Friday, September 12, 2008

ഓണാശംസകള്‍











തൂമന്ദഹാസം തൂകും പുലരി
പൊന്നാവണി പുലരി
തുമ്പതെച്ചിക്കും
ചെമ്പരുത്തിക്കു-
മിന്നാവണിമന്നന്റെ
തിരുവിരുന്ന്.








എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

Monday, April 28, 2008

സ്വര്‍ഗ്ഗമേ നാട്!


ടി. വി വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ്സ് കുളിരുകോരി,
സീന്‍ കണ്ടപ്പോള്‍ ഞാനാഹ്ലാദം കൊണ്ടു തുള്ളിച്ചാടി!
“നിങ്ങള്‍ക്കിതെന്തു പറ്റി…
ഇത്ര അര്‍മാദിയ്ക്കാന്‍?...”

എന്റെ പൊണ്ടാട്ടിയുടെ അല്‍ഭുതം

“അതേടി….നീ അതു കേട്ടോ? കണ്ടോ?....”

ഞാനവളുടെ കവിളില്‍ നുള്ളിക്കൊണ്ടു പറഞ്ഞു തുടങ്ങി

“……നമ്മുടെ കെ. എസ്. ആര്‍. ടി. സി ബസ്സിന്റെ ബോഡി നിര്‍മ്മിയ്ക്കുന്ന ചുറുചുറുക്കന്‍ കുട്ടികളെ കണ്ടോ?

നമ്മുടെ നാട് ജപ്പാന്‍ പോലെയാകുന്നു എന്നു സങ്കല്‍പ്പിച്ചു ഞാന്‍!

ഒരു മാസത്തില്‍ നൂറിലധികം ബസ്സിനു അത്യാധുനിക ഉപകരണങ്ങളുപയോഗിച്ചു അവര്‍ ബോഡി നിര്‍മ്മിയ്ക്കുന്നുവത്രെ! സമരമില്ല. പരാതികളില്ല. നീല കുപ്പായവുമണിഞ്ഞു അവര്‍ ജോലി ചെയ്യുന്നതു എത്ര സന്തോഷത്തോടെയാണ്!

അവര്‍ക്കൊന്നു വിശ്രമിയ്ക്കേണമെങ്കില്‍, രാത്രി തലചായ്ക്കേണമെങ്കില്‍, ദാഹം തിര്‍ക്കേണമെങ്കില്‍…സ്വന്തം നിലം, കുട്ടികളും ഭാര്യയും അഛനുമമ്മയുമുള്ള വീട്, സ്വന്തം മണ്ണിന്റെ വെള്ളം! ……ഹാ എത്ര സംതൃപ്തി നിറഞ്ഞ അദ്ധ്വാനം…

ഈ പ്രവണത എല്ലാ മേഖലകളിലുമുണ്ടാകുന്ന എന്റെ നാടിനെ സ്വപ്നം കണ്ടാണ് ഞാന്‍ അര്‍മാദിക്കുന്നത്…”

***** ***** ***** ***** *****
ഇവിടെ പ്രവാസികള്‍ക്കിടയില്‍ കാണുന്ന മുഖങ്ങളെയോര്‍ത്തു നമ്മുടെ നാടിന്റെ തത്വസംഹിതയെ പഴിക്കുന്നവരാണോ പുകഴ്ത്തിപ്പാടുന്നവരാണോ നമ്മുടെയിടയില്‍ കൂടുതല്‍….

ഇവിടെ വന്നു അവ പിന്തുടരേണ്ടായിരുന്നു എന്നു തിരിച്ചറിവുണ്ടാകുമ്പോഴേയ്ക്കും വല്ലാതെ വൈകുന്നു.
അവരുടെ നൊമ്പരങ്ങളുടെ കനം പലപ്പോഴും എന്റെ നെഞ്ചിലും അനുഭവിച്ചുട്ടിണ്ട്. പന്ത്രണ്ട് വയസ്സു പ്രായമായ ഏക മകളെ ഈരണ്ട് വര്‍ഷങ്ങളില്‍ ഓരോ മാസം വീതം ആകെ ആറ്മാസം മാത്രം കണ്ട പ്രവാസി പിതാവിന്റെ കരുവാളിച്ച മുഖം എന്റെ മനസ്സിലൂടെ മിന്നി മറയുന്നു…

ഈ അവസ്ഥ ഇനിയും തുടരുന്നതിനേക്കാള്‍ നല്ലത് നമ്മുടെ നാട് പിടിച്ചു അവനവനു കിട്ടുന്ന ജോലി എത്ര ചെറുതായാലും സമരാഹ്വാനങ്ങള്‍ ചെവിയോര്‍ക്കാതെ, ഈ വാര്‍ത്തയുടെ പൊരുള്‍ ഉള്‍കൊണ്ടു നമ്മുടെ നാടിനെ സ്വര്‍ഗ്ഗമാക്കാന്‍ നോക്കണം. അതിനു നമുക്കു കഴിയും.



Lath


latheefs.blogspot.com

Monday, April 21, 2008

പടച്ചോന്‍ പിശുക്കിനെതിര്!


“ആരവിടെ”
ആരുടെയോ നിഴല്‍ കണ്ടു ദൈവം ഇത്തിരി ദ്വേഷ്യത്തില്‍ ചോദിച്ചു. അദ്ദേഹം ഇത്തിരി അസ്വസ്ഥനായിരുന്നു.

“അടിയന്‍”

നന്മയും തിന്മയും, കുറച്ചൊക്കെ പരദൂഷണവും എഴുതിയെഴുതി ക്ഷീണിച്ച ചിത്രഗുപ്തന്‍ ഒന്നു കട്ടു വിശ്രമിക്കാന്‍ കയറിയിതിനിടയ്ക്കു ദൈവവിളി കേട്ടു ഞെട്ടി! പിന്നെ, സന്നിധിയില്‍ ആഗതനായി.

“ഉടനെ ആനി വൂഡിനോടും അന്‍ഡ്ര്യൂ ഡവെന്‍പോര്‍ട്ടിനോടും എന്റെ മുമ്പില്‍ ഹാജരാവാന്‍ പറയുക”…

ദൈവവചനം മനസ്സിലാകാതെ ചിത്രഗുപ്തന്‍ പരുങ്ങി നിന്നു. ടെലി ടബ്ബീസിന്റെ നിര്‍മാതാക്കളായ ഇവരെ എന്തിനാണാവോ വിളിപ്പിയ്ക്കുന്നത്?

“ഊം.. എന്താ ഒരു ശങ്ക?”

ഗൌരവം ആദ്യത്തേതിലും കൂടുതലാണെന്നു മനസ്സിലാക്കിയ എഴുത്തുകാരന്‍ സമ്മത ഭാവത്തില്‍ തിരിഞ്ഞു നടന്നു.

“നില്‍ക്കൂ…”

പിന്നില്‍ നിന്നും കല്പന കേട്ടു ഗുപ്തന്‍ സഡ്ഡന്‍ ബ്രേക്കിട്ടു.

“....മലപ്പുറം ജില്ലയിലെ തിരൂരില്‍ പുരാതനമായ ബാപ്പു സ്റ്റുഡിയോ‍യുടെ ഉടമ ബഷീര്‍ കല്യാണക്കത്ത് സി. ഡിയിലാക്കിയാണ് എല്ലാവര്‍ക്കും നല്‍കിയത്. കടലാസ്സില്‍ കത്തടിച്ചാല്‍ കത്തൊന്നിനു ഒമ്പതു രൂപയെങ്കിലും വരുമെന്നും സി. ഡിയാകുമ്പോള്‍ ഏറിയാല്‍ ആറു രൂപയെ വരൂ എന്നതുമാണ് കാരണം.


അയാള്‍ പിശുക്കിയാല്‍ ജനങ്ങളെന്തു ചെയ്യും?
എത്ര പേരുടെ വീട്ടില്‍ കമ്പ്യൂട്ടറുണ്ട്?
സാധാരണക്കാരന് അഫോര്‍ഡ് ചെയ്യാന്‍ പറ്റില്ലല്ലോ?
വീട്ടിലിരുന്നു സി.ഡി പ്ലെയറില്‍ കണാമെന്നുവെച്ചാ നടക്കൂലാ; റിയാലിറ്റി ഷോയും സീരിയലും കഴിഞ്ഞു എപ്പോഴാ ടി.വി ഒന്നൊഴിഞ്ഞു കിട്ട്വാ? കല്യാണക്കത്തു വായിയ്ക്കാന്‍ അവര്‍ പിന്നെ കഫെയില്‍ പോകണം. അതൊരു നല്ല ഏര്‍പ്പാടല്ല.

അതുകൊണ്ട് ഞാന്‍ ആക്ട് ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നു.
ഇനിയുള്ള മനുഷ്യ സൃഷ്ടി അപ്ഡെയ്റ്റ് ചെയ്യണം. അവരില്‍ ഒരു സി. ഡി ഡ്രൈവും ഒരു സ്ക്രീനും ഫിറ്റ് ചെയ്യണം..”

കണക്കെഴുത്തും രണ്ട് ജി.ബി. മെമ്മറി കാര്‍ഡില്‍ ഓട്ടോ റെക്കാറ്ഡ് ആക്കാനുള്ള ഒരേര്‍പ്പാടുണ്ടാക്കാന്‍ ഒന്നു അഭിപ്രായപ്പെട്ടാലോ എന്നു ചിത്രഗുപ്തന്‍ നഖം കടിച്ചു ആലോചിച്ചു. പ്രതികരണം ഭയന്നു വായ തുറന്നില്ല.

ആനി വൂഡിനും, ആന്ഡ്ര്യൂ ഡെവെന്‍പോര്‍ട്ടിനും എന്തു ചെയ്യാനാണുള്ളതെന്നു മനസ്സിലാകാതെ ഗുപ്തന്‍ അവരെ വിളിച്ചു വന്നു.

“നിങ്ങള്‍…..
(ദൈവം പറയാന്‍ തുടങ്ങി.)
….ഡിങ്കി വിങ്കി, ഡിപ്സി, ലാലാ, പോ എന്നി ടെലി ടബ്ബീസിനെ ഇനിയുണ്ടാക്കരുത്. ഇനിമുതല്‍ ഞാന്‍ സൃഷ്ടിയ്ക്കുന്ന മനുഷ്യന്റെ വയറിന്റെ പുറത്തു മോണിറ്ററുണ്ടായിരിയ്ക്കും. അവരുടെ കണ്ണുകള്‍ക്കു ഗോചരമാകത്തക്കവിധം അതു ആവശ്യത്തിനു അടിയില്‍ നിന്നു മേലോട്ടു പൊക്കാനും ആവശ്യം കഴിഞ്ഞാല്‍ താഴ്ത്താനും പറ്റും. പൊക്കിളിന്റെ വട്ടം മാറ്റി ഒരു സ്ലിറ്റാക്കി ഒരു സി.ഡി ഡ്രൈവും ഉണ്ടാകും.

പുതിയ മനുഷ്യര്‍ സി. ഡിയില്‍ കിട്ടുന്ന കല്യാണക്കത്തു വായിക്കാന്‍ തെണ്ടി നടക്കേണ്ടി വരില്ല……”

തിരൂര്‍ക്കാരന്‍ തുടങ്ങിവെച്ച പിശുക്കില്‍ അതൃപ്തി കാണിച്ചു ഗൌരവം വിടാതെ ദൈവം നടന്നകുന്നു.


ആനി വൂഡും, ആന്‍ഡ്ര്യൂ ഡെവെന്‍പോര്‍ട്ടും മനം നൊന്തു കരയുന്നതു ദൈവനിഷേധത്തിന്റെ കണക്കില്‍ ചിത്രഗുപ്തന്‍ എഴുതാനും തുടങ്ങി.


Lath


latheefs.blogspot.com



Saturday, April 19, 2008

യാത്രാമൊഴി













അതുല്യയുടെ യാത്രാമൊഴിയ്ക്കിടയില്‍
മാനത്തു നിന്നൊരു നക്ഷത്രം വീണു.
ഈന്തപ്പനയോലകളിലുരഞ്ഞു താഴെ വീഴുന്നതിനിടയില്‍
തമന്നു താങ്ങി.
എന്നിട്ടും വീണു താഴെ.
‘താരെ സമീന്‍ പര്‍’ കണ്ടു പഴം പൊരി വിതരണം
നിര്‍ത്തിവെച്ചു അതുല്യ ഓടിയടുത്തു.
എല്ലാവരും കൂടി പിന്നെ അവരെ അതങ്ങേല്‍പ്പിച്ചു.
ജസീറാ പാര്‍ക്കില്‍ മറ്റെവിടെയെങ്കിലും
നക്ഷത്രവര്‍ഷമുണ്ടൊ എന്നു കാതോര്‍ക്കാനും
അതുല്യ മറന്നില്ല്യ ട്ട്വോ..
**** ***** ****** ******
അവരുടെ ബ്ലോഗുകളെ പോലെ
തിളക്കമുള്ള ഒരു സമ്മാനം തിരഞ്ഞെടുത്തതു നന്നായി.

അതുല്യയ്ക്കു സ്നേഹാശംസകള്‍.
Lath
latheefs.blogspot.com















Wednesday, April 16, 2008

പൂരത്തിന്റെ താളലയം



താളലയം മാനസ്സിക സംഘര്‍ഷം കുറയ്ക്കുമത്രെ.

വാദ്യോപകരണം കൈകാര്യം ചെയ്യുന്നവന്‍

ടെന്‍ഷനുണ്ടാകുമ്പോള്‍ കുറച്ചു നേരം

തന്റെ ഉപകരണത്തില്‍ താളം വായിക്കട്ടെ.


Researchers have demonstrated that the physical transmission of rhythmic energy to the brain synchronizes the two cerebral hemispheres. When the logical left hemisphere and the intuitive right hemisphere begin to pulsate in harmony, the inner guidance of intuitive knowing can then flow unimpeded into conscious awareness.

Druming creates a sense of connectedness with self and others, it alleviates self centeredness, isolation and alienation.

നമ്മുടെ പൂരത്തിന്റെ പഞ്ചവാദ്യം കേള്‍ക്കുമ്പോഴുള്ള വികാരവും മറ്റൊന്നല്ല; സര്‍വ്വരുടെ ഇടയില്‍ നില്‍ക്കുമ്പോഴും ഗംഭീരമായ താളമേളങ്ങള്‍ക്കിടയില്‍ ഒരു തൂവല്‍ പോലെ ലോലമാകുന്ന മനസ്സിന്റെ അവസ്ഥ ഞാനനുഭവിച്ചിട്ടുണ്ട്.


Lath


latheefs.blogspot.com

Monday, April 14, 2008

വിഷുക്കൈനീട്ടം


നന്മയുടേയും സമൃദ്ധിയുടേയും ആശംസകള്‍ എല്ലാവരേയും വിളിച്ചറിയിക്കാന്‍ അവള്‍ കൂടെയില്ലായിരുന്നെങ്കില്‍ എന്തായിരിയ്ക്കും സ്ഥിതി! ഒന്നിനു പിറകെ ഒന്നായി, ഒരു വിശ്രമവുമില്ലാതെ അയച്ചും പറഞ്ഞുമുള്ള സന്ദേശങ്ങളുടെ പോക്കുവരവും തുടര്‍ച്ചയായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു അവള്‍.


ഇടയ്ക്കിടയ്ക്ക് ‘പീ പി, പീ പി എന്ന സന്ദേശ നാദവും.


ഒക്കെ സഹിച്ചു മടുത്തതിനാലായിരിയ്ക്കാം എന്റെ സുന്ദരി ഒരു വികൃതി ഒപ്പിച്ചു. അല്ലെങ്കിലും അവള്‍ കേരളക്കാരിയല്ലല്ലോ; ബോണ്‍ ഇന്‍ ജപ്പാന്‍ ആന്‍ഡ് ബ്രോട്ടപ്പ് ഇന്‍ സിങ്കപ്പൂര്‍. അവള്‍ക്കെന്ത് വിഷു?


മാധവേട്ടനുകൂടി ആശംസകളറിയിക്കാനുണ്ടായിരുന്നു. ഞാനവളുടെ ഇടനെഞ്ചിലമര്‍ത്തി നമ്പര്‍ സ്ക്രോള്‍ ഡൌണ്‍ ചെയ്തു, ഒന്നു കൂടി ഇക്കിളിപ്പെടുത്തി കാള്‍ ചെയ്തു.


“ഹാപ്പി വിഷു”... മാധവേട്ടന്‍ ഫോണെടുത്തയുടനെ ഞാനാശംസിച്ചു.


“ശൂ വിസു?”... അപ്പുറത്തുനിന്നും ഒരറബിയുടെ പരുത്ത സ്വരം!


ഏതോ ഒരറബിയുടെ നമ്പര്‍, എന്തോ ഒരാവശ്യത്തിനു എപ്പോഴോ ഞാന്‍ ചേര്‍ത്തത് മാധവേട്ടന്റെ നമ്പറിന്റെ തൊട്ടുമുമ്പിലാക്കിയത് അവളല്ലെ? അറിയാതെ ഞാനമര്‍ത്തിയെങ്കില്‍ത്തന്നെ അവള്‍ക്കതിനു പ്രതികരിക്കാതിരുന്നു കൂടെ?


“സോറി” നമ്പര്‍ തെറ്റിയെന്നറിഞ്ഞു ഫോണ്‍ കട്ടു ചെയ്യുന്നതിനു മുമ്പെ ഞാന്‍ പശ്ചാത്തപിച്ചു.


ഒരുന്നത കുല ജാതനോ, മൂക്കിന്‍ തുമ്പത്തു കോപമുള്ളവനോ ആയതിനാലാവാം അദ്ദേഹം എന്നെ ഉടനെ തിരിച്ചു വിളിച്ചു ദ്വേഷ്യത്തില്‍ പുലമ്പാന്‍ തുടങ്ങി.


മഞ്ഞ കണിക്കൊന്നപ്പൂവിന്റെ മനോഹാരിത പകര്‍ന്നു, പഞ്ഞി മിഠായി പോലെ മിനുസവും മധുരവുമുള്ള വാക്കുകളെ കൊണ്ടു ഞാനദ്ദേഹത്തെ സാന്ത്വനപ്പെടുത്തി.


“ആ.. ഹാദാ ഈദ് മല്‍ മലബാരി” (ആ ഇത് മലബാരിയുടെ പെരുന്നാള്‍)


വിഷുവിനെ അദ്ദേഹം പരിചയപ്പെട്ടു പ്രതികരിച്ചപ്പോള്‍ ഒരു വിഷുക്കൈ നീട്ടം കിട്ടിയ സന്തോഷമായെനിയ്ക്ക്!



Lath


latheefs.blogspot.com

Sunday, April 13, 2008

വിഷുദിനാശംസകള്‍


എല്ലാ ബ്ലോഗന്‍സിനും
മനസ്സു നിറയുവോളം
വിഷുദിനാശംസകള്‍.

ഒരു കൊമ്പു കൊന്നപ്പൂവും
കിട്ടിയിട്ടുണ്ട്
മഞ്ഞണിക്കോമ്പായിട്ട്,
വിഷുവിനൊരു
ഹരം പകരാന്‍...

ആഘോഷിയ്ക്കാം
അല്ലേ..

കൂട്ടത്തിലൊരോര്‍മ്മയും പങ്കുവെയ്ക്കാം.
അരവിന്ദന്‍ അന്നു ഞങ്ങളെ വീട്ടിലേയ്ക്കു ക്ഷണിച്ചു.
വിഷുത്തലേന്നു തന്നെ ചെന്നാലേ വിഷുക്കണിയും കണ്ടു വിഷു ആഘോഷിക്കാനാവൂ എന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു.

അബ്ദുള്ളക്കുട്ടിയേയും ക്ഷണിച്ചിരുന്നു. ഞങ്ങളുടെ സീനിയറാണ് അരവിന്ദന്‍.
ഉച്ചയോടെ തലശ്ശേരി ധര്‍മ്മടത്തെത്തി അവന്റെ വീട് തേടിപ്പിടിച്ചു.

അഞ്ഞൂറാന്മാരെ പോലെ തടിച്ചു കൊഴുത്ത മൂന്നു ചേട്ടന്മാരെ അവന്‍ ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. ഉച്ചയൂണും കഴിഞ്ഞു ലാത്തിയടിച്ചിരിയ്ക്കെ ആല്‍ബങ്ങളും, ഒരു ചേട്ടന്‍ ബി. എസ്സിയ്ക്കു വരച്ച ബോട്ടണി റെക്കാഡുകളുമൊക്കെ ഞങ്ങളെ കാണിച്ചു തന്നു. ഇരുട്ടിത്തുടങ്ങിയപ്പോഴേ നല്ല നിലാവുണ്ടായിരുന്നു.

അത്താഴം എട്ടു മണിയ്ക്കു തന്നെ വിളമ്പി. വളരെ ചെറുപ്പമായ രജനിയെ നോക്കി ഞങ്ങള്‍ മുറ്റത്തിരുന്നു. പിന്നെ, നല്ല നിലാവില്‍ അവന്റെ തൊടിയ്ക്കു മുമ്പിലുള്ള പാടത്തു കൂടി നടക്കാനിറങ്ങി.

നിലാവു കണ്ടു മതിമറന്ന അബ്ദുള്ളക്കുട്ടിയുടെ ആപ്തവചനങ്ങളുടെ കെട്ടഴിഞ്ഞു. ടിയാനു ചിലപ്പോഴൊക്കെ അങ്ങിനെ ഒലിച്ചിറങ്ങാറുണ്ട്!
‘വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം..”

കൊട്ടേഷന്‍ തീരുന്നതോടെ ‘പിധിം’ എന്നൊരു ശബ്ദം കേട്ടു ഞാനും അരവിന്ദനും തിരിഞ്ഞു നോക്കി. അബ്ദുല്ലക്കുട്ടിയെ കാണനില്ല.
കവുങ്ങിന്‍ തോട്ടത്തിനിടയിലേയ്ക്കു ഒളിച്ചിറങ്ങുന്ന നിലാവെട്ടത്തില്‍
ഭൂമിയിലൊരിടത്തൊരിളക്കം കണ്ടു. നല്ല ബൌളറും ഫീല്‍ഡറുമായ അരവിന്ദന്‍ ക്രിക്കറ്റ് ബാളിന്നരികിലേയ്ക്കെന്ന പോ‍ലെ ഓടുന്നതു കണ്ടു ഞാനും കൂടെ ഓടി.

നിലത്തു ഒരു തല മാത്രം തലങ്ങും വിലങ്ങും തിരിഞ്ഞു കളിയ്ക്കുന്നതു കണ്ടൂ. പാവം അബ്ദുല്ലക്കുട്ടിയെ തമസ്സു ചതിച്ചതായിരുന്നു. തെങ്ങിന്‍ തൈ നടാന്‍ ആഴത്തില്‍ കുഴിച്ച കുഴിയില്‍ ചപ്പും ചവറും ചാണകവും നിറച്ചിരുന്നിടത്തു ആപ്തവചനത്തോടെ വിസിറ്റു ചെയ്ത അബ്ദുല്ലക്കുട്ടിയെ ഞങ്ങള്‍ ഏലോ ഏലേലോ പറഞ്ഞു ഭൌമ പ്രതലത്തിലെത്തിച്ചു.
പിന്നെ പന്ത്രണ്ടര മണിയുടെ മലബാര്‍ എക്സ്പ്രസ്സു പോകുന്നതുവരെ ധര്‍മ്മടം റെയില്‍ പാളത്തിലിരുന്നു.

രാവിലെ വിഷുക്കണികാണാന്‍ കണ്ണൂചിമ്മി സൂക്ഷിച്ചു കോണിയിറങ്ങാന്‍ അരവിന്ദന്‍ സഹായിച്ചു.

കിഴക്കുണരും സൂര്യന്റെ നിറച്ചാര്‍ത്ത് അബ്ദുല്ലക്കുട്ടിയുടെ തൊലിപ്പുറത്തും
അങ്ങിങ്ങായി ഉണ്ടായിരുന്നതായി ഞാന്‍ ഈ വിഷുത്തലേന്നും ഓര്‍ക്കുന്നു.


Lath


latheefs.blogspot.com




Tuesday, April 8, 2008

വരൂ...


നല്ലൊരു ചായ കുടിച്ചാലുള്ള സുഖം...

ഹാ...!


വരൂ ബ്ലോഗരെ,

ഒരു ചായ കുടിച്ചിട്ടു പോകാം.


lath

latheefs.blogspot.com


Sunday, March 30, 2008

ബൂലോകരുടെ കൂടിക്കാഴ്ച..


































കണ്ണോരം കുറേ ബൂലോകര്‍ കൂടിനിന്നപ്പോള്‍ എന്റെ റിനുവിനും ഫെനുവിനും ഒരു സംശയം!

“പപ്പാക്കെവിടുന്നാ പെട്ടെന്നൊരു ദിവസം ഇത്രയധികം ഫ്രന്‍ഡ്സിനെ കിട്ട്യേത്”.....

ചോദ്യത്തിനുത്തരം ഒരു അഭിമാനമായി എന്റെ ഉള്ളില്‍ തലപൊക്കി.
അതൊരുപദേശമാക്കി ഞാനവര്‍ക്കു പറഞ്ഞുകൊടുത്തു.

‘ഒഴിവു സമയങ്ങളില്‍ നിങ്ങള്‍ക്കു തോന്നുന്നതെന്തെങ്കിലും എഴുതിവെച്ചു
വായന ഇഷ്ടപ്പെടുന്നവരുടെ മുമ്പിലെത്തിച്ചു ഒളിഞ്ഞു നോക്കുക.....ചിലരൊക്കെ കണ്ണുരുട്ടും. എന്നാലും നിറുത്തരുത്. കുറേയാകുമ്പോള്‍ പണ്ടാരം ഇതൊന്നു വായിച്ചു നോക്കാമെന്നു
ആരെങ്കിലും കരുതിയാല്‍, ഒരു അഭിപ്രായം കിട്ടാന്‍ സാദ്ധ്യതയുണ്ട്. നന്നായില്ല, എന്താ ഇത്, ഇനി എഴുതരുതെ...എന്നൊക്കെ ആയിരിയ്ക്കും പ്രതികരണം. അപ്പോള്‍ വീണ്ടും നന്നാക്കി എഴുതാന്‍ തോന്നും, തോന്നണം. ആദ്യം വായിച്ചവര്‍ ചിലപ്പോള്‍ വീണ്ടും, അല്ലെങ്കില്‍ പുതിയവരെങ്കിലും പിന്നെ വായിച്ചെന്നിരിയ്ക്കും.....അങ്ങനെ നമ്മളെഴുതുന്നത് വായിക്കുന്ന കുറേ കൂട്ടരുണ്ടാകും...അവരുടെയടുക്കല്‍ നിന്നും കുറേ പുതിയ അറിവും കിട്ടും....പിന്നെ നല്ല സൌഹൃദവും....
ഞങ്ങളെല്ലാം അതുപോലെ പരസ്പരം വായിച്ചവരാണ്. ഇപ്പോളിതാ നേരില്‍ കാണാനുള്ള സൌഭാഗ്യവും...

നിങ്ങള്‍ക്കും ഇതുപോലെ എഴുത്തിലൂടെയും വായനയിലൂടേയും കൂറെ ചങ്ങാതിമാരെ സമ്പാദിക്കാം...’
റിനുവും ഫെനുവും മനസ്സിലായെന്നു തലയാട്ടി.

നല്ല കൂട്ടായ്മ!

എനിയ്ക്കു പെട്ടെന്നു പോരേണ്ടി വന്നത് മ്മിണി കഷ്ടായി. ആരൊക്കെ എന്തൊക്കെ കോപ്രാട്ടിത്തരം കാണിക്കുന്നുണ്ടെന്നു കാണണമെന്നുണ്ടായിരുന്നു.
മൂന്നു മണിയ്ക്കു തന്നെ ഹാജരാവാന്‍ പുറപ്പെട്ടു; മ്മടെ ദുബായിയുടെ സ്ഥിതിയല്ലെ? സമയം എവിടെ പോയതെന്നറിഞ്ഞില്ല. കായല്‍ക്കര തോട്ടത്തിന്റെ രണ്ടാം കവാടം തേടി പിടിച്ചപ്പോള്‍ മണി മൂന്നര. പിന്നെ പരുന്തിനെ പോലെ ഞാനും മച്ചുനനും (ബൈജു സുല്‍ത്താന്‍) ഏഴെട്ടു തവണ കറങ്ങി, ഒരു നില്‍ക്കക്കള്ളി കിട്ടാന്‍.

വേണ്ടുന്നതിനും വേണ്ടാത്തതിനും വന്നവരുടെ കാറുകളുടെ കൂമ്പാരം. എവിടെ നിര്‍ത്തും?.....

ഒരിടത്തൊതുക്കി തോട്ടത്തില്‍ കടന്നപ്പോ മുമ്പും പിമ്പും മാറിപ്പോയ അങ്കലാപ്പ്. ഞങ്ങളുടെ മുന്‍ഭാഗമാണ് അഗ്രജന്റെ പിന്‍ഭാഗം എന്നു മനസ്സിലായപ്പോഴെയ്ക്കും മണി നാല്! മല്ലുമുഖങ്ങള്‍ കണ്ടു സംശയത്തോടെ ബൈജു പരന്നിരിയ്ക്കുന്ന ഒരാളുടെ ചെവിയില്‍ ചുണ്ടടുപ്പിച്ചു ആംഗലേയത്തില്‍ ചോദിച്ചു...“ആര്‍ യു ബ്ലോഗന്‍സ്..?”
മചുനന്‍ പെട്ടെന്നു ബൌണ്‍സ് ചെയ്യുന്നതു കണ്ടപ്പോഴെ ഞാന്‍ കരുതി ചോദ്യം വഴുതിപ്പോയെന്ന്...
പിന്നെയാണ് അഗ്രജന്റെ കുപ്പായം ആക്രിപ്പച്ചയാണെന്നും, നീലയും മഞ്ഞയും നിറമുള്ള കെട്ടിടത്തിന്റെ മുന്‍ വശമാണ് പിന്‍ വശമെന്നതും, പിന്‍ വശം മുന്‍ വശമാണെന്നുമൊക്കെയുള്ള തിരിച്ചറിവുണ്ടായത്....

കൂട്ടത്തില്‍ ചേര്‍ന്നപ്പോള്‍ മണി നാലര!
അതുകൊണ്ടു ഉള്ളവരുടെ മുമ്പിലൊക്കെ ഒന്നു ഹാജ്ജരായി സ്ഥലം വിടേണ്ടിവന്നു,
സര്‍വ്വ ബൂലോകരും ക്ഷമിയ്ക്കുക.

Lath.
latheefs.blogspot.com
drlathif@emirates.net.ae


















Monday, March 17, 2008

കണ്ണൂരിലെ സമാധാനത്തിന്...

click on the photo to enlarge


കൂട്ടരെ!

മനുഷ്യരെ ഇത്രത്തോളം

കഠിന ഹൃദയരാവാന്‍ സമ്മതിച്ചുകൂട...

പരസ്പരം അറുത്തും വെട്ടിയും

അറപ്പുതീരാത്തവര്‍...


നമ്മുടെ ഈ സമ്മേളനത്തിനു നേരെയും

അവരുടെ ആക്രമണം ഉണ്ടായേക്കാം,

വെടിയുണ്ടകളും കല്ലും എയ്തു,

കൊന്നു, കരിങ്കല്ലിലുരച്ചു മൂര്‍ച്ചകൂട്ടിയ കത്തികൊണ്ടു

നമ്മെ പോലുള്ളവരെ അറുത്തുമുറിച്ചു, മുളകു തേച്ചു

തിളച്ച എണ്ണയിലിട്ടു ആഹ്ലാദിച്ചു

അവര്‍ അടുത്ത മനുഷ്യനെ വെട്ടാനുള്ള

പരിശീലനം നേടുകയാണ്..


അതിനുമുമ്പ് സമാധാനത്തിന്റെ പ്രതീകമായി

കണ്ണൂരില്‍ നമുക്കൊരുമിച്ചു പറക്കാം..

“നിങ്ങള്‍ പരസ്പരം കൊല്ലരുത്

നിങ്ങളുടെ അയുധം വേണമെങ്കില്‍

ഞങ്ങള്‍ക്കു നേരെയാവാം

എന്നു കരഞ്ഞുകൊണ്ട്..”


Lath












Monday, March 3, 2008

വാശി

മുഹമ്മദിനു വയ്യാതായിരിയ്ക്കുന്നു.
താടിയും മുടിയുമൊക്കെ ഇങ്ങനെ കറുത്തിരിയ്ക്കുന്നത് നോക്കേണ്ട. അത്ര പെട്ടെന്നു നരയ്ക്കുന്ന പാരമ്പര്യം അല്ല.

ദേഹത്തിനു, പക്ഷെ നര തുടങ്ങിയിരിയ്ക്കുന്നുവെന്നത് ചെറുതായി വേദനിപ്പിയ്ക്കുന്നു. തലയും താടിയും നരച്ചാലും വേണ്ടിയില്ലായിരുന്നു. ദേഹത്തിനല്ലെ ശക്തി വേണ്ടത്?

നാട്ടില്‍ പോയി ചികിത്സിയ്ക്കാന്‍ ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല. ഇവിടെ മതി. കുറച്ചു കാലം കൂടി. അതൊരു വാശിയാണ്.

വരുമ്പോഴുള്ള പ്രായവും ഇവിടെ കഴിച്ചുകൂട്ടിയ മൂന്നര പതിറ്റാണ്ടും കൂട്ടിയായല്‍ ഇപ്പോള്‍ അമ്പത്തിയാറ് വയസ്സായി.

പത്തു കൊല്ലം മുമ്പ് ഒരിയ്ക്കല്‍ കാന്‍സലടിച്ചു വിട്ടതാണ്.
കാര്യമായ അപരാധമൊന്നും ചെയ്തിട്ടല്ല. അന്നു ട്രക്ക് ഡ്രൈവറായിരുന്നു. ചെറിയ വണ്ടിയെ മറികടക്കുമ്പോള്‍ പോലീസ് പിടിച്ചു, വിസ റദ്ദാക്കി നാട്ടിലയച്ചു.

ഉടനെ ഒരു വിസിറ്റ് വിസയെങ്കിലും തരപ്പെടുത്താതെ രക്ഷയില്ലാതായി. നല്ലൊരു അറബിയുടെ സഹായത്താല്‍ ചെറുതെങ്കിലും പിന്നെയും ജോലിയുള്ള വിസയടിച്ചു.

ഒരോ പോക്കുവരവിലും ഒരുപാടു ശൂന്യത നേടി. അതിന്റെ വല്ലാത്ത കനം നെഞ്ചിലുണ്ടെന്നു ഇതുവരെ ആരെയും അറിയിച്ചിട്ടില്ല.

ഒരിയ്ക്കല്‍ നാട്ടിലേയ്ക്കു പോകുമ്പോള്‍ പഴയ ക്യാന്‍സലേഷന്റെ എന്തൊ സൂചന കമ്പ്യൂട്ടറിലുള്ളതുകൊണ്ട് ഷാര്‍ജ വിമാനത്താവളത്തില്‍ പിടിച്ചു വെച്ചു. രണ്ടാമത്തെ മകളുടെ കല്യാണത്തിനു പോകുന്നതായതിനാല്‍ മനസ്സൊന്നു പിടഞ്ഞു. അന്നെന്തൊക്കെയോ പറഞ്ഞെന്നു ഓര്‍മ്മയില്ല. ദയവു തോന്നിയ പോലീസ് ഓഫീസര്‍ കടത്തിവിട്ടു.

കല്യാണം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഇവിടെ വീണ്ടും പിടിച്ചു. ആദ്യം ക്യാന്‍സല്‍ ചെയ്തപ്പോള്‍ ഫിങ്കര്‍ പ്രിന്റ് കൊടുത്തിട്ടില്ലെന്നതാണ് തെറ്റ്. മഗ്രിബ് ബാങ്ക് കൊടുക്കുമ്പോള്‍ തുടങ്ങിയ കാത്തിരുപ്പു രാത്രി പതിനൊന്നുമണിവരെ. ഡ്യൂട്ടി മാറി വന്ന പോലീസ് കാരന്‍ പാസ്പോര്‍ട്ട് വാങ്ങിവെച്ചു അടുത്ത ദിവസം രാവിലെ സ്പോണ്‍സറിനെയും കൊണ്ടുവന്നു കാര്യങ്ങളൊക്കെ ശരിപ്പെടുത്തണമെന്ന നിബന്ധനയോടെ വിട്ടയച്ചു.

പത്തു കൊല്ലം മുമ്പുള്ള കേസിനെ പിന്തുടര്‍ന്നാല്‍ പ്രശ്നം വീണ്ടും സങ്കീര്‍ണ്ണമാകുമെന്നു പറഞ്ഞു സ്പോണ്‍സര്‍ സ്വാധീനം ചെലുത്തി പാസ്പോര്‍ട്ട് തിരിച്ചു വാങ്ങിച്ചു. രണ്ടു മാസം കഴിഞ്ഞു വിസ മൂന്നു വര്‍ഷത്തെയ്ക്ക് വീണ്ടും പുതുക്കി. ഇപ്പോള്‍ നാട്ടില്‍ പോകാനൊരുങ്ങിയാല്‍ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കും.

ഇളയ മകള്‍ ഡിഗ്രിയ്ക്കു ഒന്നാം കൊല്ലമാണ്. അവളുടെ കോഴ്സു കഴിഞ്ഞു ഒരു കല്യാണക്കാര്യം ഉറപ്പിച്ചിട്ടു വേണം ക്യാന്‍സല്‍ ചെയ്തു പോകാന്‍. അതൊരു വാശിയാ.
അതുവരെയെങ്കിലും ഈ തടി ഉലയാതെ നോക്കണം.


Lath.

Monday, February 25, 2008

ഗഗനയാനത്തിനൊരുങ്ങവെ...


നമുക്കും എന്താ ആയിക്കൂടെ
ചിറക്...
മോഹച്ചിറക് വിടര്‍ത്താന്‍, പക്ഷെ ഒരുമ്പെട്ടാല്‍
തല ഉടലിലാവരുതെ.....

Lath

Monday, February 18, 2008

പട്ടാണി ബഡായി

കുറെ ടാക്സികള്‍ക്കു കൈ കാട്ടി മടുത്തു നില്‍ക്കെയാണ് അയാള്‍ മുന്നില്‍ വന്നു നിര്‍ത്തിയത്. ഞാന്‍ കൈ പൊക്കുന്നതും താഴ്ത്തുന്നതുമൊക്കെ അയാള്‍ ദൂരെ നിന്നും കണ്ടിട്ടുണ്ടാവണം.

“ആയിയെ സാബ്”

ഡ്രൈവര്‍ സീറ്റില്‍ നിന്നും എത്തിവലിഞ്ഞു വാതില്‍ തുറന്നു തന്നു പട്ടാണി സ്വാഗതം ചെയ്തു.

ഒരു സ്റ്റാന്‍ഡേര്‍ഡ് പട്ടാണിയുടെ കാറില്‍ കയറാന്‍ കഴിഞ്ഞ സന്തോഷം എന്റെ മുഖത്തു നിഴലിക്കുന്നതു അയാള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നി.

പെട്ടെന്നു കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു.

കാറോടിച്ചു കൊണ്ടിരിയ്ക്കെ അയാള്‍ ഇടതു കാല്‍ ഡാഷ് ബോര്‍ഡില്‍ കയറ്റിവെച്ചു, സ്റ്റിയറിങ്ങിന്റെ ഇടയിലൂടെ കൈകള്‍ തിരുകി ‘നിസ്വ്വാര്‍’ പൊതി കെട്ടഴിച്ചു. ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന പസ്തു പാട്ട് ഉച്ചത്തില്‍ പാടിത്തുടങ്ങി.

സിറ്റി ടക്സിയിലെ ഡ്രൈവര്‍മാരുടെ സ്വഭാവത്തിനു മാര്‍ക്കിട്ട് അധികാരികളെ വിളിച്ചു പറയാനുള്ള ഫോണ്‍ നമ്പര്‍ ഇയാളുടെ കാറിന്റെ പിന്നിലും വലിയ അക്ഷരത്തില്‍ പതിച്ചിട്ടുണ്ട്!

ആരോടു പറയാന്‍. പട്ടാണി ടൈ കെട്ടിയാലും പട്ടാണിതന്നെ!

ഞാന്‍ സഹിച്ചിരുന്നു. എങ്ങിനെയെങ്കിലും വര്‍ക്ക്ഷോപ്പിലെത്തിച്ചാല്‍ കാറെടുത്തു വേഗം ജോലിയ്ക്കു പോകാമെന്നായിരുന്നു എന്റെ ചിന്ത.

“ആപ് ക്യാ സോച് രഹാഹെ”

നിസ്വ്വാര്‍ മോണയ്ക്കിടയില്‍ കുത്തിത്തിരുകി ഇടങ്കണ്ണിട്ടെന്നെ നോക്കി ഒരു ചോദ്യം. ഞാനൊന്നും മിണ്ടിയില്ല. സംസാരിയ്ക്കാന്‍ തുടങ്ങിയാല്‍ അയാളെന്റെ അണ്ടകടാഹം ഇളക്കും. പട്ടാണികളുടെ കാറില്‍ കയറിയപ്പോഴൊക്കെയുണ്ടായ മുന്‍ അനുഭവം അതായിരുന്നു.

“ആപ് ഖുശി നഹി ഹെ സാബ്...?”..ആക്സിലേറ്റര്‍ ഒന്നുകൂടിയമര്‍ത്തി അടുത്ത ചോദ്യം...

ഞാനൊന്നു പുഞ്ചിരിച്ചു കാണിച്ചു. ഭംഗിയില്ലാത്ത ചിരി കണ്ടെങ്കിലും സംസാരം നിര്‍ത്തിയെങ്കില്‍ എന്നു കരുതി.

“ദൂസരോം കൊ ഖുശി ദേനാ അച്ചാ ഹെ”....
സാംഗത്യം എനിയ്ക്കു തീരെ പിടികിട്ടാത്ത ഒരു സ്റ്റേറ്റ്മെന്റ്!

എന്റെ പുഞ്ചിരിയുടെ സ്റ്റൈല്‍ മാറ്റി മന്ദഹാസമാക്കി. രണ്ടും ഒന്നു തന്നെ. പാട്ടാണി വല്ല വ്യത്യാസവും കണ്ടു പുറം തിരിഞ്ഞിരുന്നാലോ എന്നു സന്തോഷിച്ചു.

കാറ് അയാള്‍ പെട്ടെന്നു പെട്രോള്‍ പമ്പിലേയ്ക്കു തിരിച്ചു.

“ആവോ സാബ്, ആവോ..പെട്രോള്‍ ഭരോ....”

ചില്ലു താഴ്ത്തി അപ്പുറത്തു നിന്നിരുന്ന ബംഗാളി ചെക്കനെ കൈ കാട്ടി വിളിച്ചു പറഞ്ഞു അയാള്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

ഓടി വന്നു പെട്രോള്‍ നിറക്കാന്‍ തുടങ്ങിയ ബംഗാളിയുടെ മുഖത്തും ചെറു പുഞ്ചിരി കണ്ടു.

“ദേഖോ ഇത്നാ ഖുശി ഹെ വോ...
ക്യോം? മാലൂം?
മെ ഉസ്കോ സാബ് ബുലായാ...ഇസ്ലിയെ..
ദൂസരോം കൊ ഖുശി ദേനാ അച്ചാ ഹെ... ന?”

സാബ് വിളി മൂപ്പരുടെ തുരുപ്പൂ ചീട്ടാണെന്നു എനിയ്ക്കു പിടികിട്ടി. എന്നെ സന്തോഷിപ്പിക്കാനും മൂപ്പര്‍ അതാണ് ആദ്യം ഉപയോഗിച്ചതെന്നു ധ്വനി!


അയാളില്‍ ഈശ്വരന്‍ ഒരു സ്പ്രിങ്ങ് കൂടി ഘടിപ്പിച്ചിട്ടുണ്ടോ എന്നു തോന്നി. അത്രയ്ക്കും അസ്വസ്ഥനായ തരത്തിലാണു അയാള്‍ സരസനാണെന്നു തോന്നിപ്പിയ്ക്കാന്‍ ഒരോന്നു കാട്ടിക്കൂട്ടിയത്.


പെട്രോള്‍ അടിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ബംഗാളിയ്ക്കു പണം എടുക്കാനുള്ള കാര്‍ഡ് കൊടുത്തു. അവനതുമായി അപ്പുറത്തുള്ള മെഷ്യനില്‍ പോയി സ്വീപ് ചെയ്യുമ്പോള്‍ പട്ടാണിയുടെ അടുത്ത ബഹളം!

യെ ക്യാ ഹെ...? പെട്രോള്‍ ഇധര്‍ ഹെ...
പൈസാ ഉധര്‍ ഹെ...
ബാത്ത് റൂം ബെഡ് റൂം മെ ഹെ...!


വിശാലമായ ഭൂതലത്തിലെ സൌകര്യം ആധുനിക യുഗത്തില്‍ കിടക്കമുറിയിലേയ്ക്കു മാറ്റിയതില്‍ പട്ടാണിയ്ക്കു വല്ലാത്ത കുണ്ഠിതമുണ്ടെന്നെനിയ്ക്കു തോന്നാതിരുന്നില്ല.


വീണ്ടും അയാളുടെ കൂടെ സഞ്ചാരം തുടര്‍ന്നു.


ഗ്യരേജിനടുത്തു നിര്‍ത്തിയപ്പോള്‍ അയാള്‍ക്കു കണ്‍ക്ലൂഡ് ചെയ്യാനുള്ളതു കൂടി കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു.


“മേരാ സിര്‍ ബഹൂത് ഭാരി ലഗ്ത്താഹെ...”

ഇത്തവണ ഒരു സ്ങ്കടം പറച്ചിലായിരുന്നു.


“ശായദ് ടെന്‍ഷന്‍സെ ഹെ...” ഇറങ്ങുമ്പോഴെങ്കിലും എന്തെങ്കിലും ഉരിയാടണ്ടേ
എന്നു കരുതി പൈസ കൊടുത്തു കൊണ്ടു ഞാന്‍ സംശയം പറഞ്ഞു.


“സഹീ ഹെ....ആപ് സഹീ ബോലാ....
യെ ദുനിയാമെ ജൊ കുച് ഫ്രീ മില്‍ത്താ ഹെ
വോ ടെന്‍ഷന്‍ ഹെ...! ബാക്കി പൂരാ പൈസാ കാ ഊപ്പര്‍ ഹെ...
യെ ‘ടെന്‍ഷ്ന്‍ ഫ്രീ’ കണ്ട്രീ ഹെ....!


പട്ടാണിയുടെ തിരിച്ചറിവിനെ ബഹുമാനിച്ചു ഞാനയാളുടെ പഴയ കുതൂഹലങ്ങളൊക്കെ മാപ്പര്‍ഹിക്കുന്ന കണക്കിലെഴുതി.



Lath

Wednesday, February 13, 2008

മുത്തശ്ശിക്കഥ

മുത്തശ്ശിക്കഥ പറഞ്ഞുറക്കാം…
മുത്തം തന്നുണര്‍ത്താം ഞാന്‍…
മാലാഖമാരുടെ കഥ വേണോ
മഗ്ദലന മറിയത്തിന്‍ കഥ വേണോ…

മനസ്സില്‍ നിന്നു മായാത്ത വരികളും ഈണവും..

അശ്രു ബിന്ദുക്കളെന്തിനോ എന്റെ കണ്ണടയ്ക്കു പിന്നില്‍ നിന്നും ഉതിര്‍ന്നു വീണു. ബാല്യം നഷ്ടമായതില്‍, പിന്നെ ചങ്കിലൊരു കനം.

പെട്ടെന്ന് എത്തരുതെന്നു കരുതി കാറിന്റെ വേഗത കുറ്ച്ചു റേഡിയൊ ഒന്നുകൂടി ഉച്ചത്തിലാക്കി.

ആ നാദ തരംഗങ്ങളിലൂടെ ഞാനവിടെയെത്തി! എന്റെ ബാല്യത്തില്‍, വീണ്ടുമെന്നപോലെ!

ആദ്യം വാങ്ങിയ രണ്ട് ബാന്റ് ഫിലിപ്സ് ട്രാന്‍സിസ്റ്റര്‍ റേഡിയോക്കഭിമുഖമായി താഴെ കമഴ്ന്നു കിടന്നു രാത്രി ഏഴരയ്ക്കുള്ള ‘നിങ്ങളാവശ്യപ്പെട്ട ചലചിത്ര ഗാനങ്ങള്‍’ കേള്‍ക്കുന്നു.

നാല് പെങ്ങന്മാരുടെ ആദ്യത്തെ ആങ്ങള എന്ന പരിഗണന വേണ്ടുവോളം!

പാട്ടു കഴിഞ്ഞു, ആവി പറക്കുന്ന ചോറ് മൂത്ത പെങ്ങള്‍ വാരിത്തന്നു. ഫ്രിഡ്ജും മൈക്രൊവേവ് ഓവണും ഒന്നുമില്ലാത്ത കാലത്തെ ഫ്രഷ് ഫുഡ്. കോലായത്തിണ്ടില്‍ കാലും നീട്ടി വെറ്റിലക്കൂട്ട് പ്രതീക്ഷിച്ചിരിയ്ക്കുന്ന ഉമ്മാമയുടെ (ഉപ്പയുടെ ഉമ്മയെ വിളിച്ചിരുന്നത്) മടിയില്‍ പിന്നെ തലവെച്ചു കിടന്നു, തല തടവി ഉറക്കുന്നതും കാത്ത്.

പെണ്ണുങ്ങളുടെ ഹോബിയായ പേനെടുക്കല്‍ പ്രക്രിയയുടെ ഭാഗമായി അവര്‍ ചെന്നിയിലെ ചെറിയ മുടി വലിയ്ക്കുമ്പോഴുണ്ടാകുന്ന സുഖമുള്ള നോവില്‍ മേലാകെ കോരിത്തരിച്ചു ഞാനുറങ്ങാന്‍ തുടങ്ങി…

ഈ ചെക്കനിതാ ഉറങ്ങുന്നു….കൊണ്ടുപോയി കിടത്തിക്കോ…

ഞാനൊന്നു മുരണ്ടു, നിഷേധ ഭാവത്തില്‍…
കഥകളുടെ കെട്ടഴിക്കണമെന്നാണ് ആ‍ നിഷേധത്തിനര്‍ത്ഥം.
പല്ലില്ലാത്ത മോണയിലിട്ടു ചവയ്ക്കാനുള്ള മുറുക്കാന്‍ രണ്ടാമത്തെ പെങ്ങള്‍ കുത്തിക്കൊണ്ടു വന്നു …

അതവളുടെ ഡ്യൂട്ടി.

വെറ്റിലക്കൂട്ടിന്റെ ലഹരിയില്‍ കഥയുടെ കെട്ടുപൊട്ടി!

പണ്ട്, പണ്ടു പണ്ടു പണ്ട്…..

ഒരു ആന്റിക് മൂഡ് ക്രിയേറ്റു ചെയ്തു കൊണ്ടാണ് കഥ തുടങ്ങിയത്.

ഊം…..

ഉറങ്ങിയിട്ടില്ലെന്നറിയിയ്ക്കാന്‍ ഞാന്‍ ഇടയ്ക്കു മൂളണം!

പണ്ടു പണ്ട് ഒരു പൂച്ചമ്മാമയുണ്ടായിരുന്നു. അതിനെ ഒരു കാടന്‍ പൂച്ച കെട്ടി. തെങ്ങിന്മേല്‍ ഉയരത്തിലായി അപ്പുറത്തും ഇപ്പൊറത്തും തിരിച്ചു വെച്ചു കോളാമ്പി കെട്ടി നല്ല നല്ല പാട്ടൊക്കെ വെച്ചിരുന്നു കല്യാണത്തിന്.

ആ പാട്ട് ഇങ്ങോട്ടൊക്കെ കേക്ക്വായിരുന്നോ…

പിന്നെ…? ഉസാറായി!

കാസലൈറ്റും, മുട്ടുംവിളിയും ലങ്കി മറീണെ കില്ലയുമൊക്കെയുള്ള മാലയിട്ടാണ് പുത്യാപ്ല വന്നത്….

കുറച്ചു കാലം കഴിഞ്ഞു പൂച്ചമ്മാമയുടെ വയറ്റില്‍ കുട്ട്യേളുണ്ടായി..

അതെങ്ങനെ?

അങ്ങനെയങ്ങനെ ഉണ്ടായി…

കാടന്‍ പൂച്ച തന്നിഷ്ടക്കാരനായിരുന്നു. രാത്രി കറങ്ങും, പകലുറങ്ങും.

പൂച്ചമ്മാമ രാവിലെ എഴുന്നേറ്റു പാറപ്പുറത്തു പോയി കാലുകള്‍ നീട്ടി മേലൊക്കെ നക്കിത്തൊടച്ച് കെടക്കും…

അതെന്തിനാ..

പെറുമ്പോളേക്കും ഒരു വീടുണ്ടാക്കണതെങ്ങനെ എന്നാലോചിച്ചു കെടക്ക്വായിരിക്കും. കാടന്‍ പൂച്ച പോക്കിരിയായി നടക്ക്വല്ലേ?. പാവം പൂച്ചമ്മാമ വേണം എല്ലാത്തിനും.

ഒരീസം അങ്ങനെ കെടക്കുമ്പം ഒരു വെറ്റില കച്ചോടക്കാരന്‍ അതിലേ പോകുന്നുണ്ടായിരുന്നു.

വെറ്റില വേണോ……..വെറ്റില…..?

വാ….വാ…വാ… പൂച്ചമ്മാമ അയാളെ വിളിച്ചു.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു വെറ്റില തരോ….

അയാള്‍ കുറേ വെറ്റില കൊടുത്തു…പൂച്ചമ്മാമ അതു പാത്തു വെച്ചു.

അതെന്താ തിന്നാഞ്ഞ്…?

അതൊരാവശ്യത്തിനു വെച്ചതാ…

പിറ്റേന്നും രാവിലെ പൂച്ചമ്മാമ അവിടെ വന്നു കിടന്നു.

അടക്ക വേണോ…അടക്ക അടക്ക….
അന്നൊരു അടക്കാ കച്ചോടക്കാരനായിരുന്നു അതുവഴി പോയിരുന്നത്.

വാ….വാ…വാ… പൂച്ചമ്മാമ അയാളെയും വിളിച്ചുവരുത്തി.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു അടക്ക തരോ…

അയാള്‍ കുറേ അടക്ക കൊടുത്തു…പൂച്ചമ്മാമ അതും പാത്തു വെച്ചു.

അതും എന്താ തിന്നാഞ്ഞ്…?

അതുമൊരാവശ്യത്തിനു വെച്ചതാ…..പിന്നെ കഥേല് ചോദ്യല്യ ട്ടോ…

ഊം…..
ആകാംക്ഷകൊണ്ട് എന്റെയുറക്കം പോയി.

അടുത്ത ദിവസം രാവിലേയും പൂച്ചമ്മാമ പാറപ്പുറത്തു കിടക്കുമ്പോള്‍ ഒരു പുകയില കച്ചോടക്കാരനായിരുന്നു പോയിരുന്നത്.

പുകയില വേണോ പുകയില……അയാള്‍ വിളിച്ചു കൂവിയിരുന്നു.

വാ….വാ…വാ… പൂച്ചമ്മാമ അയാളെയും വിളിച്ചുവരുത്തി.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു പുകയില തരോ…

അയാള്‍ കുറേ പുകയില കൊടുത്തു…പൂച്ചമ്മാമ അതും പാത്തു വെച്ചു.

പിറ്റേ ദിവസം പോയിരുന്നതു ഒരു ചുണ്ണാമ്പ് കച്ചോടക്കാരനായിരുന്നു, ചുണ്ണമ്പു വേണോ ചുണ്ണാമ്പ് എന്നു ചോദിച്ചുകൊണ്ട്.

വാ….വാ…വാ… പൂച്ചമ്മാമ അയാളെയും വിളിച്ചുവരുത്തി.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു ചുണ്ണാമ്പ് തരോ…

അയാള്‍ കുറേ ചുണ്ണാമ്പ് കൊടുത്തു…പൂച്ചമ്മാമ അതും പാത്തു വെച്ചു.

ഈ പൂച്ചമ്മാമയ്ക്ക് എല്ലാവരും എല്ലാം വെറുതെ കൊടുത്തതാ?

ങ്ആ… പാവം പള്ളേലുള്ള പൂച്ചമ്മാമയെ എല്ലാരും സഹായിച്ചു.

അടുത്ത ദിവസം അതിരാവിലെ എണീറ്റു പൂച്ചമ്മാമ അടക്കകൊണ്ട് തറകെട്ടി, പിന്നെ അടക്കാക്കഷണം അടുക്കിവെച്ചു ചുമരും ഉണ്ടാക്കി. അതിന്റെ മേലെ നീണ്ട പുകയിലത്തണ്ടുകള്‍ ഉത്തരവും വിട്ടവുമൊക്കെ പോലെ വെച്ചു. വെറ്റിലകൊണ്ടു മേലെ വിരിച്ചു. അവിടുന്നും ഇവിടുന്നും കുറേ മണ്ണു മാന്തി വെള്ളം കൂട്ടിക്കുഴച്ചു ചുമരു തേച്ചു. കുറച്ചു ദിവസം കഴിഞ്ഞു ചുമരുണങ്ങിയപ്പോള്‍ ചുണ്ണാമ്പു കലക്കി വെള്ള പൂശി. അങ്ങനെ പാറപ്പുറത്ത് പൂച്ചമ്മാമയുടെ സ്വന്തം വീടുണ്ടായി.

ഒരു ദിവസം പൂച്ചമ്മാമ ആ വീട്ടില്‍ പെറ്റു. ഒറ്റ പേറില്‍ ആറു വെളുത്ത കുട്ടികള്‍. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിച്ചു ഒറങ്ങുമ്പോള്‍ കുറു കുറു, കുറു കുറു ഒച്ചയുണ്ടാകുന്ന്തു നാളെരാവിലെ പോയി നോക്ക്യാ കേക്കാം…

ഈ ചെക്കനിതാ ഉറങ്ങുന്നു….കൊണ്ടുപോയി കിടത്തിക്കോ…കഥ പറഞ്ഞു
എന്റെ തൊള്ള കടഞ്ഞു….

കട്ടിലിലേയ്ക്കെടുത്തു മാറ്റാന്‍ ഉമ്മയോ പെങ്ങന്മാരൊ വരും.

പോത്തു പോലത്തെ ചെക്കനെ ഇങ്ങനെ എടുത്തു പൊന്തിയ്ക്കണോ…വിളിച്ചു നടത്തിച്ചൂടേ……..

പാതിമയക്കത്തില്‍ അവരുടെ തോളില്‍ ചായുമ്പോള്‍ ഞാന്‍ അതും കേട്ടിരുന്നു.........

പിന്നില്‍ നിന്നും ഒരറബി ഹോണടിച്ചുണര്‍ത്തിയപ്പോഴാണ്
ഞാന്‍ സ്പീഡ് ട്രാക്കിലൂടെ വളരെ മെല്ലെയാണ് പോകുന്നത് എന്ന വെളിവുണ്ടായത്.

Lath

Monday, February 4, 2008

കാര്‍ശ്യം


കാര്‍ശ്യമേവ വരം സ്ഥൌല്യം

ന ഹി സ്ഥൂലസ്യ ഭേഷജം!


(മെലിഞ്ഞിരിയ്ക്കുന്നതാണ് ശ്രേഷ്ഠം, തടിച്ചവര്‍ക്കു മരുന്നില്ല)

എന്നതൊക്കെ ശരി തന്നെ.

തടി കുറക്കുവാന്‍ എന്തെല്ലാം കിട്ടാനുണ്ട് മാര്‍ക്കറ്റില്‍!

അതെല്ലാം കഴിച്ചു തടി കുറഞ്ഞവര്‍ കൈ പൊക്കുക,

പൊക്കുമ്പോള്‍ വെറുതെ ഒന്നു ചുറ്റുപാടും നോക്കുക, അധികമാരും പൊക്കിയിട്ടില്ലെങ്കില്‍ വേഗം താഴ്ത്തുക. എന്നിട്ട് കുറച്ചു മജ്ജയും മാംസവുമൊക്കെ എനിയ്ക്കു തന്നു സഹായിക്കുക.

തടിയ്ക്കാന്‍ എനിയ്ക്കു വല്ലാത്ത പൂതിയാണ്. വളരെ ചെറുപ്പത്തിലേ കൊണ്ടു വന്നതാണ് എന്നെ. ദുബായിലുള്ള ഒട്ടുമിക്കവരും തടിച്ചു കൊഴുത്തവരാണ്. കെന്റുക്കിയും, മാക്ഡൊണാള്‍ഡ്സും, സോസേജും, പിസയും, പെപ്സിയും, കോളയും തിന്നും കുടിച്ചും ചെറിയ പെണ്‍കുട്ടികള്‍ പോലും പുഷ്പിണികളാകുന്നു.

എന്റെ സ്ഥിതി കൃശത തന്നെ. വിസ റദ്ദാക്കി കിട്ടിയാല്‍ നാട്ടില്‍ പോകാമായിരുന്നു.
Lath

Sunday, January 27, 2008

ജി ലനാക്കോ യമിസി






(ഈ ലേഖനം വായിച്ചു തുടങ്ങുന്നതിനു മുമ്പ് ഞാന്‍ കുങ്കുമപ്പൂവിനെ പരിചയപ്പെടുത്തട്ടെ.


Botanical name: Crocus Sativus. Family: Iridaceae.


നമുക്ക് കിട്ടുന്നത്: പൂവിന്റെ കേസരം



Medicinal qualities: Anti carcinogenic, Antimutagenic, Immunomodulations, Reduce Blood pressure, Stimulate respiration, Sedative, Inhibition of human platelet aggregation, Pain reducer, Antispasmodic, Aphrodisiac, Appetizer, Emmenegogue (Stimulate menstruration) and Expectorant.

The Crocins and Carotenes conatined in Saffron is used in dying cotton and wool fabrics.)

ദുബായ് വാണിജ്യോത്സവത്തോടനുബന്ധിച്ചുള്ള കരിമരുന്നു പൊട്ടുന്നതു കാണാന്‍ ഞങ്ങളന്നു രണ്ടു തവണ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ കറങ്ങി. തണുപ്പില്‍ പുറത്തിറങ്ങാതെ കാറിലിരുന്നു തന്നെ ആകാശത്തു പൊട്ടുന്നതു കാണാമെന്ന സാമര്‍ത്ഥ്യം കാണിച്ചതാണ്.

ഫലമുണ്ടായില്ല. നേരത്തെ പൊട്ടിക്കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ ചമ്മി. പിന്നെ അബ്രക്കരികെയുള്ള കൂടാരങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ ബദുക്കളുടെയും പല നാട്ടുകാരുടെയും നൃത്തവും കലാപ്രകടനങ്ങളും അരങ്ങേറിയിരുന്നു.

ഇടതടവില്ലാത്ത താളമുറുക്കത്തിനോത്തു ഒരു സ്റ്റേജില്‍ തലയും നെഞ്ചും നിതംബവും കുലുക്കി കെനിയക്കാര്‍ നൃത്തം ചെയ്യുന്നതു കണാന്‍ കുറേ പേര്‍ കൂടിയിരുന്നു.

താളത്തിനോത്തു ചെറുതായി ചുവടുവെച്ചു ആവേശത്തോടെ സ്റ്റേജിന്റെ മുമ്പിലേയ്ക്കു കുതിച്ച എന്നെ ഒരു പോലീസുകാരന്‍ തടഞ്ഞു. പിന്നെ സകുടുംബമാണെന്നറിഞ്ഞപ്പോള്‍ കടത്തിവിട്ടു. കുറെയേറേ ആസ്വദിച്ച ശേഷം ഞങ്ങള്‍ മറ്റു കൂടാരത്തിലെയ്ക്കു നീങ്ങി.

ഒരു തായിലാന്റ് മാങ്ങ കഴിച്ചു തിരിച്ചു വന്നപ്പോള്‍ കെനിയക്കാരെ തട്ടിമാറ്റി ബദുക്കള്‍ സ്റ്റേജ് കയ്യടക്കുന്ന തിരക്കിലായിരുന്നു. അതുവരെ അവര്‍ താഴെ നിന്നായിരുന്നു കളിച്ചിരുന്നത്.

സ്റ്റേജില്‍ നിന്നിറങ്ങിയ കറുമ്പന്മാരുടെ കൂടെ ഞാനും നടന്നു. ഒരു കറുമ്പനേയും കറുമ്പിയേയും നിര്‍ത്തി ഫോട്ടോ എടുത്തു. അവര്‍ക്ക് ശ്ശ് പിടിച്ചു.

തലയില്‍ കൊട്ട കമഴ്ത്തി മുന്നില്‍ പോകുന്ന കറുമ്പിയെ ക്ലിക്കു ചെയ്യാന്‍ ഞാന്‍ എന്റെ പൊണ്ടാട്ടിയുടെ സമ്മതം വാങ്ങി വേഗത്തില്‍ നടന്നു അവളുടെ മുമ്പിലെത്തി, കാമറ കാട്ടി ആംഗ്യ ഭാഷയില്‍ ഫോട്ടോ എടുക്കാന്‍ അനുമതി ചോദിച്ചു. മുല്ലപ്പൂ നിറമുള്ള പല്ലുകാട്ടി ചിരിച്ചു കൊണ്ടു അവളുടനെ പോസു ചെയ്തു!

“നാനിജി ലനാക്കോ?” (എന്താ പേര്‍?)
വളരെ കുറച്ചു മാത്രം അറിയാവുന്ന സുഹൈലി ഭാഷയില്‍ ഞാന്‍ ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചു നോക്കിയതാണ്. അതു ഫലിച്ചു. വെടിമരുന്നു പൊട്ടുന്നത് കാണാന്‍ കഴിയാത്ത നിരാശ ഇവിടെ തീര്‍ന്നു.

“ജി ലനാക്കോ യമിസി” (എന്റെ പേര്‍ യമിസിയെന്നാണ്)
അല്‍ഭുതത്തോടെ അവള്‍ മറുപടി പറഞ്ഞു.

“ഉജാംബോ”? (സുഖമാണോ)
“ഷിജാംബോ” (സുഖമാണ്) എന്നവള്‍ ആനന്ദത്തോടെ പ്രതികരിച്ചപ്പോഴേയ്ക്കും അവരുടെ പക്കമേളക്കാര്‍ ഉപകരണങ്ങള്‍ താങ്ങി അടുത്തെത്തിയിരുന്നു.

യമിസി സുന്ദരിയാണ്, എണ്ണക്കൊഴുപ്പുള്ള കറുപ്പഴക്!

അവളെ കണ്ടു കുങ്കുമപ്പൂ പോലും നാണിച്ചെന്നു ദുബായില്‍ സര്‍വ്വത്ര കാണുന്ന പൂക്കള്‍ക്കിടയില്‍ സംസാരം. പൂമ്പാറ്റയുണ്ടല്ലോ അവരുടെയിടയില്‍ പരദൂഷണം പരത്താന്‍!

‘എത്ര പള്ളേലുള്ള പെണ്ണുങ്ങള്‍ പാലില്‍ കലക്ക്ക്കി കുടിച്ചിട്ടുണ്ട് കുങ്കുമപ്പൂ, വെളുത്ത കുട്ടിയെ പെറാന്‍!
എന്നിട്ടോ…..ഒടേതമ്പുരാന്‍ തരുന്ന നിറം! അല്ലാന്നു പറയാ‍ന്‍ പറ്റ്വോ..? യമിസിയെ കണ്ടോ?...എന്താ കറുപ്പ്! എന്നിട്ടെന്താ പോരായ്ക?...’

നാട്ടിലും കാട്ടിലും ഈ സംസാരം പരന്നത് ദുബായില്‍ വെച്ചു പിടിപ്പിച്ച പൂക്കളില്‍ നിന്നാണെന്നു ജെന്നി ഫ്ലവേഴ്സിന്റെ ബൊക്കയിലെ ഒരോര്‍ക്കിഡ് പൂവാണ് പറഞ്ഞത്.

മലയാളക്കരയില്‍ പിന്നെ അതങ്ങു പരന്നു….മല്ലൂസ്, പൂക്കളായാലും പരദൂഷണം നന്നായി കാതോര്‍ക്കുമല്ലോ!

പനനീര്‍പ്പൂവിന്റെ നെഞ്ചിലിരുന്നുകൊണ്ട് ഒരു തണുത്ത വെളുപ്പാന്‍ നേരത്തു കുങ്കുമപ്പൂവിന്റെ പൂമ്പൊടിയുമായ് വന്ന കരിവണ്ട്, നിറത്തിലെ സാമ്യം കൊണ്ടായിരിക്കാം യമിസിയുടെ ഭാഗത്തായിരുന്നു.

“ഞാനും ഈ ബീജം കുറെ പേറി നടന്നതാ. എന്റെ കാലിന്റെ ഒരറ്റം പോലും ഇതുവരെ നിറം മാറിയിട്ടില്ല, കരിങ്കറുപ്പ് തന്നെ. ഈ മനുജന്മാര്‍ക്കിതെന്തുപറ്റി?

ഗുണം കിട്ട്യേതെന്താന്നു വെച്ചാല്‍, കുങ്കുമപ്പൂവിന്റെ തേനു കുടിച്ചപ്പോള്‍ ഇത്തിരി ദഹനം കിട്ടുന്നുണ്ട്! അത്രെന്നെ!

പക്ഷെ, കാസര്‍ക്കോട്ടുകാരന്‍ ഒരു ഇച്ച നന്നായി പണം കൊയ്തൂന്നു കേള്‍ക്കുന്നു. പുള്ളിക്കാരന്‍ എം.ബി.എ (മോശമല്ലാത്ത ബിസിനസ്സ് അറിയുന്നവന്‍) ആണെന്നാണ് കേള്‍വി.

നാട്ടില്‍ രാഷ്ട്രീയക്കാര്‍ പുലഭ്യം വിളിച്ചു പറയാന്‍ കെട്ടുന്ന പന്തലില്‍ തോരണം ചാര്‍ത്തുന്ന കുങ്കുമനിറമുള്ള കടലാസ് ചെറുതായി അരിഞ്ഞു ഇത്തിരി കുങ്കുമപ്പൂവും ചേര്‍ത്തു ‘മെയ്ഡ് ഇന്‍ സ്പെയിന്‍’ ആക്കിയ ചെപ്പു മാര്‍ക്കറ്റില്‍ കിട്ടും. കല്യാണം കഴിഞ്ഞു ഭാര്യയെ നാട്ടിലാക്കി വരുന്ന കണവന്മാര്‍ അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞയുടനെ ഈ കുങ്കുമ ചെപ്പു കൊടുത്തയക്കുന്നു. കുങ്കുമ നിറമുള്ള വെളുത്ത(?) കുട്ടിയെ പെറാന്‍!

എന്നിട്ടെന്താവുന്നു?.. കുട്ടി പടച്ചോന്‍ ബ്രഷ് വീശിയ നിറത്തില്‍ തന്നെ പുറത്തു വരുന്നു. ഗുണം കിട്ടുന്നതെന്താന്നു വെച്ചാല്‍ കുട്ടി വലുതായല്‍ നല്ല പുലഭ്യം പറയുന്ന രാഷ്ട്രീയക്കാരനാകും...

യമിസിയുടെ നിറം പോരെ ഭംഗിയ്ക്ക്? അതുപോലൊന്നു ചിരിച്ചു ഫലിപ്പിക്കാന്‍ വെള്ളക്കാര്‍ക്കു പറ്റ്വോ..?

എന്റെ കുട്ട്യോള്‍ക്കും യമിസിയുടെ ചന്താ…” കരിവണ്ടിനു ആദ്യമായി പേഴ്സണാലിറ്റി തോന്നിത്തുടങ്ങി.

പിന്നെ ഈ കഥ പറഞ്ഞു പരത്താന്‍ കരിവണ്ട് അടുത്ത പൂവിന്റെ നെഞ്ചിലേക്കു മാറിയിരുന്നു.

വണ്ടിന്റെ കയ്യിലിരുപ്പറിഞ്ഞാല്‍ സുന്ദരിയായ യമിസി ആരും കേള്‍ക്കാതെ പറയും..

‘രാണ്ടാവ ന്‍മോ’ (വണ്ടാരാ മോന്‍?) എന്ന്!

എന്റെ സുഹൈലി ഭാഷാഞ്ജാനം തീര്‍ന്നതു കൊണ്ടു
യമിസിയുടെ ആത്മഗതം ഞാന്‍ മലയാളം തിരുച്ചെഴുതിയതാണ്. ക്ഷമിയ്ക്കുക.


Lath

Tuesday, January 22, 2008

മിസ്സിന്റെ റിങ്ങ്ടോണ്‍

ഹായ്! മിസ് മൊബൈല്‍സ്........

അവരെത്ര പേരാണെന്നോ!
പേരു കേള്‍ക്കുമ്പോള്‍ വിവിധ സമൂഹക്കാരാണെന്നു തോന്നുന്നില്ലേ..?

നോക്കിയ, മോട്ടോറോള (മലയാളി മുസ്ലിങ്ങള്‍)
ഐഫോണ്‍ (തമിഴത്തി പട്ടര്‍)
അല്‍ക്കാട്ടെല്‍ (ഹിന്ദു)
ഐമേറ്റ് (ഫിലിപെയ്നി കിസ്ന്യാനി*)
സാംസങ്ങ്, സീമന്‍സ് (യൂറോപ്യന്‍ കിസ്ന്യാനികള്‍)
സോണി എരിക്സണ്‍ (റഷ്യക്കാരി കിസ്ന്യാനി)

(* എന്റെ മരിച്ചുപോയ അയല്‍വാസി കുഞ്ഞാപ്പുക്കയോടു കടപ്പാട്. അദ്ദേഹം ആദ്യവും അവസാനവുമായി കണ്ട സിനിമയെപ്പറ്റി ചോദിച്ചപ്പോള്‍, ഒരു കിസ്ന്യാനി മുസ്ലീമിനെ സ്നേഹിച്ച കഥയാണെന്നാണു പറഞ്ഞത്.)

ഇവരോടുള്ള ലഹരി പതഞ്ഞു പൊങ്ങുമ്പോഴും ‘ഗെറ്റ് കണക്റ്റട്’ എന്ന ആംഗലേയാഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ ഒരു മടി കാണുന്നുണ്ട്, പലരിലും. എവിടെയോ മുറിഞ്ഞു പോകണമെന്നുള്ള ഒരു പ്രബോധനം എങ്ങിനെയൊക്കെയോ പരസ്യപ്പെട്ടുപോയ പോലെ! പണച്ചിലവാലോചിച്ചണ്.
അതുകൊണ്ട് ‘ഗിവ് എ മിസ്’ എന്നതാണ് എല്ലാവരുടേയും നയം.

ആസ്വദിച്ചും ആസ്വദിപ്പിച്ചും വേണ്ട പോലെ ഉപയോഗിച്ചാല്‍ സാമ്പത്തിക ലാഭം ‘ഇവളെ’ക്കൊണ്ടുറപ്പ്!. പ്രതീക്ഷിക്കാതെങ്ങാനും വിരലൊന്നുമുട്ടിയാല്‍ നഷ്ടം തന്നെ. പാരമ്പര്യമായി പിശുക്കിന്റെ ജീനുള്ളവര്‍ക്കു പിന്നെ ഉറക്കം കിട്ടാന്‍ പ്രയാസമാണ്.

ഇത്തരക്കാര്‍ കടം ചോദിക്കാനും മിസ്സേ അടിയ്ക്കു എന്നു പരദൂഷണം.

സ്നേഹം, സാമീപ്യം, ഓര്‍മ്മ എന്നിവയൊക്കെ മിസ്സിലൂടെ പങ്കുവെയ്ക്കണമെന്നുള്ളവര്‍ രണ്ടറ്റത്തും ഒരു അഡ്ജസ്റ്റ്മെന്റിലെത്തുന്നു.
ഓരോരുത്തരുടെയും പേരില്‍ ഒരു റിങ്ങ് ടോണ്‍ ‘അക്കൌണ്ട്!
പേഴ്സണലൈസേഷന്‍ എന്നു സായിപ്പിന്റെ ഭാഷ.

എന്തൊക്കെ കുതൂഹലങ്ങളാണ് ഇതിനുപയോഗിക്കുന്നത്! തെറി, അട്ടഹാസം, ആക്രോശം, രോദനം, പൈതല്‍-ചിരി, കുട്ടിക്കരച്ചില്‍, ഉഛ്വാസ നിശ്വാസങ്ങള്‍, ശുദ്ധ സംഗീതം, കര്‍ണ്ണകഠോരാലാപനം, ഭക്തി ഗാനം, വായപ്പാട്ട്, കോല്‍ക്കളി, ഭഗവത് ഗീത, ബൈബിള്‍, ഖുര്‍ ആന് പരായണം….ഇങ്ങനെ പലതും!

എനിയ്ക്കും തോന്നി ഒരു സൂത്രം! ഓര്‍മ്മയിലൂടെ കിട്ടിയ ഒരാശയം.

പരീക്ഷയടുത്ത ദിവസങ്ങളില്‍, പഠിച്ചു തല ചൂടാകുമ്പോള്‍ ഒന്നു ഫ്രെഷ് ആവുക പതിവായിരുന്നു. അര്‍ദ്ധരാത്രി കൂട്ടംകൂടി ലേഡീസ് ഹോസ്റ്റലിന്റെ മുമ്പിലൂടെ ഒരു പാതിരാഭേരി! കാര്‍ഡ്ബോര്‍ഡിലോ തകരപാട്ടയിലോ മുട്ടും. ആരോ കമ്പോസ് ചെയ്ത മുദ്രാവാക്യം! ഒരാള്‍ വിളിച്ചു ചൊല്ലും, മറ്റുള്ളവര്‍ ആര്‍ത്തുവിളിച്ചേറ്റു ചൊല്ലും.

“…വെളുത്ത കോഴിയ്ക്കു വെളുത്ത മുട്ട
കറുത്ത കോഴിയ്ക്കും വെളുത്ത മുട്ട
ഇതെന്തു ന്യായം സര്‍ക്കാരേ….!”

ഇതൊരു റിങ്ങ് ടോണാക്കിയാലോ എന്നൊരു തോന്നല്‍. നാട്ടില്‍ പോകുമ്പോള്‍ ഉപയോഗിയ്ക്കാം. എന്തിനും ഏതിനും സമരവും ബന്തും നടത്തുന്ന നമ്മുടെ നാടിനു പറ്റിയ ആനുകാലിക റിങ്ങ് ടോണ്‍!

നാണവും മാനവും തീരെയില്ലാത്ത ആഭാസമാണത്രെ ഈ പ്രതിഭാസം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഒരിയ്ക്കല്‍ ഇന്ത്യന്‍ അമ്പാസിഡര്‍ പ്രസംഗിയ്ക്കുമ്പോള്‍ ഗാലറിയില്‍ നിന്നും ഒരു ഫോണാക്രോശം! ആദ്ദേഹം പ്രസംഗം നിര്‍ത്തി ഗാലറിയിലേക്കു നോക്കി ദ്വേഷ്യപ്പെട്ടു.

മക്കളുടെ ഫോണില്‍ നിന്നുള്ള ഓരോ അപശബ്ദവും എന്നെയൊരു ചോദ്യകര്‍ത്താവാക്കും!
അതെന്താ മോനേ? …. എന്താ മോളേ അത്? എന്നൊക്കെ.

അതു ബബി ദീദി മിസ്സടിച്ചതാ പപ്പാ..
ബാബുച്ചീടെ മിസ്സാ പപ്പാ…
റുഫി മാമിയാ പപ്പാ..
ബിനു മാമി മിസ്സടിച്ചതാ…
ഇറ്റയുടെ മിസ്സാ പപ്പാ….

ഇങ്ങനെയുള്ള ഒരോ മറുപടിയ്ക്കും, പക്ഷെ, ഒരു അപ്രീസിയേഷനുണ്ട്. ഇവരെല്ലാം ദിവസേന നാട്ടില്‍ നിന്നാണ് മിസ്സടിയ്ക്കുന്നത്. കിട്ടിയ മാത്രയില്‍ മറുപടിയായി ഒന്നങ്ങോട്ടും കാച്ചും. ഒരു സാമീപ്യം എപ്പോഴും ഉള്ളതു പോലെ. ദൂരം പോലും ചാരെയാക്കുന്ന നിമിഷങ്ങള്‍!

‘മിസ്സ്’ സുന്ദരിയാകുന്ന നേരം!

പിന്നെ ആരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മിസ്സടിച്ചില്ലെങ്കില്‍ എന്തുകൊണ്ട് എന്നൊരാകാംക്ഷ!

മോന്റെ ഫോണ്‍ ഒരിയ്ക്കല്‍ മിസ്സിനെ വിടാന്‍ കൂട്ടാക്കിയില്ല. അവനൊരു മിസ്സടിച്ചത്രെ! അപ്പുറത്തു റിങ്ങ്ടോണ്‍ നല്ല ഖുര്‍ആന്‍ പാരായണം. ‘ബൈലോ’ പ്രകാരം രണ്ടുമൂന്നു തവണ റിങ്ങ് ചെയ്ത് കട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒരു യന്ത്ര തകരാര്‍! ഫോണ്‍ എന്തു ചെയ്തിട്ടും കട്ടാവുന്നില്ല. സാമാന്യം ഉച്ചത്തില്‍ സൂക്തങ്ങളോതുന്നത് അനുസ്യൂതം തുടര്‍ന്നു!

അകാരണമായൊരു പരിഭ്രമം. ആവുന്നത്ര ശക്തിയാര്‍ജ്ജിച്ചു ചുവന്ന ബട്ടനമര്‍ത്തി. നിന്നില്ല. ദ്വേഷ്യത്താല്‍ ഫോണ്‍ ചുമരിലേക്കെറിഞ്ഞു. അതു ബൌണ്‍സ് ചെയ്ത് കയ്യില്‍ത്തന്നെ വന്നു ചേര്‍ന്നു, ശ്രവണസുന്ദരമായ പരായണവുമായി! ഇതെന്തു മായ! കരയാനൊക്കെ തോന്നിയത്രെ. പിന്നെ ഫോണ്‍ കട്ടില്‍ക്കാലില്‍ കുത്തിക്കുത്തി ഓഫാക്കാന്‍ ശ്രമിച്ചപ്പോള്‍ ശരീരം വല്ലാതെ കുലുങ്ങുന്നതായി തോന്നിയെന്ന്.

പെട്ടെന്നു കണ്ണു തുറന്നു. നേര്‍പെങ്ങള്‍ അവനെ കുലുക്കി വിളിയ്ക്കുകയായിരുന്നു. അടുത്ത പള്ളിയില്‍ നിന്നും സുബ്ഹി നിസ്കാരത്തിന്റെ ഖുര്ആന്‍ പാരായണം പ്രഭാതത്തിന്റെ ലഹരിയായി അപ്പോഴും ഒഴുകിവന്നിരുന്നു.

രാവിലെയുണര്‍ത്താന്‍ കയ്യെത്തും ദൂരത്തു വെച്ചിരുന്ന അവന്റെ പ്രിയപ്പെട്ട മൊബൈല്‍ ഫൊണിലെ അലാറം അപ്പോഴും അടിച്ചു തുടങ്ങിയിരുന്നില്ല.

Lath

Wednesday, January 16, 2008

ഏലസ്

2006ല്‍ ‘ഇന്റര്‍നാഷണല്‍ മലയാളി’ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണിത്.



മലയാളം തെല്ലൊന്നു വളച്ചൊടിച്ചാണ് ഞാന്‍ പളനിച്ചാമിയോടു സംസാരിച്ചത്. തമിഴെനിയ്ക്കറിയില്ല.

പേരും ഊരും വിശേഷങ്ങളും ചോദിച്ചു ഞാന്‍ കേസ് ഷീറ്റ് തയ്യാറാക്കാന്‍ തുടങ്ങി. റിസപ്ഷനില്‍ നിന്നും വന്ന കാര്‍ഡില്‍ വിലാസമുണ്ടായിരുന്നെങ്കിലും പരിശോധിക്കുന്നതിനു മുമ്പ് ഒന്നു പരിചയപ്പെട്ടതാണ്.

ചാമി ഷര്‍ട്ടഴിച്ചു കിടന്നു. കറുപ്പില്‍ കലര്‍പ്പില്ലാത്ത നിറം!

അരയിലൊരു വെള്ളി ഏലസ്സ് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഇതെന്നാ ചാമീ....?”

“അതൂര്ന്ന് മുത്തയ്യ തന്നതാ....”
മുത്തയ്യയെ എനിയ്ക്കും അറിയാവുന്ന പോലെയായിരുന്നു അയാളുടെ അവതരണം.

“ആരാണീ മുത്തയ്യ? ചാമീ!” പരിശോധിക്കുന്നതിനിടയില്‍ ഞാന്‍ കുശലാന്വേഷണം തുടര്‍ന്നു.

“അവര്‍ ഊരിലെ പെരിയ മന്ദ്രവാദി സാര്‍; അവര്‍ പറഞ്ഞതു കണ്ടിപ്പാ നടക്കും സാര്‍.....”

തമിഴര്‍ക്കു ‘സാര്‍’ വിളി വേണ്ടുവോളം ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടു ഞാന്‍ കേട്ടു. കഴിയുന്നതും തമിഴ് മലയാളമാക്കിയാണ് പളനി സംസാരം തുടര്‍ന്നത്.

“ഞാനിങ്ങോ‍ട്ടു വറും മുമ്പെ അവരെ കണ്ടു... ആയിരം റൂപക്ക് ഇന്ത ഏലസ്സ് വാങ്കി. അതു നിറയെ മന്ദ്രം സാര്‍! നിറയെ പണവും പെറുമയുമായി നാന്‍ ഊരില്‍ മടങ്കി വന്നിടും എന്നവര്‍ ചൊല്ലി, സാര്‍..!”

അസുഖത്തിനുള്ള മരുന്നു കുറിച്ചു കൊടുത്തുകൊണ്ടു ഞാന്‍ വീണ്ടും ചോദിച്ചു.

“ചാമീ! മുത്തയ്യ പറഞ്ഞതു ശരിയായോ...?”

“ഇല്ല സാര്‍.....,


നിരാശയോടെ അയാള്‍ പറഞ്ഞു തുടങ്ങി

......ഊര്‍ക്ക് ഇതുവരെ പോയിട്ടില്ല. വന്ന് നാലുകൊല്ലം കഴിഞ്ചു....
ഇപ്പോ വിസയില്ല....വന്നു എട്ടു മാസം വേലയില്ലായിരുന്നു.......പിന്നെ ഈ കമ്പനിയില്‍ വേല കെടച്ചു.......മൂന്നു മാസം നാലു മാസം കഴിഞ്ചു മുന്നൂറ് നാനൂറ് കിട്ടും......വിസയുടെ കടം ബാക്കിയിരിക്ക്....”

കൂടുതല്‍ കഥ കേള്‍ക്കുന്നതിനുമുമ്പെ ഞാന്‍ അടുത്ത രോഗിയെ വിളിച്ചു.

പളനിച്ചാമി പറയാനെന്തൊക്കെയോ ബാക്കിവെച്ച പോലെ തിരിഞ്ഞു നടന്നു. നിലത്തെ സിറാമിക് ടൈല്‍സിന്റെ കള്ളികള്‍ എണ്ണുന്നതു പോലെ സാവധാനത്തില്‍ അയാള്‍ നടന്നു നീങ്ങുമ്പോള്‍ ഞാന്‍ മടക്കി വിളിച്ചു.

‘സാരമില്ല ചാമി എല്ലാം ശരിയാകും......’ എന്നു വെറുതെ ഒരാശ്വാസ വാക്ക്
പറയാനാണു ഞാനുദ്ദേശിച്ചത്.

എന്റെ വിളികേട്ടു തിരിഞ്ഞു നിന്ന അയാളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.

“സാറെ, ഇന്തമാതിരി കള്ളിയുള്ള തറയിരിക്കും വീട് എന്‍ പയ്യന്‍ റൊമ്പ കാമിച്ചിരുന്നു.....”

മനോനൊമ്പരം കൊണ്ടായിരിയ്ക്കാം അയാള്‍ പരിസരം മറന്നു വല്ലാതെ തേങ്ങിക്കൊണ്ട് സ്വന്തം ഭാഷ കൂടുതല്‍ ഉപയോഗിക്കുന്നതായി തോന്നി.


“അതിനെന്നാ ചാമി...? കൊഞ്ചം കൊഞ്ചം എല്ലാം ശരിപ്പെടും...”

അയാളുടെ സെന്റിമെന്റ്സ് ഉള്‍‍കൊണ്ടു ഞാനാശ്വസിപ്പിച്ചു.

“ഇല്ല സാര്‍...... അവന്‍ പോയ വര്‍ഷം വ്യാധി വന്നു മരിച്ചു....”

പിന്നെ ചാമി സംസാരിക്കാന്‍ നിന്നില്ല.


Lath

Monday, January 14, 2008

പെണ്‍ കുറുമ്പ്....!


ഇതിനൊക്കെ കുറുമ്പ് എന്നല്ലാതെ എന്ത്വാ പറയുക?


ജന്മനാ ശരീരത്തില്‍ നാലു ചക്രങ്ങളുണ്ടെന്നു വെച്ചു കരയില്‍ കയറി നെരങ്ങ്വാ..? അതിനിവള്‍ക്കു ഈ ജന്മം കഴിയോ?


മനുഷ്യനും ഇല്ലെ ഇത്തിരി വാല്, ഇതു പോലെ കുറച്ചു കയറ്റി വെച്ചത്? എന്നിട്ടവന്‍ കുരങ്ങനെ പോലെ കാട്ടിലാ കഴിയ്ണേ...മരത്തിലാ ചാട്ണേ...


കുറുമ്പു കാട്ടുമ്പോള്‍ ഇത്തിരി ഉശിരും പുളിയുമൊക്കെ ഉള്ളതു കാട്ടേണ്ടെ?


പെണ്ണുങ്ങളല്ലെങ്കിലും കുറുമ്പു കാട്ടുമ്പോള്‍ ഇടവും വലവും നോക്കൂല.


ഒടുവില്‍ പെട്ടു പോയാല്‍ ആണുങ്ങളേന്നെ വേണ്ടെ രക്ഷിക്കാന്‍..?


ഇനി നമ്മള്‍ ആണുങ്ങള്‍ തന്നെ വേണ്ടെ ഇവളേയും ഉന്തിത്തള്ളി

പറഞ്ഞയക്കാന്‍?


പോ, കുറുമ്പി.....
Lath

Sunday, January 13, 2008

കാല്‍സ്രായി നൊസ്റ്റാള്‍ജിയ


(ട്രൌസേഴ്സിനും പാന്റ്സിനും ഞങ്ങളുടെ നാട്ടില്‍ ഉപയോഗിച്ചു കേട്ടിരുന്ന പേരാണ് കാലസ്രായി എന്നത്. ഇപ്പോള്‍ ഉപയോഗത്തിലുണ്ടോ എന്നറിയീല്ല)


പ്രിഡിഗ്രിയ്ക്കു ചേര്‍ന്നപ്പോഴാണ് ഞാന്‍ ആദ്യമായി മുണ്ടുടുത്തത്. അതു വരെ ട്രൌസേഴ്സായിരുന്നു പ്രിയം. (രണ്ടു കാലിനും ഉറയുള്ളതുകൊണ്ട് ഈ പദം ബഹുവചനമാണത്രെ). രാവുണ്ണിക്കുട്ടി ഒരിയ്ക്കല്‍ മുട്ടിനു താഴെ വരെയുള്ള വലിയ ട്രൌസേഴ്സിട്ടു കോളേജില്‍ വന്നിരുന്നു. അവന്‍ കബഡി ടീമിലുണ്ടായിരുന്നതു കൊണ്ടായിരുന്നു അങ്ങനെ വന്നതെന്നു പിന്നെയറിഞ്ഞു.

ഡിഗ്രിയ്ക്കും മുണ്ടും ഷര്‍ട്ടുമായിരുന്നു എന്റെ വേഷം. ഞങ്ങളുടെ ക്ലാസ്സില്‍ സോഹനും അഹമ്മദു കുട്ടിയുമായിരുന്നു സ്ഥിരമായി പാന്റ്സിട്ടിരുന്നത്. എപ്പോഴൊക്കെയോ പാന്റിസിട്ട് അസ്വസ്തനായി യൂസഫ് വരുമ്പോള്‍ അവന്‍ സഫിയയുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ ഇരിയ്ക്കപ്പൊറുതി കാട്ടാറുണ്ട്.

വൈദ്യം പഠിയ്ക്കുമ്പോഴാണ് ഞാന്‍ പൂര്‍ണ്ണമായും പാന്റിലായത്.

ഇന്നാവട്ടെ വേഷവിധാനം അവിടുന്നൊക്കെ വിട്ടു! കഴുത്തില്‍ കെട്ടിയ കോണകം, ചിലപ്പോള്‍ കോട്ട്….!

സുജായിത്തരത്തിനു ഒരു കുറവും പാടില്ലെന്നതുതന്നെ കാരണം.

വര്‍ഗ്ഗീസ് മാസ്റ്ററിന്റെ മക്കളും എന്റെ മൂത്ത പെങ്ങളുടെ മകനും സ്കൂളിലേയ്ക്കു ബസ്സു കാത്തു നില്‍ക്കെ വടക്കെ അങ്ങാടിയില്‍ അയമുട്ടിക്ക രാവിലെത്തന്നെ കള്ളിന്റെ ലഹരിയിലായിരുന്നു. ക്ലിനിക്കിലേയ്ക്കു പോകുന്ന വഴിയ്ക്കു എന്നെ തട്ഞ്ഞു നിര്‍ത്തി മോട്ടോര്‍സൈക്കിളിന്റെ ഹന്‍ഡിലില്‍ പിടിച്ചു മാസ്റ്ററിന്റെ മകന്‍ എന്നോട് പരാതിപ്പെട്ടു.

ഞങ്ങളെ ചൂണ്ടിക്കാട്ടിയാണ് അയമുട്ടിക്ക ‘കഴുത്തില്‍ കോണകം കെട്ടികളെ എന്നു വിളിയ്ക്കുന്നത്‘…… നെക് ടൈ ഉപയോഗിച്ചതിനെക്കുറിച്ചായിരുന്നു പരാമര്‍ശം.

ആ പദപ്രയോഗമാണ് ഞാന്‍ ആദ്യം ഉപയോഗിച്ചത്.

അതില്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിയയുണ്ട്.

അയമുട്ടിക്കയോട് എനിയ്ക്കൊരു ആത്മ ബന്ധവുമുണ്ട്.

പന്റ്സിട്ടു പരിഷ്കരിച്ച കാലം.

വല്ലാതെ മുറുകിയതും, മുട്ടിനു താഴെ പടര്‍ന്നു പന്തലിച്ച ഹിപ്പി സ്റ്റൈലും, ബാഗി ടൈപ്പും എല്ലാം ഒന്നിനുപിറകെ ഒന്നായി വന്നുപോയി. വല്ലാതെ മുറുകിയത് അധികം നീണ്ടു നില്‍ക്കാഞ്ഞതു ഭാഗ്യം! കോളേജില്‍ നിന്നും വന്നാല്‍ അതു ഊരിയെടുക്കാന്‍ പെങ്ങളുടെ സഹായം വേണമായിരുന്നു. മലര്‍ന്നു കിടന്നു അവളെ കൂവി വിളിയ്ക്കും. അവളതിന്നറ്റം പിടിച്ചു വലിച്ചുവേണം ശരീരത്തില്‍നിന്നും അതൊന്നു വേര്‍പ്പെട്ടു കിട്ടാന്‍!

അതിലുമുണ്ടെനിയ്ക്കൊരു ഗൃഹാതുരത്വം?

കാലസ്രായി നൊസ്റ്റാള്‍ജിയ!

അതുപോലൊരു പാന്റ്സിട്ടു കോളേജില്‍ പോയ ദിവസം.

അതിവേഗത്തില്‍ പോയിരുന്ന ബസ് കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ടെലെഫോണ്‍ കാലിലിടിച്ചത്രെ. ഞാനിരുന്നിരുന്ന ഭാഗമാണിടിച്ചത്. മുഖത്തുകൂടി എന്തോ ഒലിച്ചിറങ്ങുന്നതെ ഓര്‍മ്മയുള്ളു.

എപ്പോഴൊ ചെറുതായി ബോധം വന്നപ്പോള്‍ തിരൂര്‍ ഗവ. ആശുപത്രിയില്‍ ഞാന്‍ അയമുട്ടിക്കയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു…

ആശുപത്രിയില്‍ എന്തിനോ വന്ന അദ്ദേഹം സ്വന്തക്കാരെത്തുന്നതു വരെ എന്റെ ശരീരം തഴുകി രക്ഷാകരത്തൃത്വം ഏറ്റെടുക്കുകയായിരുന്നു.

അപകടത്തെക്കുറിച്ചോര്‍ത്തും നൊസ്റ്റാള്‍ജിയ തന്നെ!

ഇപ്പോള്‍ ബര്‍മൂഡയാണ് പ്രശ്നം. വീട്ടില്‍ മുണ്ടുടുത്തു നടക്കുന്നതിനേക്കാള്‍ നല്ലത് ഈ സാധനം അണിയുന്നതാണ് എന്നു പലരും എന്നെ പറഞ്ഞു പ്രേരിപ്പിച്ചിട്ടുണ്ട്. അവരൊക്കെ ഔട്ടിങ്ങിനും അതണിഞ്ഞാണത്രെ പോകുന്നത്.

പ്രായ ഭേദമില്ലാതെ പുരുഷ വര്‍ഗ്ഗം ഒട്ടുമുക്കാലും അണിഞ്ഞു നടക്കുന്ന ഈ മുക്കാല്‍ ട്രൌസറിന് ഈ പേരിട്ടതാരാണാവോ?

It is the greatest modern mystery of our supposedly well understood world എന്ന നിരുക്തി അറ്റ്ലാന്റിക് സമുദ്രത്തിലെ ബര്‍മൂഡ, മിയാ‍മി, ഫ്ലോറിഡ, സാന്‍ ജാണ്, പ്യൊര്‍ട്ടോ റിക്കോ എന്നീ ഭാഗങ്ങളാല്‍ ചുറ്റ്പ്പെട്ട ബര്‍മൂഡ ട്രയാങ്കിളിനെപ്പറ്റിയാണ്.

മുട്ടിനു താഴെ വരെയുള്ള ഈ മുക്കാല്‍ ട്രൌസറിനു ഇങ്ങനെ ഒരു മിസ്റ്ററി കാണിക്കാന്‍ കഴിവുണ്ടോ? എന്തെങ്കിലും അപ്രത്യക്ഷമാക്കിയതു കൊണ്ട് മാത്രം ഈ നിര്‍വചനം ഇതിനു ചേരുമോ?

ഞാനേതായാലും ഇതുവരെ വാങ്ങിയിട്ടില്ല. ഇതിന്റെ ചെറിയ തരം ചെറുപ്പത്തിലേ ഉപയോഗിച്ചു പൂതി തീര്‍ന്നവനാണ് ഞാന്‍.

കാല്‍സ്രായി നൊസ്റ്റാള്‍ജിയ ബര്‍മൂഡ കാണുമ്പോള്‍ എന്നിലുദിച്ചു വരും.

തിരൂര്‍ കൈതവളപ്പ് ജി. എം. എല്‍. പി സ്കൂളില്‍ എന്റെ മൂത്ത പെങ്ങന്മാരുടെ കൂടെ പേരു ചേര്‍ക്കാതെ ഒന്നാം ക്ലാസ്സില്‍ ഞാനും പോയിരുന്നു. വള്ളി ട്രൌസേഴ്സും കുപ്പായവും സ്ലേറ്റും ചോക്കുപെന്‍സിലും മഷിത്തണ്ടും മതിയായിരുന്നു സ്കൂള്‍ കുട്ടി എന്ന ‘കെട’ കാട്ടാന്‍! കുഞ്ഞാങ്ങളയ്ക്കു കെട കൂടാന്‍ ചിലപ്പോള്‍ കുപ്പായം ‘ടക്കിന്‍‘ ചെയ്തു ട്രൌസേഴ്സിന്റെ വള്ളി പുറത്തുകൂടിയിട്ടാണു പെങ്ങന്മാര്‍ അണിയിച്ചൊരുക്കുക, ചില സിനിമകളില്‍ ശങ്കരാടി ചേട്ടന്‍ ധരിച്ചിരുന്നതു പോലെ.

‘ഫോമാക്കുക’ എന്ന അര്‍ത്ഥത്തില്‍ ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുള്ള പ്രയോഗമാണ് ‘കെട’ എന്നത്.

ക്ലാസ്സില്‍ എന്തൊ വികൃതി കാണിച്ചതിനു, നീലം മുക്കിയ വെള്ള മുണ്ടും കുപ്പാ‍യവുമണിഞ്ഞ കറുത്തു തടിച്ച മാഷ് ദ്വേഷ്യത്തോടെ എന്നെ അടുത്തേയ്ക്കു വിളിച്ചു. ട്രൌസേഴ്സിന്റെ അടിയിലൂടെ കയ്യിട്ടു ഒടിയില്‍ ഹലാക്കിന്റെ ഒരു പിച്ച് പിച്ചി! ‘നോസില്‍ പ്ലെയറുകൊണ്ടു പിടിച്ച പോലെ കുറേ നേരം കൈ അവിടെത്തന്നെ വെച്ചിരുന്നു.

പിന്നീടു ഞാന്‍ കൈതവളപ്പ് സ്കൂളില്‍ പോയിട്ടില്ല!

പിന്നെ രണ്ടാം ക്ലാസ്സില്‍ ബെട്ടത്തു പുതിയങ്ങാടി ജി.എം.യു. പി സ്കൂളില്‍ ചേര്‍ത്തു. ഒന്നാം ക്ലാസ്സ് കട്ടു കടത്തിയതാണെന്നു തൊന്നുന്നു!

ആദ്യത്തെ ക്ലാസ്സില്‍ത്തന്നെ, മുമ്പു മാഷ് പിച്ചിയതോര്‍ത്തിട്ടോ എന്തോ ഞാന്‍ കരഞ്ഞപ്പോള്‍ പിന്നീടെപ്പോഴും പ്രിയപ്പെട്ട ക്ലാസ് ടീച്ചര്‍ ‘ഇതാരപ്പാ പോക്കരാക്ക’ എന്നൊരു കമന്റ് പാസ്സാക്കി. ഞാനറിയാതെ ചിരിച്ചുപോയി….

ആ പേരെനിയ്ക്കു പരിചിതമായതിനാലായിരിയ്ക്കണം അങ്ങനെയൊരു ഭാവമാറ്റം പെട്ടെന്നുണ്ടായത്.

തറവാട്ടിലെ കൂട്ടുകുടുംബം വിട്ട് ഞങ്ങള്‍ തിരൂരിലെ പയ്യനങ്ങാടിയിലേയ്ക്കാണ് താമസം മാറിയത്. ചുറ്റു മതിലും പടിപ്പുരയുമുള്ള വീടിന്റെ മുറ്റത്തു ചുറ്റുഭാഗവും പിന്നീട് വെണ്ടയും, വഴുതിനങ്ങയും നട്ടു വളര്‍ത്തിയിരുന്നു. തൈ പിടിച്ചു താഴ്ത്തി ഇളയ വെണ്ടയ്ക്ക പകുതി കടിച്ചു വിടുന്നത് എന്റെ ഹോബിയായിരുന്നു! അതു കഴിഞ്ഞു പടിപ്പുരയില്‍ കാലും തൂക്കി റോഡിലേയ്ക്കു നോക്കിയിരിയ്ക്കും, അനിയന്‍ നഗ്നനായും ഞാന്‍ വള്ളിട്രൌസേഴ്സ് അണിഞ്ഞും.

റോഡ് പണി നടക്കുന്ന കാലമായതിനാല്‍ റോഡിന്നിരുവശവും ടാറിന്‍ വീപ്പകള്‍ കൂട്ടിയിട്ടിരുന്നു. അതില്‍ ചിലത് പൊട്ടി ടാര്‍ ഒഴുകിയൊലിച്ചിരുന്നു.

ചെറുതായി ഭ്രാന്തുള്ള പോക്കര്‍ റോഡിനു തെക്കും വടക്കും നടക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് അയാള്‍ പോക്കരാക്കയായിരുന്നു. കുട്ടികള്‍ക്കു അയാളെ പേടിയുമായിരുന്നു.

വടക്കോട്ടു പോയ അയാള്‍ തിരിച്ചു വരുമ്പോള്‍ മതില്‍ ചാരിച്ചാരി വന്നു ഞങ്ങളുടെ പടിപ്പുരയില്‍ കയറി! കയ്യിലുണ്ടായിരുന്ന ടാറിന്റെ ഒരു വലിയ ഉണ്ട അനിയന്റെ ‘ചുക്കുമണിയില്‍‘ വെച്ചു ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!

അതിനു ശേഷം അവന്‍ നഗ്നനായി നടന്നിട്ടില്ല. വള്ളി ട്രൌസര്‍ അവനും പതിവാക്കി.

റോഡുപണിയെന്നു കേള്‍ക്കുമ്പോള്‍ എന്നിലൊരു പോക്കരാക്ക നൊസ്റ്റാള്‍ജിയ ഉടലെടുക്കാറുണ്ട്.

പിന്നെ ഞാന്‍ വിദ്യാര്‍ത്ഥിയായി വളര്‍ന്നുകൊണ്ടിരുന്ന കാലം.
വേലായുധന്റെ കൂടെ തിരൂര്‍ ചന്തയ്ക്കു പോകാന്‍ ഒരിയ്ക്കല്‍ വീട്ടില്‍ നിന്നും സമ്മതം കിട്ടി. അവന്‍ ഞങ്ങളുടെ സഹായിയായിരുന്നു.

ഞായറാഴ്ചയായിരുന്നു തിരൂരില്‍ ചന്ത. പുതിയങ്ങാടിയില്‍ നിന്നും തിരൂരിലേയ്ക്കു മൂന്നര കിലോമീറ്ററുണ്ട്. അവന്റെ കൂടെ നടന്നു പോകാനാണ് അനുമതി കിട്ടിയത്! തൃക്കണ്ടിയൂര്‍ അമ്പലത്തിന്റെ മുന്നിലൂടെ പോയാല്‍ മുക്കാല്‍ കിലോ മീറ്റര്‍ ലാഭിയ്ക്കാം.

മെയിന്‍ റോഡില്‍ കയറിയപ്പോള്‍ കാളവണ്ടി ചരക്കുമായി നിര നിരയായ് പോകുന്നതു കണ്ടു. ഏറ്റവും പിന്നിലെ വണ്ടിയുടെ പിന്‍ഭാഗത്തു പിടിച്ചു ഞാന്‍ നടക്കുമ്പോള്‍ വേലായുധന്‍ മറുഭാഗത്തു ബീഡിയും വലിച്ചു നടക്കുന്നുണ്ടായിരുന്നു.

പെട്ടന്നു കാളവണ്ടിയുടെ മുമ്പില്‍ നിന്നും കുടുകുടെ വെള്ളം ഒഴുകി റോഡില്‍ ജലരേഖയുണ്ടായിത്തുടങ്ങി. അതെന്താണെന്നു വേലായുധനോടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. ‘കാള പാത്ത്വാ..’ എന്നു സംശയനിവാരണം.

വള്ളി ട്രൌസേഴ്സിന്റെ സൌകര്യം ഞാനൊരു നിമിഷംകൊണ്ടു തിരിച്ചറിഞ്ഞു. വണ്ണം കുറഞ്ഞ ഒരു ജലരേഖ ഞാനും തീര്‍ത്തു!

വേലായുധന്‍ ഇപ്പുറത്തേയ്ക്കു റോഡ് മുറിച്ചു കടക്കുമ്പോള്‍ വണ്ടിക്കാരന്‍ കാളയുടെ പുറത്തു ചാട്ടവാര്‍ വീശുകയായിരുന്നു, ഞാനൊരു കള്ളച്ചിരിയിലും.

ഞാന്‍ പിന്നെയും വലുതായി. പഠനം കഴിഞ്ഞു. കല്യാണം കഴിച്ചു. പ്രാക്ടീസ് ഷാര്‍ജയിലായി. ആദ്യം പറഞ്ഞ വേഷവിധാനത്തിലൊക്കെ എത്തിപ്പെട്ടു.


ഒരിയ്ക്കല്‍ നാട്ടില്‍ പോയപ്പോള്‍ എന്റെ ക്ലാസ് മേറ്റിന്റെ വീട് സന്ദര്‍ശിച്ചു. അവന്‍ സ്ഥലത്തില്ലായിരുന്നു. ഭാര്യ ജോലിസ്ഥലത്തും. അവന്റെ ഉമ്മയും ചെറിയ കുട്ടിയും വീട്ടിലുണ്ടായിരുന്നു. അവധിക്കാലത്തു അവന്റെ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ഉമ്മ എനിയ്ക്കു പശുവിനെ കറന്നു പാല്‍ ചൂടാക്കിത്തരുമായിരുന്നു.

അന്നും അവര്‍ക്ക് സല്‍ക്കരിയ്ക്കാന്‍ ധൃതിയായി. അവന്റെ മൂന്നു വയസ്സുള്ള കുട്ടി അവരുടെ ഒക്കത്തു അസ്വസ്ഥനായി രാവിലെ കയറിക്കൂടിയതണെന്നു പറഞ്ഞു. ഉമ്മ ജോലിയ്ക്കു പോകുന്നതിനുമുമ്പ് കുളിപ്പിച്ചു ഉടുപ്പുമാറി കുട്ടപ്പനാക്കിയതിനു ശേഷം കുട്ടി താഴെയിറങ്ങാന്‍ കൂട്ടാക്കാതെയിരിയ്ക്കയാണെന്നാണ് പരാതി.

പനിയുണ്ടൊയെന്നു ഞാന്‍ തൊട്ടു നോക്കി. രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. മാഞ്ഞാളം കൊഞ്ചുകയാണെന്ന് അവരഭിപ്രായപ്പെട്ടു.

കിന്നാരം പറഞ്ഞു പറഞ്ഞു എന്റെ ഭാര്യ അവനെയെടുത്തു. സല്‍ക്കരിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തോടെ, ഞങ്ങളുടെ എതിര്‍പ്പുകളൊന്നും കൂട്ടാക്കാതെ ഉമ്മ അടുക്കളയിലേക്കോടി.

ചില തട്ടിപ്പ് വിദ്യകളൊക്കെ കാണിച്ചു ഞങ്ങള്‍ കുട്ടിയെ താഴെയിറക്കി.

എന്തൊരല്‍ഭുതം!

രണ്ടു കാലുകളുള്ള കുട്ടിയണിഞ്ഞ ട്രൌസേഴ്സിന്റെ ഒരു കാലുറ കാലി! ജോലിയ്ക്കു പോകുന്നതിനു മുമ്പു കുളിപ്പിച്ചു ധൃതിയില്‍ ടീച്ചര്‍ മോന്റെ രണ്ടു കാലും ഒരുറയിലാണ് കുത്തിത്തിരുകിയത്.

ഒരുറ മതിയായിരുന്നെങ്കില്‍ ഈ വസ്ത്രത്തിനു ട്രൌസര്‍ എന്നു ഏകവചനം മതിയായിരുന്നു.

അതൂരി രണ്ടു കാലും ഓരോ ഉറയിലിട്ടപ്പോള്‍ കുട്ടി ശരം വിട്ട പോലെ ഓടിപ്പോയി.

ചൂടുപാലും ബിസ്കറ്റും നാടന്‍ പഴവും കൊണ്ടു ഉമ്മ വന്നപ്പോള്‍ കുട്ടിയെ കാണാഞ്ഞു പരിഭ്രമിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ തള്ളവിരലും നടുവിരലും മോതിരവിരലും, പിന്നെ ചെറുവിരലും മടക്കി ചൂണ്ടുവിരല്‍ മാത്രം വലതു മൂക്കിനോടു ചേര്‍ത്തുവെച്ചു നിന്നു!

Lath







Friday, January 4, 2008

മൌനം വിദ്വാനു ഭൂഷണം...പൂച്ചയ്ക്കും!


പ്രതിഭാശാലിയായ ഡോക്ടര്‍ ജയറാമിനു നന്ദി പറഞ്ഞു കൊണ്ടാണ് ഞാനിപ്പോള്‍ ബ്ലോഗുന്നത്. അദ്ദേഹമാണ് എന്നെ ബ്ലോഗാന്‍ പഠിപ്പിച്ചത്. രാവിലെ ഞങ്ങള്‍ നടക്കാന്‍ പോകുമ്പോള്‍ കണ്ട ഒരു വഴക്കാണിതിന്നാധാരം.

ആരെങ്കിലും വെറുതെ വഴക്കിടുമൊ? എല്ലാ വഴക്കിന്റെ പിന്നിലും കാണും ഒരു ഹേതു. അന്യരുടെ ലഹള ശ്രദ്ധിക്കാതിരിയ്ക്കുന്നതാണ് നല്ലത്.

ഓര്‍മ്മയിലുള്ള ഓരോ ശണ്ഠയും ഞാന്‍ ചെറുതായിട്ടെങ്കിലും കാതോര്‍ത്തവയാണ്. പലതിലും ‘സില്ലി’ കാരണങ്ങളാണെന്നറിയുമ്പോള്‍ വെറുതെ ചിരിയ്ക്കാമല്ലോ എന്നതായിരുന്നു പ്രചോദനം.

അത്താവുക്ക ഇബ്രാഹിംകുട്ടിയുമായി വഴക്കടിച്ചത് ബീഡിക്കുറ്റി സംബന്ധിച്ചായിരുന്നു. താന്‍ വലിച്ച മുറിബീഡി കൈമാറിയില്ലെന്നായിരുന്നു അത്താവുക്കയ്ക്കു പരാതി. ഇബ്രാഹിംകുട്ടി അറിയാതെ രണ്ടുമൂന്ന് പഫ് ആഞ്ഞു വലിച്ചപ്പോള്‍ ബീഡി തീര്‍ന്നു പോയി. ഉണങ്ങിത്തുരുമ്പിച്ച ഇലകൊണ്ടുണ്ടാക്കുന്നതല്ലെ? ആഞ്ഞു വലിച്ചപ്പോള്‍ പവനന്‍ മുമ്പില്‍ നിന്നും ‘പുഷ്’ ചെയ്തു കാണും!അഗ്നി സഞ്ചാരം ഉണക്കയിലയിലൂടെ ഇബ്രാഹിംകുട്ടിയുടെ മീശ ലക്ഷ്യമാക്കി പടര്‍ന്നിരിയ്ക്കണം. പുക വലിച്ചുകയറ്റിയെങ്കിലും അപകടം മനസ്സിലാക്കി അയാള്‍ കുറ്റി വലിച്ചെറിഞ്ഞത് ബുദ്ധിയാണ്. ഉണക്കക്കമ്പു പോലെയുള്ള ശരീരത്തിലെ മീശയ്ക്കു തീ പിടിച്ചാല്‍ ബീഡിയേക്കാള്‍ പെട്ടെന്നു എല്ലാം തീരും!

കാര്യം എന്തായാലും അയാള്‍ പുകമറയ്ക്കപ്പുറമെത്തിയിരുന്നു. പുലഭ്യം വരുന്നതൊന്നും അറിയാതെ ഗഗന യാനം നടത്തുന്ന ഇബ്രാഹിംകുട്ടിയുടെ ചൂടുള്ള മറുപടിയെന്ന പോലെ തോന്നിയ്ക്കുന്ന സംസാരം സ്ഥിരമായി വായിക്കുന്ന പത്രത്തിലെ അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. ഉരുളയ്ക്കുപ്പേരിപോലെ മറുപടി വരാത്തതുകൊണ്ട് റോഡിന്നപ്പുത്തു നിന്നു അത്താവുക്ക വെളിച്ചപ്പാട് തുള്ളുകയായിരുന്നു.

ഹൈകോടതിയില്‍ കേസിന്റെ വിധിയറിയാന്‍ പറഞ്ഞയച്ച മകന്‍ അപ്പച്ചന്‍ പറഞ്ഞു പഠിപ്പിച്ച പോലെയല്ല ഫോണിലൂടെ വിവരമറിയിച്ചത്. ഒറ്റവാക്കിലുത്തരം പറയാതെ എസ്.റ്റി.ഡി യില്‍ നീണ്ട ഡയലോഗ് കാച്ചി പണം കളഞ്ഞ മകനോട് വര്‍ഗ്ഗീസേട്ടന്‍ വഴക്കു പറഞ്ഞത് കുന്നംകുളം നസ്രാണി ആക്സെന്റിലായിരുന്നു. മകന്റെ തറുതല പറച്ചില്‍ കൂടിയായപ്പോള്‍ ഉഗ്രന്‍ പ്രകടനം!

മുളകു കൊണ്ടാട്ടം കഴിച്ചു എരിവു വലിയ്ക്കുന്നതിനിടയിലെ സംസാരം പോലെയായിരുന്നു ഭാസ്കരന്‍ ‍പുലമ്പിയിരുന്നത്. അല്പം വിക്കുള്ളതാണു ആ സ്റ്റൈലിനു കാരണം. സ്വത്തു കച്ചവടത്തിലെ കമ്മീഷന്‍ കുറഞ്ഞതാണ് വിഷയം. വിനയന്‍ അത്ര വിനയാന്വിതനായിട്ടല്ല പ്രകടനം കാഴ്ച്ചവെച്ചത്.

ഇങ്ങനെ എത്രയെത്ര വഴക്കുകള്‍!

അന്നും ഡോ. ജയറാമിന്റെ കൂടെ അജ്മാന്‍ കടലോരത്തായിരുന്നു പ്രഭാത നടത്തം. സാധാരണ കുഞ്ഞോളങ്ങളുള്ള കടല്‍ക്കരയില്‍ അന്നു അല്പം ദ്വേഷ്യത്തോടെ തിരകളടിയ്ക്കുന്നുണ്ടായിരുന്നു. ഒരു ശണ്ഠ തന്റെ തീരത്തു അരങ്ങേറുന്നതിലുള്ള പ്രതിഷേധമാണെന്നു തോന്നി.

രണ്ടു പേര്‍ തമ്മിലുള്ള വഴക്ക് ഞങ്ങളും കണ്ടു നിന്നു കുറച്ചു നേരം.

‘രണ്ടു കയ്യും കൊട്ടുമ്പോഴേ ശബ്ദമുണ്ടാകൂ... അതുകൊണ്ട് നിന്റെ കൈ ഒതുങ്ങിയിരിക്കട്ടെ...’എന്ന ആപ്ത വചനമുള്‍ക്കൊണ്ടതുപോലെ ശുഭ്ര ശരീരി ഒരക്ഷരമുരിയാടാതെയിരുന്നു. ചോപ്പനാകട്ടെ, നിന്നു കുരയ്ക്കുക തന്നെ!

ഏകപക്ഷീയമായ ബഹളത്തിനു വഴക്കെന്നു പറയാമോ എന്നു ഞങ്ങള്‍ ശങ്കിച്ചു.

‘ദൃഷ്ട്യേ കലഹം’ എന്ന നിര്‍വചനം ശണ്ഠയ്ക്കുണ്ടോ എന്നെനിയ്ക്കറിയില്ല. മൌനിയുടെ ചക്ഷുരേന്ദ്രിയത്തില്‍ നിന്നും അനര്‍ഗ്ഗളമായി നിര്‍ഗ്ഗമിയ്ക്കുന്ന കോപാഗ്നിയാണോ മറ്റേയാളെ ചൊടിപ്പിയ്ക്കുന്നത് എന്ന സംശയത്തിനും ബലമുള്ളതായി തോന്നിയില്ല. കാരണം അത്ര ശാന്തമായാണു മൂപ്പരുടെ ഇരുപ്പ്.

കസേരയ്ക്കു വേണ്ടിയുള്ള വഴക്കായിരിക്കുമോ. നാട്ടിലെ സ്ഥിരം കലഹം അതിനുവേണ്ടിയുള്ളതാണെന്നതിനാല്‍ തോന്നിയതാണ്. പക്ഷെ ജനങ്ങള്‍ സാധാരണ കാറ്റുകൊള്ളാനിരിയ്ക്കുന്ന മേശയും കസേരയും ഒഴിച്ചിട്ട് അതിനു താഴെ ഇരുന്നും നിന്നുമാണ് കലഹം.

തൊട്ടടുത്തുള്ള നിശാക്ലബ്ബില്‍ പുലരുന്നതു വരെ നടന്നിരുന്ന നൃത്തത്തിനിടയ്ക്ക് ഇയാളുടെ പിടയെ വശത്താക്കിയതിലുള്ള അരിശമാവാന്‍ സാദ്ധ്യത കുറവല്ല.

അല്ലെങ്കില്‍ വണ്ടിച്ചെക്കു കൊടുത്തു വഞ്ചിച്ചതിനാലുമാകാം.

വിസ കരാറില്‍ പണം മുഴുവന്‍ കൊടുത്തു തീര്‍ക്കാത്തതിനാലാണെങ്കിലോ... അതൊന്നുമല്ലെങ്കില്‍ വിസ കിട്ടാന്‍ വേണ്ടി കാണിച്ച ശുഷ്കാന്തി ഇപ്പോള്‍ കാണിക്കാത്തതിനാലുമാകാം.....

ഇക്കാര്യത്തില്‍ മൃഗവും മനുഷ്യനും വ്യത്യാസമു‍ണ്ടെന്നു കരുതുന്നത് തെറ്റാണ്.

ദുബായ് കാഴ്ച ബംഗ്ലാവില്‍ കുരങ്ങന്റെ വിസയിലാണത്രെ ഒരു സിംഹച്ചായന്‍ പണം വാങ്ങി തന്റെ ആത്മ സുഹൃത്തായ മറ്റൊരു സിംഹത്തെ കൊണ്ടുവന്നത്. അതുകൊണ്ടു തന്നെ അതിന്റെ ഭക്ഷണം മുള്ളങ്കിയും കാരറ്റുമായതിനെച്ചൊല്ലി കാഴ്ച്ച ബംഗ്ലാവില്‍ ഭയങ്കര വഴക്ക് നടന്നതായി കേട്ടു കേള്‍വിയുണ്ട്.

പറഞ്ഞുവന്ന് ഞാനൊരു കാര്യം പറയാന്‍ മറന്നു.

ഞങ്ങള്‍ കണ്ടതും ഒരു മൃഗ വഴക്കായിരുന്നു!

ഒരു വെളുത്തു സൌമ്യനായ പൂച്ചയും ഫിലിപ്പെയ്നിയെപ്പോലെ കുറിയനായ ഒരു ചുവപ്പന്‍ നായക്കുട്ടിയും മുഖാമുഖം കാട്ടിക്കൂട്ടിയ ‘സീന്‍’ ആണു ഞങ്ങള്‍ കണ്ടു നിന്നത്.

നായ എത്ര ദ്വേഷ്യത്തോടെ കുരച്ചിട്ടും പൂച്ച ‘മിയാവു’ എന്നൊരക്ഷരം മിണ്ടിയില്ല!

മൌനം പൂച്ചയ്ക്കും ഭൂഷണമായിരിയ്ക്കും.

Lath

Tuesday, January 1, 2008

പുതുവത്സരാശംസകള്‍....

പ്രിയ സ്നേഹിതരേ!

നഷ്ടമായിരുന്നില്ല
നമുക്കൊരിയ്ക്കലും
കഴിഞ്ഞതൊന്നുമേറെ
നഷ്ടമായ് തോന്നിയെങ്കിലും...

നിമ്നോന്നിതമല്ലെങ്കിലീപ്രയാണം
കൊണ്ടെന്തു ചന്തം....

ഈ പുതു‍പുലരി
മുതല്‍ക്കിനി നമുക്കെന്നും
പൊന്‍പുലരി
പൊന്നേ!

..........പുതുവത്സരാശംസകള്‍

Lath