Tuesday, January 22, 2008

മിസ്സിന്റെ റിങ്ങ്ടോണ്‍

ഹായ്! മിസ് മൊബൈല്‍സ്........

അവരെത്ര പേരാണെന്നോ!
പേരു കേള്‍ക്കുമ്പോള്‍ വിവിധ സമൂഹക്കാരാണെന്നു തോന്നുന്നില്ലേ..?

നോക്കിയ, മോട്ടോറോള (മലയാളി മുസ്ലിങ്ങള്‍)
ഐഫോണ്‍ (തമിഴത്തി പട്ടര്‍)
അല്‍ക്കാട്ടെല്‍ (ഹിന്ദു)
ഐമേറ്റ് (ഫിലിപെയ്നി കിസ്ന്യാനി*)
സാംസങ്ങ്, സീമന്‍സ് (യൂറോപ്യന്‍ കിസ്ന്യാനികള്‍)
സോണി എരിക്സണ്‍ (റഷ്യക്കാരി കിസ്ന്യാനി)

(* എന്റെ മരിച്ചുപോയ അയല്‍വാസി കുഞ്ഞാപ്പുക്കയോടു കടപ്പാട്. അദ്ദേഹം ആദ്യവും അവസാനവുമായി കണ്ട സിനിമയെപ്പറ്റി ചോദിച്ചപ്പോള്‍, ഒരു കിസ്ന്യാനി മുസ്ലീമിനെ സ്നേഹിച്ച കഥയാണെന്നാണു പറഞ്ഞത്.)

ഇവരോടുള്ള ലഹരി പതഞ്ഞു പൊങ്ങുമ്പോഴും ‘ഗെറ്റ് കണക്റ്റട്’ എന്ന ആംഗലേയാഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ ഒരു മടി കാണുന്നുണ്ട്, പലരിലും. എവിടെയോ മുറിഞ്ഞു പോകണമെന്നുള്ള ഒരു പ്രബോധനം എങ്ങിനെയൊക്കെയോ പരസ്യപ്പെട്ടുപോയ പോലെ! പണച്ചിലവാലോചിച്ചണ്.
അതുകൊണ്ട് ‘ഗിവ് എ മിസ്’ എന്നതാണ് എല്ലാവരുടേയും നയം.

ആസ്വദിച്ചും ആസ്വദിപ്പിച്ചും വേണ്ട പോലെ ഉപയോഗിച്ചാല്‍ സാമ്പത്തിക ലാഭം ‘ഇവളെ’ക്കൊണ്ടുറപ്പ്!. പ്രതീക്ഷിക്കാതെങ്ങാനും വിരലൊന്നുമുട്ടിയാല്‍ നഷ്ടം തന്നെ. പാരമ്പര്യമായി പിശുക്കിന്റെ ജീനുള്ളവര്‍ക്കു പിന്നെ ഉറക്കം കിട്ടാന്‍ പ്രയാസമാണ്.

ഇത്തരക്കാര്‍ കടം ചോദിക്കാനും മിസ്സേ അടിയ്ക്കു എന്നു പരദൂഷണം.

സ്നേഹം, സാമീപ്യം, ഓര്‍മ്മ എന്നിവയൊക്കെ മിസ്സിലൂടെ പങ്കുവെയ്ക്കണമെന്നുള്ളവര്‍ രണ്ടറ്റത്തും ഒരു അഡ്ജസ്റ്റ്മെന്റിലെത്തുന്നു.
ഓരോരുത്തരുടെയും പേരില്‍ ഒരു റിങ്ങ് ടോണ്‍ ‘അക്കൌണ്ട്!
പേഴ്സണലൈസേഷന്‍ എന്നു സായിപ്പിന്റെ ഭാഷ.

എന്തൊക്കെ കുതൂഹലങ്ങളാണ് ഇതിനുപയോഗിക്കുന്നത്! തെറി, അട്ടഹാസം, ആക്രോശം, രോദനം, പൈതല്‍-ചിരി, കുട്ടിക്കരച്ചില്‍, ഉഛ്വാസ നിശ്വാസങ്ങള്‍, ശുദ്ധ സംഗീതം, കര്‍ണ്ണകഠോരാലാപനം, ഭക്തി ഗാനം, വായപ്പാട്ട്, കോല്‍ക്കളി, ഭഗവത് ഗീത, ബൈബിള്‍, ഖുര്‍ ആന് പരായണം….ഇങ്ങനെ പലതും!

എനിയ്ക്കും തോന്നി ഒരു സൂത്രം! ഓര്‍മ്മയിലൂടെ കിട്ടിയ ഒരാശയം.

പരീക്ഷയടുത്ത ദിവസങ്ങളില്‍, പഠിച്ചു തല ചൂടാകുമ്പോള്‍ ഒന്നു ഫ്രെഷ് ആവുക പതിവായിരുന്നു. അര്‍ദ്ധരാത്രി കൂട്ടംകൂടി ലേഡീസ് ഹോസ്റ്റലിന്റെ മുമ്പിലൂടെ ഒരു പാതിരാഭേരി! കാര്‍ഡ്ബോര്‍ഡിലോ തകരപാട്ടയിലോ മുട്ടും. ആരോ കമ്പോസ് ചെയ്ത മുദ്രാവാക്യം! ഒരാള്‍ വിളിച്ചു ചൊല്ലും, മറ്റുള്ളവര്‍ ആര്‍ത്തുവിളിച്ചേറ്റു ചൊല്ലും.

“…വെളുത്ത കോഴിയ്ക്കു വെളുത്ത മുട്ട
കറുത്ത കോഴിയ്ക്കും വെളുത്ത മുട്ട
ഇതെന്തു ന്യായം സര്‍ക്കാരേ….!”

ഇതൊരു റിങ്ങ് ടോണാക്കിയാലോ എന്നൊരു തോന്നല്‍. നാട്ടില്‍ പോകുമ്പോള്‍ ഉപയോഗിയ്ക്കാം. എന്തിനും ഏതിനും സമരവും ബന്തും നടത്തുന്ന നമ്മുടെ നാടിനു പറ്റിയ ആനുകാലിക റിങ്ങ് ടോണ്‍!

നാണവും മാനവും തീരെയില്ലാത്ത ആഭാസമാണത്രെ ഈ പ്രതിഭാസം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഒരിയ്ക്കല്‍ ഇന്ത്യന്‍ അമ്പാസിഡര്‍ പ്രസംഗിയ്ക്കുമ്പോള്‍ ഗാലറിയില്‍ നിന്നും ഒരു ഫോണാക്രോശം! ആദ്ദേഹം പ്രസംഗം നിര്‍ത്തി ഗാലറിയിലേക്കു നോക്കി ദ്വേഷ്യപ്പെട്ടു.

മക്കളുടെ ഫോണില്‍ നിന്നുള്ള ഓരോ അപശബ്ദവും എന്നെയൊരു ചോദ്യകര്‍ത്താവാക്കും!
അതെന്താ മോനേ? …. എന്താ മോളേ അത്? എന്നൊക്കെ.

അതു ബബി ദീദി മിസ്സടിച്ചതാ പപ്പാ..
ബാബുച്ചീടെ മിസ്സാ പപ്പാ…
റുഫി മാമിയാ പപ്പാ..
ബിനു മാമി മിസ്സടിച്ചതാ…
ഇറ്റയുടെ മിസ്സാ പപ്പാ….

ഇങ്ങനെയുള്ള ഒരോ മറുപടിയ്ക്കും, പക്ഷെ, ഒരു അപ്രീസിയേഷനുണ്ട്. ഇവരെല്ലാം ദിവസേന നാട്ടില്‍ നിന്നാണ് മിസ്സടിയ്ക്കുന്നത്. കിട്ടിയ മാത്രയില്‍ മറുപടിയായി ഒന്നങ്ങോട്ടും കാച്ചും. ഒരു സാമീപ്യം എപ്പോഴും ഉള്ളതു പോലെ. ദൂരം പോലും ചാരെയാക്കുന്ന നിമിഷങ്ങള്‍!

‘മിസ്സ്’ സുന്ദരിയാകുന്ന നേരം!

പിന്നെ ആരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മിസ്സടിച്ചില്ലെങ്കില്‍ എന്തുകൊണ്ട് എന്നൊരാകാംക്ഷ!

മോന്റെ ഫോണ്‍ ഒരിയ്ക്കല്‍ മിസ്സിനെ വിടാന്‍ കൂട്ടാക്കിയില്ല. അവനൊരു മിസ്സടിച്ചത്രെ! അപ്പുറത്തു റിങ്ങ്ടോണ്‍ നല്ല ഖുര്‍ആന്‍ പാരായണം. ‘ബൈലോ’ പ്രകാരം രണ്ടുമൂന്നു തവണ റിങ്ങ് ചെയ്ത് കട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒരു യന്ത്ര തകരാര്‍! ഫോണ്‍ എന്തു ചെയ്തിട്ടും കട്ടാവുന്നില്ല. സാമാന്യം ഉച്ചത്തില്‍ സൂക്തങ്ങളോതുന്നത് അനുസ്യൂതം തുടര്‍ന്നു!

അകാരണമായൊരു പരിഭ്രമം. ആവുന്നത്ര ശക്തിയാര്‍ജ്ജിച്ചു ചുവന്ന ബട്ടനമര്‍ത്തി. നിന്നില്ല. ദ്വേഷ്യത്താല്‍ ഫോണ്‍ ചുമരിലേക്കെറിഞ്ഞു. അതു ബൌണ്‍സ് ചെയ്ത് കയ്യില്‍ത്തന്നെ വന്നു ചേര്‍ന്നു, ശ്രവണസുന്ദരമായ പരായണവുമായി! ഇതെന്തു മായ! കരയാനൊക്കെ തോന്നിയത്രെ. പിന്നെ ഫോണ്‍ കട്ടില്‍ക്കാലില്‍ കുത്തിക്കുത്തി ഓഫാക്കാന്‍ ശ്രമിച്ചപ്പോള്‍ ശരീരം വല്ലാതെ കുലുങ്ങുന്നതായി തോന്നിയെന്ന്.

പെട്ടെന്നു കണ്ണു തുറന്നു. നേര്‍പെങ്ങള്‍ അവനെ കുലുക്കി വിളിയ്ക്കുകയായിരുന്നു. അടുത്ത പള്ളിയില്‍ നിന്നും സുബ്ഹി നിസ്കാരത്തിന്റെ ഖുര്ആന്‍ പാരായണം പ്രഭാതത്തിന്റെ ലഹരിയായി അപ്പോഴും ഒഴുകിവന്നിരുന്നു.

രാവിലെയുണര്‍ത്താന്‍ കയ്യെത്തും ദൂരത്തു വെച്ചിരുന്ന അവന്റെ പ്രിയപ്പെട്ട മൊബൈല്‍ ഫൊണിലെ അലാറം അപ്പോഴും അടിച്ചു തുടങ്ങിയിരുന്നില്ല.

Lath

2 comments:

Sharu (Ansha Muneer) said...

“ഇത്തരക്കാര്‍ കടം ചോദിക്കാനും മിസ്സേ അടിയ്ക്കു എന്നു പരദൂഷണം“
:)

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/