക്ക്ക്കി കുടിച്ചിട്ടുണ്ട് കുങ്കുമപ്പൂ, വെളുത്ത കുട്ടിയെ പെറാന്‍!
എന്നിട്ടോ…..ഒടേതമ്പുരാന്‍ തരുന്ന നിറം! അല്ലാന്നു പറയാ‍ന്‍ പറ്റ്വോ..? യമിസിയെ കണ്ടോ?...എന്താ കറുപ്പ്! എന്നിട്ടെന്താ പോരായ്ക?...’

നാട്ടിലും കാട്ടിലും ഈ സംസാരം പരന്നത് ദുബായില്‍ വെച്ചു പിടിപ്പിച്ച പൂക്കളില്‍ നിന്നാണെന്നു ജെന്നി ഫ്ലവേഴ്സിന്റെ ബൊക്കയിലെ ഒരോര്‍ക്കിഡ് പൂവാണ് പറഞ്ഞത്.

മലയാളക്കരയില്‍ പിന്നെ അതങ്ങു പരന്നു….മല്ലൂസ്, പൂക്കളായാലും പരദൂഷണം നന്നായി കാതോര്‍ക്കുമല്ലോ!

പനനീര്‍പ്പൂവിന്റെ നെഞ്ചിലിരുന്നുകൊണ്ട് ഒരു തണുത്ത വെളുപ്പാന്‍ നേരത്തു കുങ്കുമപ്പൂവിന്റെ പൂമ്പൊടിയുമായ് വന്ന കരിവണ്ട്, നിറത്തിലെ സാമ്യം കൊണ്ടായിരിക്കാം യമിസിയുടെ ഭാഗത്തായിരുന്നു.

“ഞാനും ഈ ബീജം കുറെ പേറി നടന്നതാ. എന്റെ കാലിന്റെ ഒരറ്റം പോലും ഇതുവരെ നിറം മാറിയിട്ടില്ല, കരിങ്കറുപ്പ് തന്നെ. ഈ മനുജന്മാര്‍ക്കിതെന്തുപറ്റി?

ഗുണം കിട്ട്യേതെന്താന്നു വെച്ചാല്‍, കുങ്കുമപ്പൂവിന്റെ തേനു കുടിച്ചപ്പോള്‍ ഇത്തിരി ദഹനം കിട്ടുന്നുണ്ട്! അത്രെന്നെ!

പക്ഷെ, കാസര്‍ക്കോട്ടുകാരന്‍ ഒരു ഇച്ച നന്നായി പണം കൊയ്തൂന്നു കേള്‍ക്കുന്നു. പുള്ളിക്കാരന്‍ എം.ബി.എ (മോശമല്ലാത്ത ബിസിനസ്സ് അറിയുന്നവന്‍) ആണെന്നാണ് കേള്‍വി.

നാട്ടില്‍ രാഷ്ട്രീയക്കാര്‍ പുലഭ്യം വിളിച്ചു പറയാന്‍ കെട്ടുന്ന പന്തലില്‍ തോരണം ചാര്‍ത്തുന്ന കുങ്കുമനിറമുള്ള കടലാസ് ചെറുതായി അരിഞ്ഞു ഇത്തിരി കുങ്കുമപ്പൂവും ചേര്‍ത്തു ‘മെയ്ഡ് ഇന്‍ സ്പെയിന്‍’ ആക്കിയ ചെപ്പു മാര്‍ക്കറ്റില്‍ കിട്ടും. കല്യാണം കഴിഞ്ഞു ഭാര്യയെ നാട്ടിലാക്കി വരുന്ന കണവന്മാര്‍ അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞയുടനെ ഈ കുങ്കുമ ചെപ്പു കൊടുത്തയക്കുന്നു. കുങ്കുമ നിറമുള്ള വെളുത്ത(?) കുട്ടിയെ പെറാന്‍!

എന്നിട്ടെന്താവുന്നു?.. കുട്ടി പടച്ചോന്‍ ബ്രഷ് വീശിയ നിറത്തില്‍ തന്നെ പുറത്തു വരുന്നു. ഗുണം കിട്ടുന്നതെന്താന്നു വെച്ചാല്‍ കുട്ടി വലുതായല്‍ നല്ല പുലഭ്യം പറയുന്ന രാഷ്ട്രീയക്കാരനാകും...

യമിസിയുടെ നിറം പോരെ ഭംഗിയ്ക്ക്? അതുപോലൊന്നു ചിരിച്ചു ഫലിപ്പിക്കാന്‍ വെള്ളക്കാര്‍ക്കു പറ്റ്വോ..?

എന്റെ കുട്ട്യോള്‍ക്കും യമിസിയുടെ ചന്താ…” കരിവണ്ടിനു ആദ്യമായി പേഴ്സണാലിറ്റി തോന്നിത്തുടങ്ങി.

പിന്നെ ഈ കഥ പറഞ്ഞു പരത്താന്‍ കരിവണ്ട് അടുത്ത പൂവിന്റെ നെഞ്ചിലേക്കു മാറിയിരുന്നു.

വണ്ടിന്റെ കയ്യിലിരുപ്പറിഞ്ഞാല്‍ സുന്ദരിയായ യമിസി ആരും കേള്‍ക്കാതെ പറയും..

‘രാണ്ടാവ ന്‍മോ’ (വണ്ടാരാ മോന്‍?) എന്ന്!

എന്റെ സുഹൈലി ഭാഷാഞ്ജാനം തീര്‍ന്നതു കൊണ്ടു
യമിസിയുടെ ആത്മഗതം ഞാന്‍ മലയാളം തിരുച്ചെഴുതിയതാണ്. ക്ഷമിയ്ക്കുക.


Lath

2 comments:

IVY said...

“പൂക്കള്‍ക്കിടയില്‍ പരദൂഷണം പര‍ത്തുന്നപൂമ്പാറ്റ..! “
ഭാവന ഇഷ്ടമായി.
പടച്ചവന്റെ പെയ്‌ന്റ് ബ്രഷിനെ
സ്വാധീനിക്കുന്നതില്‍
കുങ്കുമപ്പൂവിന്റെ നിസ്സഹായത
ഇപ്പോഴല്ലേ മനസ്സിലായത്.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..

ബൈജു സുല്‍ത്താന്‍ said...

യമിസിയെത്തിരഞ്ഞുള്ള യാത്ര ഞാന്‍ ആരംഭിക്കുകയാണ്. ഒന്നുമല്ല..ആ ചിരി ഒന്നാസ്വദിക്കാന്‍..എന്നിട്ട് ചോദിക്കണം..“ഉജാംബോ”?