2006ല്‍ ‘ഇന്റര്‍നാഷണല്‍ മലയാളി’ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണിത്.
മലയാളം തെല്ലൊന്നു വളച്ചൊടിച്ചാണ് ഞാന്‍ പളനിച്ചാമിയോടു സംസാരിച്ചത്. തമിഴെനിയ്ക്കറിയില്ല.
പേരും ഊരും വിശേഷങ്ങളും ചോദിച്ചു ഞാന്‍ കേസ് ഷീറ്റ് തയ്യാറാക്കാന്‍ തുടങ്ങി. റിസപ്ഷനില്‍ നിന്നും വന്ന കാര്‍ഡില്‍ വിലാസമുണ്ടായിരുന്നെങ്കിലും പരിശോധിക്കുന്നതിനു മുമ്പ് ഒന്നു പരിചയപ്പെട്ടതാണ്.
ചാമി ഷര്‍ട്ടഴിച്ചു കിടന്നു. കറുപ്പില്‍ കലര്‍പ്പില്ലാത്ത നിറം!
അരയിലൊരു വെള്ളി ഏലസ്സ് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
“ഇതെന്നാ ചാമീ....?”
“അതൂര്ന്ന് മുത്തയ്യ തന്നതാ....”
മുത്തയ്യയെ എനിയ്ക്കും അറിയാവുന്ന പോലെയായിരുന്നു അയാളുടെ അവതരണം.
“ആരാണീ മുത്തയ്യ? ചാമീ!” പരിശോധിക്കുന്നതിനിടയില്‍ ഞാന്‍ കുശലാന്വേഷണം തുടര്‍ന്നു.
“അവര്‍ ഊരിലെ പെരിയ മന്ദ്രവാദി സാര്‍; അവര്‍ പറഞ്ഞതു കണ്ടിപ്പാ നടക്കും സാര്‍.....”
തമിഴര്‍ക്കു ‘സാര്‍’ വിളി വേണ്ടുവോളം ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടു ഞാന്‍ കേട്ടു. കഴിയുന്നതും തമിഴ് മലയാളമാക്കിയാണ് പളനി സംസാരം തുടര്‍ന്നത്.
“ഞാനിങ്ങോട്ടു വറും മുമ്പെ അവരെ കണ്ടു... ആയിരം റൂപക്ക് ഇന്ത ഏലസ്സ് വാങ്കി. അതു നിറയെ മന്ദ്രം സാര്‍! നിറയെ പണവും പെറുമയുമായി നാന്‍ ഊരില്‍ മടങ്കി വന്നിടും എന്നവര്‍ ചൊല്ലി, സാര്‍..!”
അസുഖത്തിനുള്ള മരുന്നു കുറിച്ചു കൊടുത്തുകൊണ്ടു ഞാന്‍ വീണ്ടും ചോദിച്ചു.
“ചാമീ! മുത്തയ്യ പറഞ്ഞതു ശരിയായോ...?”
“ഇല്ല സാര്‍.....,
നിരാശയോടെ അയാള്‍ പറഞ്ഞു തുടങ്ങി
......ഊര്‍ക്ക് ഇതുവരെ പോയിട്ടില്ല. വന്ന് നാലുകൊല്ലം കഴിഞ്ചു....
ഇപ്പോ വിസയില്ല....വന്നു എട്ടു മാസം വേലയില്ലായിരുന്നു.......പിന്നെ ഈ കമ്പനിയില്‍ വേല കെടച്ചു.......മൂന്നു മാസം നാലു മാസം കഴിഞ്ചു മുന്നൂറ് നാനൂറ് കിട്ടും......വിസയുടെ കടം ബാക്കിയിരിക്ക്....”
കൂടുതല്‍ കഥ കേള്‍ക്കുന്നതിനുമുമ്പെ ഞാന്‍ അടുത്ത രോഗിയെ വിളിച്ചു.
പളനിച്ചാമി പറയാനെന്തൊക്കെയോ ബാക്കിവെച്ച പോലെ തിരിഞ്ഞു നടന്നു. നിലത്തെ സിറാമിക് ടൈല്‍സിന്റെ കള്ളികള്‍ എണ്ണുന്നതു പോലെ സാവധാനത്തില്‍ അയാള്‍ നടന്നു നീങ്ങുമ്പോള്‍ ഞാന്‍ മടക്കി വിളിച്ചു.
‘സാരമില്ല ചാമി എല്ലാം ശരിയാകും......’ എന്നു വെറുതെ ഒരാശ്വാസ വാക്ക്
പറയാനാണു ഞാനുദ്ദേശിച്ചത്.
എന്റെ വിളികേട്ടു തിരിഞ്ഞു നിന്ന അയാളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.
“സാറെ, ഇന്തമാതിരി കള്ളിയുള്ള തറയിരിക്കും വീട് എന്‍ പയ്യന്‍ റൊമ്പ കാമിച്ചിരുന്നു.....”
മനോനൊമ്പരം കൊണ്ടായിരിയ്ക്കാം അയാള്‍ പരിസരം മറന്നു വല്ലാതെ തേങ്ങിക്കൊണ്ട് സ്വന്തം ഭാഷ കൂടുതല്‍ ഉപയോഗിക്കുന്നതായി തോന്നി.
“അതിനെന്നാ ചാമി...? കൊഞ്ചം കൊഞ്ചം എല്ലാം ശരിപ്പെടും...”
അയാളുടെ സെന്റിമെന്റ്സ് ഉള്‍കൊണ്ടു ഞാനാശ്വസിപ്പിച്ചു.
“ഇല്ല സാര്‍...... അവന്‍ പോയ വര്‍ഷം വ്യാധി വന്നു മരിച്ചു....”
പിന്നെ ചാമി സംസാരിക്കാന്‍ നിന്നില്ല.
Lath
Subscribe to:
Post Comments (Atom)
1 comment:
നൊമ്പരത്തിന്റെ ഒരു ചിമിഴ്..ഇത്തിരി പറഞ്ഞുകൊണ്ട് ഒത്തിരി ധ്വനിപ്പിച്ചിരിക്കുന്നു.മബ്‌റൂഖ് !!
Post a Comment