Saturday, December 29, 2007

ഖസബ വിശേഷങ്ങള്‍.....


നിശയുടെ രണ്ടാം യാമം കഴിഞ്ഞാണു കുട്ടികളുടെ അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പുറത്തിറങ്ങുക. എല്ലാവരും പണി കഴിഞ്ഞു വീട്ടിലെത്തുന്ന നേരവും ഞങ്ങള്‍ ജോലിസ്ഥലത്തു പണിയുകതന്നെയാകും! പിന്നെ കുറുക്കന്മാരെപ്പോലെയാവുകയല്ലാതെ തരമില്ലല്ലോ. രാത്രി ചരന്മാരായ ഞങ്ങള്‍ സൊറ പറയാനിരിയ്ക്കുന്ന സ്ഥലമാണ് ഷാര്‍ജയിലെ ഖന്നത്തുല്‍ ഖസബ.

കുടുംബ സംഗമത്തിനു പറ്റിയ സഥലമാണ് ഖസബ. പട്ടണത്തിന്റെ ശല്യമില്ലാതെ കളിയ്ക്കാനും, നടക്കാനും, ഇരിയ്ക്കാനും പറ്റിയ സ്ഥലമെന്നതിനു പുറമെ ടൂറിസ്റ്റുകളെ ആകര്‍ഷിയ്ക്കാന്‍ കനാലിനോടുചേര്‍ന്ന് ജയന്റ് വീല്‍, യൂറോപ്യന്‍-അറബി റസ്റ്റാറന്റുകള്‍, ബോട്ടിങ്ങ് തുടങ്ങിയവ പാതിരാത്രി വരെയും പ്രവര്‍ത്തിയ്ക്കുന്നു.

ഡോക്ട്രര്‍ സഗീറും കുടുംബവുമാണു കൂട്ടിനുണ്ടാവുക. അദ്ദേഹമാണ് ഈ സ്ഥലം കാണിച്ചു തന്നത്. നാലഞ്ചു വര്‍ഷം മുന്‍പ് വരെ മുട്ടോളം മണ്ണ് മൂടിയ സ്ഥലമായിരുന്നു ഇത്. ദിവസംതോറും മാറ്റങ്ങള്‍. ഭൂമി കുഴിച്ചു ഖാലിദ് ലഗൂണുമായി യോജിപ്പിച്ചു പുതിയ കനാലുണ്ടാക്കി. പിന്നെ ചടപടാ വേഗത്തിലാണു ഇത്ര മനോഹരമായ സന്ദര്‍ശക കേന്ദ്രമാക്കിയത്.

ഇപ്പോള്‍ ഞങ്ങളെ പോലെ ചിലര്‍ സ്ഥിരമായി അവിടെ വന്നിരിയ്ക്കാറുണ്ട്.
അവിടെയിരിയ്ക്കുമ്പോള്‍ ഏഴു നിലയില്‍ പൊട്ടുന്ന വെടികള്‍ ചിലപ്പോള്‍ രജനിയുടെ ചക്രവാളസീമയില്‍ വര്‍ണ്ണപ്പൂക്കള്‍ വിതറുന്നതു കാണാം. എന്തെങ്കിലും ചെറിയ കാരണം മതി ഇവിടെ മുന്തിയയിനം വെടി പൊട്ടിയ്ക്കാന്‍!

ഞങ്ങളും പൊട്ടിയ്ക്കും വെടി, ആകാശത്തു മത്സരിക്കാനല്ല. കേള്‍വിക്കാരുടെ മുഖത്തു വര്‍ണ്ണപ്പുഞ്ചിരി വിരിയിയ്ക്കാന്‍. പൂരത്തിന്റെ നാട്ടുകാരനായതുകൊണ്ട് ഡോക്ടര്‍ സഗീര്‍ ഒരേഴെട്ടു നിലയിലുള്ളതൊക്കെ കത്തിയ്ക്കും. വളരെ ചെറുപ്പത്തില്‍ തിരൂരില്‍ കല്ലിങ്ങല്‍ പാടത്തും, പിന്നെ ബെട്ടത്തു പുതിയങ്ങാടിയില്‍ തമസമാക്കിയപ്പോള്‍ അവിടുത്തെ യാറം മുറ്റത്തും പൊട്ടിച്ചു ശീലമുള്ള കുഞ്ഞു കുഞ്ഞു വെടികളെ എന്റെയടുത്തു കാണൂ. ചിലപ്പോള്‍ അതു തഴെക്കിടന്നു പൊട്ടും. പിന്നെ കുറേ നേരം അതിന്റെ പുക ചുറ്റുവട്ടത്തൊക്കെ തങ്ങി നില്‍ക്കും. എല്ലാംകൂടി ചിരിയ്ക്കാന്‍ നല്ല വിഭവങ്ങളുണ്ടകും. അതാണ് ഞങ്ങളുദ്ദേശിയ്ക്കുന്നതും.

അപ്പോഴേയ്ക്കും മക്കള്‍ ക്രിക്കറ്റ് കളി മടുത്തു സല്ലാപത്തിലായിരിയ്ക്കും.

ഒരു പുലരി കൂടി അടുത്തു തുടങ്ങിയെന്നുതോന്നുമ്പോള്‍ ഞങ്ങള്‍ പിരിയും……

Lath


Friday, December 28, 2007

ലളിത ഗാനം

മൂന്നാമത്തെ ആല്‍ബത്തിന്റെ പണിപ്പുരയില്‍ സമയക്കുറവു കൊണ്ട് എന്തൊക്കെയോ മുഴുവനാക്കാതെ ഇരിപ്പുണ്ട്. സംഗീതം നല്‍കാത്ത ഒരു ഗാനത്തിന്റെ വരികളാണിവിടെ ചേര്‍ക്കുന്നത്.

വെണ്‍ തൂവല്‍ ചേല
ചുരുക്കിട്ടു തുന്നുന്ന നീലാംബരം,
വെണ്‍ മഞ്ഞുതുള്ളികള്‍
‍നിറമണിയാക്കുന്ന ശിശിരാംബരം,
വരവര്‍ണ്ണിനിയായ്
മഞ്ഞില്‍ കുളിയ്ക്കുന്ന കനകാംബരം,
വനമാറില്‍ വെണ്മല
തീര്‍ക്കുവാനെത്തിയോ കാദംബിനി? (വെണ്‍...നീലാംബരം)

വര്‍ണ്ണപ്പുതപ്പിലെ
പരിരംഭണത്തിനു, പൂന്തെന്നലേ!
നീയേകും കുളിരിനു
മറുചൂടു നേരുവാന്‍ കൂട്ടിനുണ്ട്
താമരയിതളിന്റെ
തരളമാം മേനിയില്‍ പ്രണയകാവ്യം
ആരോരുമറിയാതെ
അരുമയായെഴുതിയ മമ മോഹിനി. (വെണ്‍...നീലാംബരം)

ദേവതാരത്തിന്റെ
സൂചിയിലകളില്‍ വലനെയ്തിടാന്‍
മഞ്ഞിഴ നേര്‍പ്പിച്ചു
വെള്ളിനൂല്‍ തീര്‍ക്കുന്നൊരീക്കുളിരിതാ
ദൂരെ ദൃശ്യങ്ങളെ
കാണാതെയാക്കുന്നു മഞ്ഞു തൂകി
ഇഷ്ടങ്ങളിഷ്ടമായ്
ചാരെ വസിയ്ക്കുന്നൊരീനിമിഷം. (വെണ്‍....കാദംബിനീ)

Thursday, December 27, 2007

മരുന്നിന്റെ പരസ്യം

കല്യാണത്തിനു മുമ്പുള്ള ഒരു അവധിക്കാലം. ഇരിട്ടിയിലുള്ള ഒരു സുഹ്റ്ത്തിനെ കണാന്‍ പോകാന്‍ ഞാന്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഒരു നല്ല ബസിനു കാത്തുനിന്നു. ഒന്നെനിയ്ക്കിഷ്ടപ്പെട്ടു. ചാടിക്കയറി 'ഒരാനന്ദ' സീറ്റു പിടിച്ചു. കല്യാണത്തിനു ശേഷം കിട്ടിയ ഒരു വക്കാബുലറിയാണത്. നല്ല കാഴ്ചകള്‍ കാണാന്‍ പറ്റുന്നതുകൊണ്‍ട് ജനലിനരികെയുള്ള സീറ്റിനെ ഭാര്യയുടെ എളാപ്പ ആനന്ദ സീറ്റെന്നു പറയുന്നു.

പെട്ടിയും കുട്ടിയുമായി ആളുകള്‍ കയറിത്തുടങ്ങി. ഒരു സഞ്ചിയില്‍ നിറയെ എന്തോ സാധനങ്ങളുമായി ഒരാള്‍ മുന്നിലൂടെ കയറി. സീറ്റു നിറയെ ആളില്ലാത്തതു കൊണ്‍ട് അയാള്‍ പിന്‍ വാതിലിലൂടെ ഇറങ്ങിപ്പോയി.

കുറച്ചുകഴിഞ്ഞു വീണ്‍ടും കയറിവന്നു. അപ്പോഴേയ്ക്കും ബസ് നിറയെ ആളുകളുണ്‍ടായിരുന്നു.

'ഡാമ്സണ്‍ അഷ്ടവര്‍ഗ്ഗ വായു ഗുളിക....ജലദോഷം മുതല്‍ എയ്ഡ്സ് വരെ മാറുമെന്നു പ്രഖ്യാപിച്ചു.

ഞൊടിയിടയ്ക്കുള്ളില്‍ അയാളുടെ സഞ്ചി കാലിയായി!

എന്തു കുന്തറാണ്‍ടം ​ ഉരുട്ടിയുണ്‍ടാക്കിയതാണെന്ന് ആര്‍ക്കറിയാം ?

ഇതു 1985 ലെ കഥ.

ഇന്ന് പരസ്യത്തിനു മാറ്റു കൂടി. കച്ചവടത്തിനു പുതുമയേറി. നമ്മുടെ നിലവാരം വീണ്‍ടും കുറയുന്നോ ?

ആരെന്തു പറഞ്ഞാലും , ഒരു സെലിബ്രിറ്റിയാണെങ്കില്‍ വിശേഷിച്ചും നമ്മള്‍ സ്വീകരിയ്ക്കും. എന്തും വാങ്ങി വിഴുങ്ങും.

മരുന്നിന്റെ കാര്യത്തില്‍ പരസ്യത്തെ തഴയുക.

വിദ്യാധനം നമുക്കേറേയായി. ഇനി നമുക്കു മുദ്രാവാക്യം മാറ്റി വിളിയ്ക്കാം
'ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം '

Lath

ഉറങ്ങാത്ത ഭടന്‍

എന്റെ ആശയങ്ങളുടെ ഭടനാണു ഞാന്‍

അഹങ്കാരം എന്റെ ആയുധമല്ല

ധാര്‍ഷ്ട്യം പരിചയും.



പടത്തലവനല്ല ഞാന്‍

മുന്‍ നിരക്കാരനും,



അറിവുള്ളവരാണെന്റെ

മുന്നിലും പിന്നിലും

അവരാണെന്നാശയങ്ങളെ

പോറ്റുന്നത്

അവരാണെനിയ്ക്കറിവിന്റെ

പരിചയേകുന്നതും,



അറിവുള്ളവരോതുന്നതു

കേള്‍ക്കുമ്പോള്‍

‍അറിവില്ലായ്മയുടെ

ലജ്ജയോടെ

ഞാനെന്റെ ആശയങ്ങളെ

അപഗ്രഥിയ്ക്കുന്നു;



അതിന്നായി എന്നിലെ

ഭടന്‍ഉറങ്ങാതിരിയ്ക്കുന്നു.

Lath