Friday, January 4, 2008

മൌനം വിദ്വാനു ഭൂഷണം...പൂച്ചയ്ക്കും!


പ്രതിഭാശാലിയായ ഡോക്ടര്‍ ജയറാമിനു നന്ദി പറഞ്ഞു കൊണ്ടാണ് ഞാനിപ്പോള്‍ ബ്ലോഗുന്നത്. അദ്ദേഹമാണ് എന്നെ ബ്ലോഗാന്‍ പഠിപ്പിച്ചത്. രാവിലെ ഞങ്ങള്‍ നടക്കാന്‍ പോകുമ്പോള്‍ കണ്ട ഒരു വഴക്കാണിതിന്നാധാരം.

ആരെങ്കിലും വെറുതെ വഴക്കിടുമൊ? എല്ലാ വഴക്കിന്റെ പിന്നിലും കാണും ഒരു ഹേതു. അന്യരുടെ ലഹള ശ്രദ്ധിക്കാതിരിയ്ക്കുന്നതാണ് നല്ലത്.

ഓര്‍മ്മയിലുള്ള ഓരോ ശണ്ഠയും ഞാന്‍ ചെറുതായിട്ടെങ്കിലും കാതോര്‍ത്തവയാണ്. പലതിലും ‘സില്ലി’ കാരണങ്ങളാണെന്നറിയുമ്പോള്‍ വെറുതെ ചിരിയ്ക്കാമല്ലോ എന്നതായിരുന്നു പ്രചോദനം.

അത്താവുക്ക ഇബ്രാഹിംകുട്ടിയുമായി വഴക്കടിച്ചത് ബീഡിക്കുറ്റി സംബന്ധിച്ചായിരുന്നു. താന്‍ വലിച്ച മുറിബീഡി കൈമാറിയില്ലെന്നായിരുന്നു അത്താവുക്കയ്ക്കു പരാതി. ഇബ്രാഹിംകുട്ടി അറിയാതെ രണ്ടുമൂന്ന് പഫ് ആഞ്ഞു വലിച്ചപ്പോള്‍ ബീഡി തീര്‍ന്നു പോയി. ഉണങ്ങിത്തുരുമ്പിച്ച ഇലകൊണ്ടുണ്ടാക്കുന്നതല്ലെ? ആഞ്ഞു വലിച്ചപ്പോള്‍ പവനന്‍ മുമ്പില്‍ നിന്നും ‘പുഷ്’ ചെയ്തു കാണും!അഗ്നി സഞ്ചാരം ഉണക്കയിലയിലൂടെ ഇബ്രാഹിംകുട്ടിയുടെ മീശ ലക്ഷ്യമാക്കി പടര്‍ന്നിരിയ്ക്കണം. പുക വലിച്ചുകയറ്റിയെങ്കിലും അപകടം മനസ്സിലാക്കി അയാള്‍ കുറ്റി വലിച്ചെറിഞ്ഞത് ബുദ്ധിയാണ്. ഉണക്കക്കമ്പു പോലെയുള്ള ശരീരത്തിലെ മീശയ്ക്കു തീ പിടിച്ചാല്‍ ബീഡിയേക്കാള്‍ പെട്ടെന്നു എല്ലാം തീരും!

കാര്യം എന്തായാലും അയാള്‍ പുകമറയ്ക്കപ്പുറമെത്തിയിരുന്നു. പുലഭ്യം വരുന്നതൊന്നും അറിയാതെ ഗഗന യാനം നടത്തുന്ന ഇബ്രാഹിംകുട്ടിയുടെ ചൂടുള്ള മറുപടിയെന്ന പോലെ തോന്നിയ്ക്കുന്ന സംസാരം സ്ഥിരമായി വായിക്കുന്ന പത്രത്തിലെ അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. ഉരുളയ്ക്കുപ്പേരിപോലെ മറുപടി വരാത്തതുകൊണ്ട് റോഡിന്നപ്പുത്തു നിന്നു അത്താവുക്ക വെളിച്ചപ്പാട് തുള്ളുകയായിരുന്നു.

ഹൈകോടതിയില്‍ കേസിന്റെ വിധിയറിയാന്‍ പറഞ്ഞയച്ച മകന്‍ അപ്പച്ചന്‍ പറഞ്ഞു പഠിപ്പിച്ച പോലെയല്ല ഫോണിലൂടെ വിവരമറിയിച്ചത്. ഒറ്റവാക്കിലുത്തരം പറയാതെ എസ്.റ്റി.ഡി യില്‍ നീണ്ട ഡയലോഗ് കാച്ചി പണം കളഞ്ഞ മകനോട് വര്‍ഗ്ഗീസേട്ടന്‍ വഴക്കു പറഞ്ഞത് കുന്നംകുളം നസ്രാണി ആക്സെന്റിലായിരുന്നു. മകന്റെ തറുതല പറച്ചില്‍ കൂടിയായപ്പോള്‍ ഉഗ്രന്‍ പ്രകടനം!

മുളകു കൊണ്ടാട്ടം കഴിച്ചു എരിവു വലിയ്ക്കുന്നതിനിടയിലെ സംസാരം പോലെയായിരുന്നു ഭാസ്കരന്‍ ‍പുലമ്പിയിരുന്നത്. അല്പം വിക്കുള്ളതാണു ആ സ്റ്റൈലിനു കാരണം. സ്വത്തു കച്ചവടത്തിലെ കമ്മീഷന്‍ കുറഞ്ഞതാണ് വിഷയം. വിനയന്‍ അത്ര വിനയാന്വിതനായിട്ടല്ല പ്രകടനം കാഴ്ച്ചവെച്ചത്.

ഇങ്ങനെ എത്രയെത്ര വഴക്കുകള്‍!

അന്നും ഡോ. ജയറാമിന്റെ കൂടെ അജ്മാന്‍ കടലോരത്തായിരുന്നു പ്രഭാത നടത്തം. സാധാരണ കുഞ്ഞോളങ്ങളുള്ള കടല്‍ക്കരയില്‍ അന്നു അല്പം ദ്വേഷ്യത്തോടെ തിരകളടിയ്ക്കുന്നുണ്ടായിരുന്നു. ഒരു ശണ്ഠ തന്റെ തീരത്തു അരങ്ങേറുന്നതിലുള്ള പ്രതിഷേധമാണെന്നു തോന്നി.

രണ്ടു പേര്‍ തമ്മിലുള്ള വഴക്ക് ഞങ്ങളും കണ്ടു നിന്നു കുറച്ചു നേരം.

‘രണ്ടു കയ്യും കൊട്ടുമ്പോഴേ ശബ്ദമുണ്ടാകൂ... അതുകൊണ്ട് നിന്റെ കൈ ഒതുങ്ങിയിരിക്കട്ടെ...’എന്ന ആപ്ത വചനമുള്‍ക്കൊണ്ടതുപോലെ ശുഭ്ര ശരീരി ഒരക്ഷരമുരിയാടാതെയിരുന്നു. ചോപ്പനാകട്ടെ, നിന്നു കുരയ്ക്കുക തന്നെ!

ഏകപക്ഷീയമായ ബഹളത്തിനു വഴക്കെന്നു പറയാമോ എന്നു ഞങ്ങള്‍ ശങ്കിച്ചു.

‘ദൃഷ്ട്യേ കലഹം’ എന്ന നിര്‍വചനം ശണ്ഠയ്ക്കുണ്ടോ എന്നെനിയ്ക്കറിയില്ല. മൌനിയുടെ ചക്ഷുരേന്ദ്രിയത്തില്‍ നിന്നും അനര്‍ഗ്ഗളമായി നിര്‍ഗ്ഗമിയ്ക്കുന്ന കോപാഗ്നിയാണോ മറ്റേയാളെ ചൊടിപ്പിയ്ക്കുന്നത് എന്ന സംശയത്തിനും ബലമുള്ളതായി തോന്നിയില്ല. കാരണം അത്ര ശാന്തമായാണു മൂപ്പരുടെ ഇരുപ്പ്.

കസേരയ്ക്കു വേണ്ടിയുള്ള വഴക്കായിരിക്കുമോ. നാട്ടിലെ സ്ഥിരം കലഹം അതിനുവേണ്ടിയുള്ളതാണെന്നതിനാല്‍ തോന്നിയതാണ്. പക്ഷെ ജനങ്ങള്‍ സാധാരണ കാറ്റുകൊള്ളാനിരിയ്ക്കുന്ന മേശയും കസേരയും ഒഴിച്ചിട്ട് അതിനു താഴെ ഇരുന്നും നിന്നുമാണ് കലഹം.

തൊട്ടടുത്തുള്ള നിശാക്ലബ്ബില്‍ പുലരുന്നതു വരെ നടന്നിരുന്ന നൃത്തത്തിനിടയ്ക്ക് ഇയാളുടെ പിടയെ വശത്താക്കിയതിലുള്ള അരിശമാവാന്‍ സാദ്ധ്യത കുറവല്ല.

അല്ലെങ്കില്‍ വണ്ടിച്ചെക്കു കൊടുത്തു വഞ്ചിച്ചതിനാലുമാകാം.

വിസ കരാറില്‍ പണം മുഴുവന്‍ കൊടുത്തു തീര്‍ക്കാത്തതിനാലാണെങ്കിലോ... അതൊന്നുമല്ലെങ്കില്‍ വിസ കിട്ടാന്‍ വേണ്ടി കാണിച്ച ശുഷ്കാന്തി ഇപ്പോള്‍ കാണിക്കാത്തതിനാലുമാകാം.....

ഇക്കാര്യത്തില്‍ മൃഗവും മനുഷ്യനും വ്യത്യാസമു‍ണ്ടെന്നു കരുതുന്നത് തെറ്റാണ്.

ദുബായ് കാഴ്ച ബംഗ്ലാവില്‍ കുരങ്ങന്റെ വിസയിലാണത്രെ ഒരു സിംഹച്ചായന്‍ പണം വാങ്ങി തന്റെ ആത്മ സുഹൃത്തായ മറ്റൊരു സിംഹത്തെ കൊണ്ടുവന്നത്. അതുകൊണ്ടു തന്നെ അതിന്റെ ഭക്ഷണം മുള്ളങ്കിയും കാരറ്റുമായതിനെച്ചൊല്ലി കാഴ്ച്ച ബംഗ്ലാവില്‍ ഭയങ്കര വഴക്ക് നടന്നതായി കേട്ടു കേള്‍വിയുണ്ട്.

പറഞ്ഞുവന്ന് ഞാനൊരു കാര്യം പറയാന്‍ മറന്നു.

ഞങ്ങള്‍ കണ്ടതും ഒരു മൃഗ വഴക്കായിരുന്നു!

ഒരു വെളുത്തു സൌമ്യനായ പൂച്ചയും ഫിലിപ്പെയ്നിയെപ്പോലെ കുറിയനായ ഒരു ചുവപ്പന്‍ നായക്കുട്ടിയും മുഖാമുഖം കാട്ടിക്കൂട്ടിയ ‘സീന്‍’ ആണു ഞങ്ങള്‍ കണ്ടു നിന്നത്.

നായ എത്ര ദ്വേഷ്യത്തോടെ കുരച്ചിട്ടും പൂച്ച ‘മിയാവു’ എന്നൊരക്ഷരം മിണ്ടിയില്ല!

മൌനം പൂച്ചയ്ക്കും ഭൂഷണമായിരിയ്ക്കും.

Lath

5 comments:

ശ്രീ said...

പൂച്ചയ്ക്കു ബുദ്ധിയുണ്ട്, അല്ലേ?
;)

IVY said...

പൂച്ച ‘മ്യാവൂ’ എന്നൊരക്ഷരം മിണ്ടിയില്ല! --
രസികന്‍ പ്രയോഗം!

Satheesh Haripad said...

കൊള്ളാമല്ലോ മാഷേ.....വഴക്കിനെപ്പറ്റിയൊരു പോസ്റ്റ് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.
ഇനിയും കൂടുതല്‍ എഴുതണം.

http://satheeshharipad.blogspot.com/

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മ്യാവൂ ഹഹ....
അപ്പോള്‍ അതിനും ബുദ്ധിയുണ്ട് ഹഹ..
ഇനിയും തുടരൂ ഈ യാത്ര കൂടെ മഴത്തുള്ളികളായ് ഞങ്ങളും,

ABOOBAKER SIDHEEQUE said...

ബുദ്ധി മാനായ പൂച്ച