Saturday, December 29, 2007

ഖസബ വിശേഷങ്ങള്‍.....


നിശയുടെ രണ്ടാം യാമം കഴിഞ്ഞാണു കുട്ടികളുടെ അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പുറത്തിറങ്ങുക. എല്ലാവരും പണി കഴിഞ്ഞു വീട്ടിലെത്തുന്ന നേരവും ഞങ്ങള്‍ ജോലിസ്ഥലത്തു പണിയുകതന്നെയാകും! പിന്നെ കുറുക്കന്മാരെപ്പോലെയാവുകയല്ലാതെ തരമില്ലല്ലോ. രാത്രി ചരന്മാരായ ഞങ്ങള്‍ സൊറ പറയാനിരിയ്ക്കുന്ന സ്ഥലമാണ് ഷാര്‍ജയിലെ ഖന്നത്തുല്‍ ഖസബ.

കുടുംബ സംഗമത്തിനു പറ്റിയ സഥലമാണ് ഖസബ. പട്ടണത്തിന്റെ ശല്യമില്ലാതെ കളിയ്ക്കാനും, നടക്കാനും, ഇരിയ്ക്കാനും പറ്റിയ സ്ഥലമെന്നതിനു പുറമെ ടൂറിസ്റ്റുകളെ ആകര്‍ഷിയ്ക്കാന്‍ കനാലിനോടുചേര്‍ന്ന് ജയന്റ് വീല്‍, യൂറോപ്യന്‍-അറബി റസ്റ്റാറന്റുകള്‍, ബോട്ടിങ്ങ് തുടങ്ങിയവ പാതിരാത്രി വരെയും പ്രവര്‍ത്തിയ്ക്കുന്നു.

ഡോക്ട്രര്‍ സഗീറും കുടുംബവുമാണു കൂട്ടിനുണ്ടാവുക. അദ്ദേഹമാണ് ഈ സ്ഥലം കാണിച്ചു തന്നത്. നാലഞ്ചു വര്‍ഷം മുന്‍പ് വരെ മുട്ടോളം മണ്ണ് മൂടിയ സ്ഥലമായിരുന്നു ഇത്. ദിവസംതോറും മാറ്റങ്ങള്‍. ഭൂമി കുഴിച്ചു ഖാലിദ് ലഗൂണുമായി യോജിപ്പിച്ചു പുതിയ കനാലുണ്ടാക്കി. പിന്നെ ചടപടാ വേഗത്തിലാണു ഇത്ര മനോഹരമായ സന്ദര്‍ശക കേന്ദ്രമാക്കിയത്.

ഇപ്പോള്‍ ഞങ്ങളെ പോലെ ചിലര്‍ സ്ഥിരമായി അവിടെ വന്നിരിയ്ക്കാറുണ്ട്.
അവിടെയിരിയ്ക്കുമ്പോള്‍ ഏഴു നിലയില്‍ പൊട്ടുന്ന വെടികള്‍ ചിലപ്പോള്‍ രജനിയുടെ ചക്രവാളസീമയില്‍ വര്‍ണ്ണപ്പൂക്കള്‍ വിതറുന്നതു കാണാം. എന്തെങ്കിലും ചെറിയ കാരണം മതി ഇവിടെ മുന്തിയയിനം വെടി പൊട്ടിയ്ക്കാന്‍!

ഞങ്ങളും പൊട്ടിയ്ക്കും വെടി, ആകാശത്തു മത്സരിക്കാനല്ല. കേള്‍വിക്കാരുടെ മുഖത്തു വര്‍ണ്ണപ്പുഞ്ചിരി വിരിയിയ്ക്കാന്‍. പൂരത്തിന്റെ നാട്ടുകാരനായതുകൊണ്ട് ഡോക്ടര്‍ സഗീര്‍ ഒരേഴെട്ടു നിലയിലുള്ളതൊക്കെ കത്തിയ്ക്കും. വളരെ ചെറുപ്പത്തില്‍ തിരൂരില്‍ കല്ലിങ്ങല്‍ പാടത്തും, പിന്നെ ബെട്ടത്തു പുതിയങ്ങാടിയില്‍ തമസമാക്കിയപ്പോള്‍ അവിടുത്തെ യാറം മുറ്റത്തും പൊട്ടിച്ചു ശീലമുള്ള കുഞ്ഞു കുഞ്ഞു വെടികളെ എന്റെയടുത്തു കാണൂ. ചിലപ്പോള്‍ അതു തഴെക്കിടന്നു പൊട്ടും. പിന്നെ കുറേ നേരം അതിന്റെ പുക ചുറ്റുവട്ടത്തൊക്കെ തങ്ങി നില്‍ക്കും. എല്ലാംകൂടി ചിരിയ്ക്കാന്‍ നല്ല വിഭവങ്ങളുണ്ടകും. അതാണ് ഞങ്ങളുദ്ദേശിയ്ക്കുന്നതും.

അപ്പോഴേയ്ക്കും മക്കള്‍ ക്രിക്കറ്റ് കളി മടുത്തു സല്ലാപത്തിലായിരിയ്ക്കും.

ഒരു പുലരി കൂടി അടുത്തു തുടങ്ങിയെന്നുതോന്നുമ്പോള്‍ ഞങ്ങള്‍ പിരിയും……

Lath


1 comment:

G.MANU said...

ഞങ്ങളും പൊട്ടിയ്ക്കും വെടി, ആകാശത്തു മത്സരിക്കാനല്ല. കേള്‍വിക്കാരുടെ മുഖത്തു വര്‍ണ്ണപ്പുഞ്ചിരി വിരിയിയ്ക്കാന്‍

punchiri viriyatte