Friday, December 28, 2007

ലളിത ഗാനം

മൂന്നാമത്തെ ആല്‍ബത്തിന്റെ പണിപ്പുരയില്‍ സമയക്കുറവു കൊണ്ട് എന്തൊക്കെയോ മുഴുവനാക്കാതെ ഇരിപ്പുണ്ട്. സംഗീതം നല്‍കാത്ത ഒരു ഗാനത്തിന്റെ വരികളാണിവിടെ ചേര്‍ക്കുന്നത്.

വെണ്‍ തൂവല്‍ ചേല
ചുരുക്കിട്ടു തുന്നുന്ന നീലാംബരം,
വെണ്‍ മഞ്ഞുതുള്ളികള്‍
‍നിറമണിയാക്കുന്ന ശിശിരാംബരം,
വരവര്‍ണ്ണിനിയായ്
മഞ്ഞില്‍ കുളിയ്ക്കുന്ന കനകാംബരം,
വനമാറില്‍ വെണ്മല
തീര്‍ക്കുവാനെത്തിയോ കാദംബിനി? (വെണ്‍...നീലാംബരം)

വര്‍ണ്ണപ്പുതപ്പിലെ
പരിരംഭണത്തിനു, പൂന്തെന്നലേ!
നീയേകും കുളിരിനു
മറുചൂടു നേരുവാന്‍ കൂട്ടിനുണ്ട്
താമരയിതളിന്റെ
തരളമാം മേനിയില്‍ പ്രണയകാവ്യം
ആരോരുമറിയാതെ
അരുമയായെഴുതിയ മമ മോഹിനി. (വെണ്‍...നീലാംബരം)

ദേവതാരത്തിന്റെ
സൂചിയിലകളില്‍ വലനെയ്തിടാന്‍
മഞ്ഞിഴ നേര്‍പ്പിച്ചു
വെള്ളിനൂല്‍ തീര്‍ക്കുന്നൊരീക്കുളിരിതാ
ദൂരെ ദൃശ്യങ്ങളെ
കാണാതെയാക്കുന്നു മഞ്ഞു തൂകി
ഇഷ്ടങ്ങളിഷ്ടമായ്
ചാരെ വസിയ്ക്കുന്നൊരീനിമിഷം. (വെണ്‍....കാദംബിനീ)

No comments: