Monday, February 18, 2008

പട്ടാണി ബഡായി

കുറെ ടാക്സികള്‍ക്കു കൈ കാട്ടി മടുത്തു നില്‍ക്കെയാണ് അയാള്‍ മുന്നില്‍ വന്നു നിര്‍ത്തിയത്. ഞാന്‍ കൈ പൊക്കുന്നതും താഴ്ത്തുന്നതുമൊക്കെ അയാള്‍ ദൂരെ നിന്നും കണ്ടിട്ടുണ്ടാവണം.

“ആയിയെ സാബ്”

ഡ്രൈവര്‍ സീറ്റില്‍ നിന്നും എത്തിവലിഞ്ഞു വാതില്‍ തുറന്നു തന്നു പട്ടാണി സ്വാഗതം ചെയ്തു.

ഒരു സ്റ്റാന്‍ഡേര്‍ഡ് പട്ടാണിയുടെ കാറില്‍ കയറാന്‍ കഴിഞ്ഞ സന്തോഷം എന്റെ മുഖത്തു നിഴലിക്കുന്നതു അയാള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നി.

പെട്ടെന്നു കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു.

കാറോടിച്ചു കൊണ്ടിരിയ്ക്കെ അയാള്‍ ഇടതു കാല്‍ ഡാഷ് ബോര്‍ഡില്‍ കയറ്റിവെച്ചു, സ്റ്റിയറിങ്ങിന്റെ ഇടയിലൂടെ കൈകള്‍ തിരുകി ‘നിസ്വ്വാര്‍’ പൊതി കെട്ടഴിച്ചു. ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന പസ്തു പാട്ട് ഉച്ചത്തില്‍ പാടിത്തുടങ്ങി.

സിറ്റി ടക്സിയിലെ ഡ്രൈവര്‍മാരുടെ സ്വഭാവത്തിനു മാര്‍ക്കിട്ട് അധികാരികളെ വിളിച്ചു പറയാനുള്ള ഫോണ്‍ നമ്പര്‍ ഇയാളുടെ കാറിന്റെ പിന്നിലും വലിയ അക്ഷരത്തില്‍ പതിച്ചിട്ടുണ്ട്!

ആരോടു പറയാന്‍. പട്ടാണി ടൈ കെട്ടിയാലും പട്ടാണിതന്നെ!

ഞാന്‍ സഹിച്ചിരുന്നു. എങ്ങിനെയെങ്കിലും വര്‍ക്ക്ഷോപ്പിലെത്തിച്ചാല്‍ കാറെടുത്തു വേഗം ജോലിയ്ക്കു പോകാമെന്നായിരുന്നു എന്റെ ചിന്ത.

“ആപ് ക്യാ സോച് രഹാഹെ”

നിസ്വ്വാര്‍ മോണയ്ക്കിടയില്‍ കുത്തിത്തിരുകി ഇടങ്കണ്ണിട്ടെന്നെ നോക്കി ഒരു ചോദ്യം. ഞാനൊന്നും മിണ്ടിയില്ല. സംസാരിയ്ക്കാന്‍ തുടങ്ങിയാല്‍ അയാളെന്റെ അണ്ടകടാഹം ഇളക്കും. പട്ടാണികളുടെ കാറില്‍ കയറിയപ്പോഴൊക്കെയുണ്ടായ മുന്‍ അനുഭവം അതായിരുന്നു.

“ആപ് ഖുശി നഹി ഹെ സാബ്...?”..ആക്സിലേറ്റര്‍ ഒന്നുകൂടിയമര്‍ത്തി അടുത്ത ചോദ്യം...

ഞാനൊന്നു പുഞ്ചിരിച്ചു കാണിച്ചു. ഭംഗിയില്ലാത്ത ചിരി കണ്ടെങ്കിലും സംസാരം നിര്‍ത്തിയെങ്കില്‍ എന്നു കരുതി.

“ദൂസരോം കൊ ഖുശി ദേനാ അച്ചാ ഹെ”....
സാംഗത്യം എനിയ്ക്കു തീരെ പിടികിട്ടാത്ത ഒരു സ്റ്റേറ്റ്മെന്റ്!

എന്റെ പുഞ്ചിരിയുടെ സ്റ്റൈല്‍ മാറ്റി മന്ദഹാസമാക്കി. രണ്ടും ഒന്നു തന്നെ. പാട്ടാണി വല്ല വ്യത്യാസവും കണ്ടു പുറം തിരിഞ്ഞിരുന്നാലോ എന്നു സന്തോഷിച്ചു.

കാറ് അയാള്‍ പെട്ടെന്നു പെട്രോള്‍ പമ്പിലേയ്ക്കു തിരിച്ചു.

“ആവോ സാബ്, ആവോ..പെട്രോള്‍ ഭരോ....”

ചില്ലു താഴ്ത്തി അപ്പുറത്തു നിന്നിരുന്ന ബംഗാളി ചെക്കനെ കൈ കാട്ടി വിളിച്ചു പറഞ്ഞു അയാള്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

ഓടി വന്നു പെട്രോള്‍ നിറക്കാന്‍ തുടങ്ങിയ ബംഗാളിയുടെ മുഖത്തും ചെറു പുഞ്ചിരി കണ്ടു.

“ദേഖോ ഇത്നാ ഖുശി ഹെ വോ...
ക്യോം? മാലൂം?
മെ ഉസ്കോ സാബ് ബുലായാ...ഇസ്ലിയെ..
ദൂസരോം കൊ ഖുശി ദേനാ അച്ചാ ഹെ... ന?”

സാബ് വിളി മൂപ്പരുടെ തുരുപ്പൂ ചീട്ടാണെന്നു എനിയ്ക്കു പിടികിട്ടി. എന്നെ സന്തോഷിപ്പിക്കാനും മൂപ്പര്‍ അതാണ് ആദ്യം ഉപയോഗിച്ചതെന്നു ധ്വനി!


അയാളില്‍ ഈശ്വരന്‍ ഒരു സ്പ്രിങ്ങ് കൂടി ഘടിപ്പിച്ചിട്ടുണ്ടോ എന്നു തോന്നി. അത്രയ്ക്കും അസ്വസ്ഥനായ തരത്തിലാണു അയാള്‍ സരസനാണെന്നു തോന്നിപ്പിയ്ക്കാന്‍ ഒരോന്നു കാട്ടിക്കൂട്ടിയത്.


പെട്രോള്‍ അടിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ബംഗാളിയ്ക്കു പണം എടുക്കാനുള്ള കാര്‍ഡ് കൊടുത്തു. അവനതുമായി അപ്പുറത്തുള്ള മെഷ്യനില്‍ പോയി സ്വീപ് ചെയ്യുമ്പോള്‍ പട്ടാണിയുടെ അടുത്ത ബഹളം!

യെ ക്യാ ഹെ...? പെട്രോള്‍ ഇധര്‍ ഹെ...
പൈസാ ഉധര്‍ ഹെ...
ബാത്ത് റൂം ബെഡ് റൂം മെ ഹെ...!


വിശാലമായ ഭൂതലത്തിലെ സൌകര്യം ആധുനിക യുഗത്തില്‍ കിടക്കമുറിയിലേയ്ക്കു മാറ്റിയതില്‍ പട്ടാണിയ്ക്കു വല്ലാത്ത കുണ്ഠിതമുണ്ടെന്നെനിയ്ക്കു തോന്നാതിരുന്നില്ല.


വീണ്ടും അയാളുടെ കൂടെ സഞ്ചാരം തുടര്‍ന്നു.


ഗ്യരേജിനടുത്തു നിര്‍ത്തിയപ്പോള്‍ അയാള്‍ക്കു കണ്‍ക്ലൂഡ് ചെയ്യാനുള്ളതു കൂടി കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു.


“മേരാ സിര്‍ ബഹൂത് ഭാരി ലഗ്ത്താഹെ...”

ഇത്തവണ ഒരു സ്ങ്കടം പറച്ചിലായിരുന്നു.


“ശായദ് ടെന്‍ഷന്‍സെ ഹെ...” ഇറങ്ങുമ്പോഴെങ്കിലും എന്തെങ്കിലും ഉരിയാടണ്ടേ
എന്നു കരുതി പൈസ കൊടുത്തു കൊണ്ടു ഞാന്‍ സംശയം പറഞ്ഞു.


“സഹീ ഹെ....ആപ് സഹീ ബോലാ....
യെ ദുനിയാമെ ജൊ കുച് ഫ്രീ മില്‍ത്താ ഹെ
വോ ടെന്‍ഷന്‍ ഹെ...! ബാക്കി പൂരാ പൈസാ കാ ഊപ്പര്‍ ഹെ...
യെ ‘ടെന്‍ഷ്ന്‍ ഫ്രീ’ കണ്ട്രീ ഹെ....!


പട്ടാണിയുടെ തിരിച്ചറിവിനെ ബഹുമാനിച്ചു ഞാനയാളുടെ പഴയ കുതൂഹലങ്ങളൊക്കെ മാപ്പര്‍ഹിക്കുന്ന കണക്കിലെഴുതി.



Lath

1 comment:

ചുള്ളിക്കാലെ ബാബു said...

പട്ടാണിയുടെ തിരിച്ചറിവിനെ ബഹുമാനിച്ചു ഞാനയാളുടെ പഴയ കുതൂഹലങ്ങളൊക്കെ മാപ്പര്‍ഹിക്കുന്ന കണക്കിലെഴുതി.

അതു നന്നായി, പട്ടാണി ആ പറഞ്ഞത് കാര്യാ.