Monday, March 3, 2008

വാശി

മുഹമ്മദിനു വയ്യാതായിരിയ്ക്കുന്നു.
താടിയും മുടിയുമൊക്കെ ഇങ്ങനെ കറുത്തിരിയ്ക്കുന്നത് നോക്കേണ്ട. അത്ര പെട്ടെന്നു നരയ്ക്കുന്ന പാരമ്പര്യം അല്ല.

ദേഹത്തിനു, പക്ഷെ നര തുടങ്ങിയിരിയ്ക്കുന്നുവെന്നത് ചെറുതായി വേദനിപ്പിയ്ക്കുന്നു. തലയും താടിയും നരച്ചാലും വേണ്ടിയില്ലായിരുന്നു. ദേഹത്തിനല്ലെ ശക്തി വേണ്ടത്?

നാട്ടില്‍ പോയി ചികിത്സിയ്ക്കാന്‍ ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല. ഇവിടെ മതി. കുറച്ചു കാലം കൂടി. അതൊരു വാശിയാണ്.

വരുമ്പോഴുള്ള പ്രായവും ഇവിടെ കഴിച്ചുകൂട്ടിയ മൂന്നര പതിറ്റാണ്ടും കൂട്ടിയായല്‍ ഇപ്പോള്‍ അമ്പത്തിയാറ് വയസ്സായി.

പത്തു കൊല്ലം മുമ്പ് ഒരിയ്ക്കല്‍ കാന്‍സലടിച്ചു വിട്ടതാണ്.
കാര്യമായ അപരാധമൊന്നും ചെയ്തിട്ടല്ല. അന്നു ട്രക്ക് ഡ്രൈവറായിരുന്നു. ചെറിയ വണ്ടിയെ മറികടക്കുമ്പോള്‍ പോലീസ് പിടിച്ചു, വിസ റദ്ദാക്കി നാട്ടിലയച്ചു.

ഉടനെ ഒരു വിസിറ്റ് വിസയെങ്കിലും തരപ്പെടുത്താതെ രക്ഷയില്ലാതായി. നല്ലൊരു അറബിയുടെ സഹായത്താല്‍ ചെറുതെങ്കിലും പിന്നെയും ജോലിയുള്ള വിസയടിച്ചു.

ഒരോ പോക്കുവരവിലും ഒരുപാടു ശൂന്യത നേടി. അതിന്റെ വല്ലാത്ത കനം നെഞ്ചിലുണ്ടെന്നു ഇതുവരെ ആരെയും അറിയിച്ചിട്ടില്ല.

ഒരിയ്ക്കല്‍ നാട്ടിലേയ്ക്കു പോകുമ്പോള്‍ പഴയ ക്യാന്‍സലേഷന്റെ എന്തൊ സൂചന കമ്പ്യൂട്ടറിലുള്ളതുകൊണ്ട് ഷാര്‍ജ വിമാനത്താവളത്തില്‍ പിടിച്ചു വെച്ചു. രണ്ടാമത്തെ മകളുടെ കല്യാണത്തിനു പോകുന്നതായതിനാല്‍ മനസ്സൊന്നു പിടഞ്ഞു. അന്നെന്തൊക്കെയോ പറഞ്ഞെന്നു ഓര്‍മ്മയില്ല. ദയവു തോന്നിയ പോലീസ് ഓഫീസര്‍ കടത്തിവിട്ടു.

കല്യാണം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഇവിടെ വീണ്ടും പിടിച്ചു. ആദ്യം ക്യാന്‍സല്‍ ചെയ്തപ്പോള്‍ ഫിങ്കര്‍ പ്രിന്റ് കൊടുത്തിട്ടില്ലെന്നതാണ് തെറ്റ്. മഗ്രിബ് ബാങ്ക് കൊടുക്കുമ്പോള്‍ തുടങ്ങിയ കാത്തിരുപ്പു രാത്രി പതിനൊന്നുമണിവരെ. ഡ്യൂട്ടി മാറി വന്ന പോലീസ് കാരന്‍ പാസ്പോര്‍ട്ട് വാങ്ങിവെച്ചു അടുത്ത ദിവസം രാവിലെ സ്പോണ്‍സറിനെയും കൊണ്ടുവന്നു കാര്യങ്ങളൊക്കെ ശരിപ്പെടുത്തണമെന്ന നിബന്ധനയോടെ വിട്ടയച്ചു.

പത്തു കൊല്ലം മുമ്പുള്ള കേസിനെ പിന്തുടര്‍ന്നാല്‍ പ്രശ്നം വീണ്ടും സങ്കീര്‍ണ്ണമാകുമെന്നു പറഞ്ഞു സ്പോണ്‍സര്‍ സ്വാധീനം ചെലുത്തി പാസ്പോര്‍ട്ട് തിരിച്ചു വാങ്ങിച്ചു. രണ്ടു മാസം കഴിഞ്ഞു വിസ മൂന്നു വര്‍ഷത്തെയ്ക്ക് വീണ്ടും പുതുക്കി. ഇപ്പോള്‍ നാട്ടില്‍ പോകാനൊരുങ്ങിയാല്‍ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കും.

ഇളയ മകള്‍ ഡിഗ്രിയ്ക്കു ഒന്നാം കൊല്ലമാണ്. അവളുടെ കോഴ്സു കഴിഞ്ഞു ഒരു കല്യാണക്കാര്യം ഉറപ്പിച്ചിട്ടു വേണം ക്യാന്‍സല്‍ ചെയ്തു പോകാന്‍. അതൊരു വാശിയാ.
അതുവരെയെങ്കിലും ഈ തടി ഉലയാതെ നോക്കണം.


Lath.

1 comment:

ബൈജു സുല്‍ത്താന്‍ said...

ബാക്കി വരാനുണ്ടോ?