Sunday, April 13, 2008

വിഷുദിനാശംസകള്‍


എല്ലാ ബ്ലോഗന്‍സിനും
മനസ്സു നിറയുവോളം
വിഷുദിനാശംസകള്‍.

ഒരു കൊമ്പു കൊന്നപ്പൂവും
കിട്ടിയിട്ടുണ്ട്
മഞ്ഞണിക്കോമ്പായിട്ട്,
വിഷുവിനൊരു
ഹരം പകരാന്‍...

ആഘോഷിയ്ക്കാം
അല്ലേ..

കൂട്ടത്തിലൊരോര്‍മ്മയും പങ്കുവെയ്ക്കാം.
അരവിന്ദന്‍ അന്നു ഞങ്ങളെ വീട്ടിലേയ്ക്കു ക്ഷണിച്ചു.
വിഷുത്തലേന്നു തന്നെ ചെന്നാലേ വിഷുക്കണിയും കണ്ടു വിഷു ആഘോഷിക്കാനാവൂ എന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു.

അബ്ദുള്ളക്കുട്ടിയേയും ക്ഷണിച്ചിരുന്നു. ഞങ്ങളുടെ സീനിയറാണ് അരവിന്ദന്‍.
ഉച്ചയോടെ തലശ്ശേരി ധര്‍മ്മടത്തെത്തി അവന്റെ വീട് തേടിപ്പിടിച്ചു.

അഞ്ഞൂറാന്മാരെ പോലെ തടിച്ചു കൊഴുത്ത മൂന്നു ചേട്ടന്മാരെ അവന്‍ ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. ഉച്ചയൂണും കഴിഞ്ഞു ലാത്തിയടിച്ചിരിയ്ക്കെ ആല്‍ബങ്ങളും, ഒരു ചേട്ടന്‍ ബി. എസ്സിയ്ക്കു വരച്ച ബോട്ടണി റെക്കാഡുകളുമൊക്കെ ഞങ്ങളെ കാണിച്ചു തന്നു. ഇരുട്ടിത്തുടങ്ങിയപ്പോഴേ നല്ല നിലാവുണ്ടായിരുന്നു.

അത്താഴം എട്ടു മണിയ്ക്കു തന്നെ വിളമ്പി. വളരെ ചെറുപ്പമായ രജനിയെ നോക്കി ഞങ്ങള്‍ മുറ്റത്തിരുന്നു. പിന്നെ, നല്ല നിലാവില്‍ അവന്റെ തൊടിയ്ക്കു മുമ്പിലുള്ള പാടത്തു കൂടി നടക്കാനിറങ്ങി.

നിലാവു കണ്ടു മതിമറന്ന അബ്ദുള്ളക്കുട്ടിയുടെ ആപ്തവചനങ്ങളുടെ കെട്ടഴിഞ്ഞു. ടിയാനു ചിലപ്പോഴൊക്കെ അങ്ങിനെ ഒലിച്ചിറങ്ങാറുണ്ട്!
‘വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം..”

കൊട്ടേഷന്‍ തീരുന്നതോടെ ‘പിധിം’ എന്നൊരു ശബ്ദം കേട്ടു ഞാനും അരവിന്ദനും തിരിഞ്ഞു നോക്കി. അബ്ദുല്ലക്കുട്ടിയെ കാണനില്ല.
കവുങ്ങിന്‍ തോട്ടത്തിനിടയിലേയ്ക്കു ഒളിച്ചിറങ്ങുന്ന നിലാവെട്ടത്തില്‍
ഭൂമിയിലൊരിടത്തൊരിളക്കം കണ്ടു. നല്ല ബൌളറും ഫീല്‍ഡറുമായ അരവിന്ദന്‍ ക്രിക്കറ്റ് ബാളിന്നരികിലേയ്ക്കെന്ന പോ‍ലെ ഓടുന്നതു കണ്ടു ഞാനും കൂടെ ഓടി.

നിലത്തു ഒരു തല മാത്രം തലങ്ങും വിലങ്ങും തിരിഞ്ഞു കളിയ്ക്കുന്നതു കണ്ടൂ. പാവം അബ്ദുല്ലക്കുട്ടിയെ തമസ്സു ചതിച്ചതായിരുന്നു. തെങ്ങിന്‍ തൈ നടാന്‍ ആഴത്തില്‍ കുഴിച്ച കുഴിയില്‍ ചപ്പും ചവറും ചാണകവും നിറച്ചിരുന്നിടത്തു ആപ്തവചനത്തോടെ വിസിറ്റു ചെയ്ത അബ്ദുല്ലക്കുട്ടിയെ ഞങ്ങള്‍ ഏലോ ഏലേലോ പറഞ്ഞു ഭൌമ പ്രതലത്തിലെത്തിച്ചു.
പിന്നെ പന്ത്രണ്ടര മണിയുടെ മലബാര്‍ എക്സ്പ്രസ്സു പോകുന്നതുവരെ ധര്‍മ്മടം റെയില്‍ പാളത്തിലിരുന്നു.

രാവിലെ വിഷുക്കണികാണാന്‍ കണ്ണൂചിമ്മി സൂക്ഷിച്ചു കോണിയിറങ്ങാന്‍ അരവിന്ദന്‍ സഹായിച്ചു.

കിഴക്കുണരും സൂര്യന്റെ നിറച്ചാര്‍ത്ത് അബ്ദുല്ലക്കുട്ടിയുടെ തൊലിപ്പുറത്തും
അങ്ങിങ്ങായി ഉണ്ടായിരുന്നതായി ഞാന്‍ ഈ വിഷുത്തലേന്നും ഓര്‍ക്കുന്നു.


Lath


latheefs.blogspot.com




5 comments:

കുഞ്ഞന്‍ said...

ഭടന്‍..

സന്തോഷത്തിന്റെയും ഒപ്പം അബ്ദുള്ളകുട്ടി അപ്രത്യക്ഷമായതിന്റെ ഓര്‍മ്മ നിറയുന്ന വിഷു. സമഭാവനയുടെയും സന്തോഷത്തിന്റെയും വീണ്ടുമൊരു വിഷു കൂടി...

പടം അസ്സല്‍

കുഞ്ഞന്റെ വിഷു ആശംസകള്‍..!

IVY said...

കണിക്കൊന്നയുടെ സൌവര്‍ണ്ണഭംഗി..
നര്‍മ്മം നിറയുന്ന,പഴയ ഓര്‍മ്മ..
വിഷുവിന്റെ ഗൃഹാതുരത്വത്തിന്
മിഴിവേകുന്ന വരമൊഴി..
ആശംസകള്‍! ഭാവുകങ്ങള്‍!

കരീം മാഷ്‌ said...

ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക്!
കുഴിയില്‍ നിന്നു കുന്നിന്മുകളിലേക്ക്!
പുതിയ വിഷുപ്പുലരി
ആശംസകള്‍

കാവലാന്‍ said...

വിഷു ആശംസകള്‍.

മൂര്‍ത്തി said...

വിഷു ആശംസകള്‍..