Sunday, March 30, 2008

ബൂലോകരുടെ കൂടിക്കാഴ്ച..


































കണ്ണോരം കുറേ ബൂലോകര്‍ കൂടിനിന്നപ്പോള്‍ എന്റെ റിനുവിനും ഫെനുവിനും ഒരു സംശയം!

“പപ്പാക്കെവിടുന്നാ പെട്ടെന്നൊരു ദിവസം ഇത്രയധികം ഫ്രന്‍ഡ്സിനെ കിട്ട്യേത്”.....

ചോദ്യത്തിനുത്തരം ഒരു അഭിമാനമായി എന്റെ ഉള്ളില്‍ തലപൊക്കി.
അതൊരുപദേശമാക്കി ഞാനവര്‍ക്കു പറഞ്ഞുകൊടുത്തു.

‘ഒഴിവു സമയങ്ങളില്‍ നിങ്ങള്‍ക്കു തോന്നുന്നതെന്തെങ്കിലും എഴുതിവെച്ചു
വായന ഇഷ്ടപ്പെടുന്നവരുടെ മുമ്പിലെത്തിച്ചു ഒളിഞ്ഞു നോക്കുക.....ചിലരൊക്കെ കണ്ണുരുട്ടും. എന്നാലും നിറുത്തരുത്. കുറേയാകുമ്പോള്‍ പണ്ടാരം ഇതൊന്നു വായിച്ചു നോക്കാമെന്നു
ആരെങ്കിലും കരുതിയാല്‍, ഒരു അഭിപ്രായം കിട്ടാന്‍ സാദ്ധ്യതയുണ്ട്. നന്നായില്ല, എന്താ ഇത്, ഇനി എഴുതരുതെ...എന്നൊക്കെ ആയിരിയ്ക്കും പ്രതികരണം. അപ്പോള്‍ വീണ്ടും നന്നാക്കി എഴുതാന്‍ തോന്നും, തോന്നണം. ആദ്യം വായിച്ചവര്‍ ചിലപ്പോള്‍ വീണ്ടും, അല്ലെങ്കില്‍ പുതിയവരെങ്കിലും പിന്നെ വായിച്ചെന്നിരിയ്ക്കും.....അങ്ങനെ നമ്മളെഴുതുന്നത് വായിക്കുന്ന കുറേ കൂട്ടരുണ്ടാകും...അവരുടെയടുക്കല്‍ നിന്നും കുറേ പുതിയ അറിവും കിട്ടും....പിന്നെ നല്ല സൌഹൃദവും....
ഞങ്ങളെല്ലാം അതുപോലെ പരസ്പരം വായിച്ചവരാണ്. ഇപ്പോളിതാ നേരില്‍ കാണാനുള്ള സൌഭാഗ്യവും...

നിങ്ങള്‍ക്കും ഇതുപോലെ എഴുത്തിലൂടെയും വായനയിലൂടേയും കൂറെ ചങ്ങാതിമാരെ സമ്പാദിക്കാം...’
റിനുവും ഫെനുവും മനസ്സിലായെന്നു തലയാട്ടി.

നല്ല കൂട്ടായ്മ!

എനിയ്ക്കു പെട്ടെന്നു പോരേണ്ടി വന്നത് മ്മിണി കഷ്ടായി. ആരൊക്കെ എന്തൊക്കെ കോപ്രാട്ടിത്തരം കാണിക്കുന്നുണ്ടെന്നു കാണണമെന്നുണ്ടായിരുന്നു.
മൂന്നു മണിയ്ക്കു തന്നെ ഹാജരാവാന്‍ പുറപ്പെട്ടു; മ്മടെ ദുബായിയുടെ സ്ഥിതിയല്ലെ? സമയം എവിടെ പോയതെന്നറിഞ്ഞില്ല. കായല്‍ക്കര തോട്ടത്തിന്റെ രണ്ടാം കവാടം തേടി പിടിച്ചപ്പോള്‍ മണി മൂന്നര. പിന്നെ പരുന്തിനെ പോലെ ഞാനും മച്ചുനനും (ബൈജു സുല്‍ത്താന്‍) ഏഴെട്ടു തവണ കറങ്ങി, ഒരു നില്‍ക്കക്കള്ളി കിട്ടാന്‍.

വേണ്ടുന്നതിനും വേണ്ടാത്തതിനും വന്നവരുടെ കാറുകളുടെ കൂമ്പാരം. എവിടെ നിര്‍ത്തും?.....

ഒരിടത്തൊതുക്കി തോട്ടത്തില്‍ കടന്നപ്പോ മുമ്പും പിമ്പും മാറിപ്പോയ അങ്കലാപ്പ്. ഞങ്ങളുടെ മുന്‍ഭാഗമാണ് അഗ്രജന്റെ പിന്‍ഭാഗം എന്നു മനസ്സിലായപ്പോഴെയ്ക്കും മണി നാല്! മല്ലുമുഖങ്ങള്‍ കണ്ടു സംശയത്തോടെ ബൈജു പരന്നിരിയ്ക്കുന്ന ഒരാളുടെ ചെവിയില്‍ ചുണ്ടടുപ്പിച്ചു ആംഗലേയത്തില്‍ ചോദിച്ചു...“ആര്‍ യു ബ്ലോഗന്‍സ്..?”
മചുനന്‍ പെട്ടെന്നു ബൌണ്‍സ് ചെയ്യുന്നതു കണ്ടപ്പോഴെ ഞാന്‍ കരുതി ചോദ്യം വഴുതിപ്പോയെന്ന്...
പിന്നെയാണ് അഗ്രജന്റെ കുപ്പായം ആക്രിപ്പച്ചയാണെന്നും, നീലയും മഞ്ഞയും നിറമുള്ള കെട്ടിടത്തിന്റെ മുന്‍ വശമാണ് പിന്‍ വശമെന്നതും, പിന്‍ വശം മുന്‍ വശമാണെന്നുമൊക്കെയുള്ള തിരിച്ചറിവുണ്ടായത്....

കൂട്ടത്തില്‍ ചേര്‍ന്നപ്പോള്‍ മണി നാലര!
അതുകൊണ്ടു ഉള്ളവരുടെ മുമ്പിലൊക്കെ ഒന്നു ഹാജ്ജരായി സ്ഥലം വിടേണ്ടിവന്നു,
സര്‍വ്വ ബൂലോകരും ക്ഷമിയ്ക്കുക.

Lath.
latheefs.blogspot.com
drlathif@emirates.net.ae


















Monday, March 17, 2008

കണ്ണൂരിലെ സമാധാനത്തിന്...

click on the photo to enlarge


കൂട്ടരെ!

മനുഷ്യരെ ഇത്രത്തോളം

കഠിന ഹൃദയരാവാന്‍ സമ്മതിച്ചുകൂട...

പരസ്പരം അറുത്തും വെട്ടിയും

അറപ്പുതീരാത്തവര്‍...


നമ്മുടെ ഈ സമ്മേളനത്തിനു നേരെയും

അവരുടെ ആക്രമണം ഉണ്ടായേക്കാം,

വെടിയുണ്ടകളും കല്ലും എയ്തു,

കൊന്നു, കരിങ്കല്ലിലുരച്ചു മൂര്‍ച്ചകൂട്ടിയ കത്തികൊണ്ടു

നമ്മെ പോലുള്ളവരെ അറുത്തുമുറിച്ചു, മുളകു തേച്ചു

തിളച്ച എണ്ണയിലിട്ടു ആഹ്ലാദിച്ചു

അവര്‍ അടുത്ത മനുഷ്യനെ വെട്ടാനുള്ള

പരിശീലനം നേടുകയാണ്..


അതിനുമുമ്പ് സമാധാനത്തിന്റെ പ്രതീകമായി

കണ്ണൂരില്‍ നമുക്കൊരുമിച്ചു പറക്കാം..

“നിങ്ങള്‍ പരസ്പരം കൊല്ലരുത്

നിങ്ങളുടെ അയുധം വേണമെങ്കില്‍

ഞങ്ങള്‍ക്കു നേരെയാവാം

എന്നു കരഞ്ഞുകൊണ്ട്..”


Lath












Monday, March 3, 2008

വാശി

മുഹമ്മദിനു വയ്യാതായിരിയ്ക്കുന്നു.
താടിയും മുടിയുമൊക്കെ ഇങ്ങനെ കറുത്തിരിയ്ക്കുന്നത് നോക്കേണ്ട. അത്ര പെട്ടെന്നു നരയ്ക്കുന്ന പാരമ്പര്യം അല്ല.

ദേഹത്തിനു, പക്ഷെ നര തുടങ്ങിയിരിയ്ക്കുന്നുവെന്നത് ചെറുതായി വേദനിപ്പിയ്ക്കുന്നു. തലയും താടിയും നരച്ചാലും വേണ്ടിയില്ലായിരുന്നു. ദേഹത്തിനല്ലെ ശക്തി വേണ്ടത്?

നാട്ടില്‍ പോയി ചികിത്സിയ്ക്കാന്‍ ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല. ഇവിടെ മതി. കുറച്ചു കാലം കൂടി. അതൊരു വാശിയാണ്.

വരുമ്പോഴുള്ള പ്രായവും ഇവിടെ കഴിച്ചുകൂട്ടിയ മൂന്നര പതിറ്റാണ്ടും കൂട്ടിയായല്‍ ഇപ്പോള്‍ അമ്പത്തിയാറ് വയസ്സായി.

പത്തു കൊല്ലം മുമ്പ് ഒരിയ്ക്കല്‍ കാന്‍സലടിച്ചു വിട്ടതാണ്.
കാര്യമായ അപരാധമൊന്നും ചെയ്തിട്ടല്ല. അന്നു ട്രക്ക് ഡ്രൈവറായിരുന്നു. ചെറിയ വണ്ടിയെ മറികടക്കുമ്പോള്‍ പോലീസ് പിടിച്ചു, വിസ റദ്ദാക്കി നാട്ടിലയച്ചു.

ഉടനെ ഒരു വിസിറ്റ് വിസയെങ്കിലും തരപ്പെടുത്താതെ രക്ഷയില്ലാതായി. നല്ലൊരു അറബിയുടെ സഹായത്താല്‍ ചെറുതെങ്കിലും പിന്നെയും ജോലിയുള്ള വിസയടിച്ചു.

ഒരോ പോക്കുവരവിലും ഒരുപാടു ശൂന്യത നേടി. അതിന്റെ വല്ലാത്ത കനം നെഞ്ചിലുണ്ടെന്നു ഇതുവരെ ആരെയും അറിയിച്ചിട്ടില്ല.

ഒരിയ്ക്കല്‍ നാട്ടിലേയ്ക്കു പോകുമ്പോള്‍ പഴയ ക്യാന്‍സലേഷന്റെ എന്തൊ സൂചന കമ്പ്യൂട്ടറിലുള്ളതുകൊണ്ട് ഷാര്‍ജ വിമാനത്താവളത്തില്‍ പിടിച്ചു വെച്ചു. രണ്ടാമത്തെ മകളുടെ കല്യാണത്തിനു പോകുന്നതായതിനാല്‍ മനസ്സൊന്നു പിടഞ്ഞു. അന്നെന്തൊക്കെയോ പറഞ്ഞെന്നു ഓര്‍മ്മയില്ല. ദയവു തോന്നിയ പോലീസ് ഓഫീസര്‍ കടത്തിവിട്ടു.

കല്യാണം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഇവിടെ വീണ്ടും പിടിച്ചു. ആദ്യം ക്യാന്‍സല്‍ ചെയ്തപ്പോള്‍ ഫിങ്കര്‍ പ്രിന്റ് കൊടുത്തിട്ടില്ലെന്നതാണ് തെറ്റ്. മഗ്രിബ് ബാങ്ക് കൊടുക്കുമ്പോള്‍ തുടങ്ങിയ കാത്തിരുപ്പു രാത്രി പതിനൊന്നുമണിവരെ. ഡ്യൂട്ടി മാറി വന്ന പോലീസ് കാരന്‍ പാസ്പോര്‍ട്ട് വാങ്ങിവെച്ചു അടുത്ത ദിവസം രാവിലെ സ്പോണ്‍സറിനെയും കൊണ്ടുവന്നു കാര്യങ്ങളൊക്കെ ശരിപ്പെടുത്തണമെന്ന നിബന്ധനയോടെ വിട്ടയച്ചു.

പത്തു കൊല്ലം മുമ്പുള്ള കേസിനെ പിന്തുടര്‍ന്നാല്‍ പ്രശ്നം വീണ്ടും സങ്കീര്‍ണ്ണമാകുമെന്നു പറഞ്ഞു സ്പോണ്‍സര്‍ സ്വാധീനം ചെലുത്തി പാസ്പോര്‍ട്ട് തിരിച്ചു വാങ്ങിച്ചു. രണ്ടു മാസം കഴിഞ്ഞു വിസ മൂന്നു വര്‍ഷത്തെയ്ക്ക് വീണ്ടും പുതുക്കി. ഇപ്പോള്‍ നാട്ടില്‍ പോകാനൊരുങ്ങിയാല്‍ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കും.

ഇളയ മകള്‍ ഡിഗ്രിയ്ക്കു ഒന്നാം കൊല്ലമാണ്. അവളുടെ കോഴ്സു കഴിഞ്ഞു ഒരു കല്യാണക്കാര്യം ഉറപ്പിച്ചിട്ടു വേണം ക്യാന്‍സല്‍ ചെയ്തു പോകാന്‍. അതൊരു വാശിയാ.
അതുവരെയെങ്കിലും ഈ തടി ഉലയാതെ നോക്കണം.


Lath.