Wednesday, February 13, 2008

മുത്തശ്ശിക്കഥ

മുത്തശ്ശിക്കഥ പറഞ്ഞുറക്കാം…
മുത്തം തന്നുണര്‍ത്താം ഞാന്‍…
മാലാഖമാരുടെ കഥ വേണോ
മഗ്ദലന മറിയത്തിന്‍ കഥ വേണോ…

മനസ്സില്‍ നിന്നു മായാത്ത വരികളും ഈണവും..

അശ്രു ബിന്ദുക്കളെന്തിനോ എന്റെ കണ്ണടയ്ക്കു പിന്നില്‍ നിന്നും ഉതിര്‍ന്നു വീണു. ബാല്യം നഷ്ടമായതില്‍, പിന്നെ ചങ്കിലൊരു കനം.

പെട്ടെന്ന് എത്തരുതെന്നു കരുതി കാറിന്റെ വേഗത കുറ്ച്ചു റേഡിയൊ ഒന്നുകൂടി ഉച്ചത്തിലാക്കി.

ആ നാദ തരംഗങ്ങളിലൂടെ ഞാനവിടെയെത്തി! എന്റെ ബാല്യത്തില്‍, വീണ്ടുമെന്നപോലെ!

ആദ്യം വാങ്ങിയ രണ്ട് ബാന്റ് ഫിലിപ്സ് ട്രാന്‍സിസ്റ്റര്‍ റേഡിയോക്കഭിമുഖമായി താഴെ കമഴ്ന്നു കിടന്നു രാത്രി ഏഴരയ്ക്കുള്ള ‘നിങ്ങളാവശ്യപ്പെട്ട ചലചിത്ര ഗാനങ്ങള്‍’ കേള്‍ക്കുന്നു.

നാല് പെങ്ങന്മാരുടെ ആദ്യത്തെ ആങ്ങള എന്ന പരിഗണന വേണ്ടുവോളം!

പാട്ടു കഴിഞ്ഞു, ആവി പറക്കുന്ന ചോറ് മൂത്ത പെങ്ങള്‍ വാരിത്തന്നു. ഫ്രിഡ്ജും മൈക്രൊവേവ് ഓവണും ഒന്നുമില്ലാത്ത കാലത്തെ ഫ്രഷ് ഫുഡ്. കോലായത്തിണ്ടില്‍ കാലും നീട്ടി വെറ്റിലക്കൂട്ട് പ്രതീക്ഷിച്ചിരിയ്ക്കുന്ന ഉമ്മാമയുടെ (ഉപ്പയുടെ ഉമ്മയെ വിളിച്ചിരുന്നത്) മടിയില്‍ പിന്നെ തലവെച്ചു കിടന്നു, തല തടവി ഉറക്കുന്നതും കാത്ത്.

പെണ്ണുങ്ങളുടെ ഹോബിയായ പേനെടുക്കല്‍ പ്രക്രിയയുടെ ഭാഗമായി അവര്‍ ചെന്നിയിലെ ചെറിയ മുടി വലിയ്ക്കുമ്പോഴുണ്ടാകുന്ന സുഖമുള്ള നോവില്‍ മേലാകെ കോരിത്തരിച്ചു ഞാനുറങ്ങാന്‍ തുടങ്ങി…

ഈ ചെക്കനിതാ ഉറങ്ങുന്നു….കൊണ്ടുപോയി കിടത്തിക്കോ…

ഞാനൊന്നു മുരണ്ടു, നിഷേധ ഭാവത്തില്‍…
കഥകളുടെ കെട്ടഴിക്കണമെന്നാണ് ആ‍ നിഷേധത്തിനര്‍ത്ഥം.
പല്ലില്ലാത്ത മോണയിലിട്ടു ചവയ്ക്കാനുള്ള മുറുക്കാന്‍ രണ്ടാമത്തെ പെങ്ങള്‍ കുത്തിക്കൊണ്ടു വന്നു …

അതവളുടെ ഡ്യൂട്ടി.

വെറ്റിലക്കൂട്ടിന്റെ ലഹരിയില്‍ കഥയുടെ കെട്ടുപൊട്ടി!

പണ്ട്, പണ്ടു പണ്ടു പണ്ട്…..

ഒരു ആന്റിക് മൂഡ് ക്രിയേറ്റു ചെയ്തു കൊണ്ടാണ് കഥ തുടങ്ങിയത്.

ഊം…..

ഉറങ്ങിയിട്ടില്ലെന്നറിയിയ്ക്കാന്‍ ഞാന്‍ ഇടയ്ക്കു മൂളണം!

പണ്ടു പണ്ട് ഒരു പൂച്ചമ്മാമയുണ്ടായിരുന്നു. അതിനെ ഒരു കാടന്‍ പൂച്ച കെട്ടി. തെങ്ങിന്മേല്‍ ഉയരത്തിലായി അപ്പുറത്തും ഇപ്പൊറത്തും തിരിച്ചു വെച്ചു കോളാമ്പി കെട്ടി നല്ല നല്ല പാട്ടൊക്കെ വെച്ചിരുന്നു കല്യാണത്തിന്.

ആ പാട്ട് ഇങ്ങോട്ടൊക്കെ കേക്ക്വായിരുന്നോ…

പിന്നെ…? ഉസാറായി!

കാസലൈറ്റും, മുട്ടുംവിളിയും ലങ്കി മറീണെ കില്ലയുമൊക്കെയുള്ള മാലയിട്ടാണ് പുത്യാപ്ല വന്നത്….

കുറച്ചു കാലം കഴിഞ്ഞു പൂച്ചമ്മാമയുടെ വയറ്റില്‍ കുട്ട്യേളുണ്ടായി..

അതെങ്ങനെ?

അങ്ങനെയങ്ങനെ ഉണ്ടായി…

കാടന്‍ പൂച്ച തന്നിഷ്ടക്കാരനായിരുന്നു. രാത്രി കറങ്ങും, പകലുറങ്ങും.

പൂച്ചമ്മാമ രാവിലെ എഴുന്നേറ്റു പാറപ്പുറത്തു പോയി കാലുകള്‍ നീട്ടി മേലൊക്കെ നക്കിത്തൊടച്ച് കെടക്കും…

അതെന്തിനാ..

പെറുമ്പോളേക്കും ഒരു വീടുണ്ടാക്കണതെങ്ങനെ എന്നാലോചിച്ചു കെടക്ക്വായിരിക്കും. കാടന്‍ പൂച്ച പോക്കിരിയായി നടക്ക്വല്ലേ?. പാവം പൂച്ചമ്മാമ വേണം എല്ലാത്തിനും.

ഒരീസം അങ്ങനെ കെടക്കുമ്പം ഒരു വെറ്റില കച്ചോടക്കാരന്‍ അതിലേ പോകുന്നുണ്ടായിരുന്നു.

വെറ്റില വേണോ……..വെറ്റില…..?

വാ….വാ…വാ… പൂച്ചമ്മാമ അയാളെ വിളിച്ചു.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു വെറ്റില തരോ….

അയാള്‍ കുറേ വെറ്റില കൊടുത്തു…പൂച്ചമ്മാമ അതു പാത്തു വെച്ചു.

അതെന്താ തിന്നാഞ്ഞ്…?

അതൊരാവശ്യത്തിനു വെച്ചതാ…

പിറ്റേന്നും രാവിലെ പൂച്ചമ്മാമ അവിടെ വന്നു കിടന്നു.

അടക്ക വേണോ…അടക്ക അടക്ക….
അന്നൊരു അടക്കാ കച്ചോടക്കാരനായിരുന്നു അതുവഴി പോയിരുന്നത്.

വാ….വാ…വാ… പൂച്ചമ്മാമ അയാളെയും വിളിച്ചുവരുത്തി.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു അടക്ക തരോ…

അയാള്‍ കുറേ അടക്ക കൊടുത്തു…പൂച്ചമ്മാമ അതും പാത്തു വെച്ചു.

അതും എന്താ തിന്നാഞ്ഞ്…?

അതുമൊരാവശ്യത്തിനു വെച്ചതാ…..പിന്നെ കഥേല് ചോദ്യല്യ ട്ടോ…

ഊം…..
ആകാംക്ഷകൊണ്ട് എന്റെയുറക്കം പോയി.

അടുത്ത ദിവസം രാവിലേയും പൂച്ചമ്മാമ പാറപ്പുറത്തു കിടക്കുമ്പോള്‍ ഒരു പുകയില കച്ചോടക്കാരനായിരുന്നു പോയിരുന്നത്.

പുകയില വേണോ പുകയില……അയാള്‍ വിളിച്ചു കൂവിയിരുന്നു.

വാ….വാ…വാ… പൂച്ചമ്മാമ അയാളെയും വിളിച്ചുവരുത്തി.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു പുകയില തരോ…

അയാള്‍ കുറേ പുകയില കൊടുത്തു…പൂച്ചമ്മാമ അതും പാത്തു വെച്ചു.

പിറ്റേ ദിവസം പോയിരുന്നതു ഒരു ചുണ്ണാമ്പ് കച്ചോടക്കാരനായിരുന്നു, ചുണ്ണമ്പു വേണോ ചുണ്ണാമ്പ് എന്നു ചോദിച്ചുകൊണ്ട്.

വാ….വാ…വാ… പൂച്ചമ്മാമ അയാളെയും വിളിച്ചുവരുത്തി.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു ചുണ്ണാമ്പ് തരോ…

അയാള്‍ കുറേ ചുണ്ണാമ്പ് കൊടുത്തു…പൂച്ചമ്മാമ അതും പാത്തു വെച്ചു.

ഈ പൂച്ചമ്മാമയ്ക്ക് എല്ലാവരും എല്ലാം വെറുതെ കൊടുത്തതാ?

ങ്ആ… പാവം പള്ളേലുള്ള പൂച്ചമ്മാമയെ എല്ലാരും സഹായിച്ചു.

അടുത്ത ദിവസം അതിരാവിലെ എണീറ്റു പൂച്ചമ്മാമ അടക്കകൊണ്ട് തറകെട്ടി, പിന്നെ അടക്കാക്കഷണം അടുക്കിവെച്ചു ചുമരും ഉണ്ടാക്കി. അതിന്റെ മേലെ നീണ്ട പുകയിലത്തണ്ടുകള്‍ ഉത്തരവും വിട്ടവുമൊക്കെ പോലെ വെച്ചു. വെറ്റിലകൊണ്ടു മേലെ വിരിച്ചു. അവിടുന്നും ഇവിടുന്നും കുറേ മണ്ണു മാന്തി വെള്ളം കൂട്ടിക്കുഴച്ചു ചുമരു തേച്ചു. കുറച്ചു ദിവസം കഴിഞ്ഞു ചുമരുണങ്ങിയപ്പോള്‍ ചുണ്ണാമ്പു കലക്കി വെള്ള പൂശി. അങ്ങനെ പാറപ്പുറത്ത് പൂച്ചമ്മാമയുടെ സ്വന്തം വീടുണ്ടായി.

ഒരു ദിവസം പൂച്ചമ്മാമ ആ വീട്ടില്‍ പെറ്റു. ഒറ്റ പേറില്‍ ആറു വെളുത്ത കുട്ടികള്‍. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിച്ചു ഒറങ്ങുമ്പോള്‍ കുറു കുറു, കുറു കുറു ഒച്ചയുണ്ടാകുന്ന്തു നാളെരാവിലെ പോയി നോക്ക്യാ കേക്കാം…

ഈ ചെക്കനിതാ ഉറങ്ങുന്നു….കൊണ്ടുപോയി കിടത്തിക്കോ…കഥ പറഞ്ഞു
എന്റെ തൊള്ള കടഞ്ഞു….

കട്ടിലിലേയ്ക്കെടുത്തു മാറ്റാന്‍ ഉമ്മയോ പെങ്ങന്മാരൊ വരും.

പോത്തു പോലത്തെ ചെക്കനെ ഇങ്ങനെ എടുത്തു പൊന്തിയ്ക്കണോ…വിളിച്ചു നടത്തിച്ചൂടേ……..

പാതിമയക്കത്തില്‍ അവരുടെ തോളില്‍ ചായുമ്പോള്‍ ഞാന്‍ അതും കേട്ടിരുന്നു.........

പിന്നില്‍ നിന്നും ഒരറബി ഹോണടിച്ചുണര്‍ത്തിയപ്പോഴാണ്
ഞാന്‍ സ്പീഡ് ട്രാക്കിലൂടെ വളരെ മെല്ലെയാണ് പോകുന്നത് എന്ന വെളിവുണ്ടായത്.

Lath

1 comment:

ബൈജു സുല്‍ത്താന്‍ said...

ഗൃഹാതുരത്വമുണര്‍ത്തിയ നിമിഷങ്ങള്‍...ഓര്‍മ്മകള്‍... ലത്തീഫ് ബായിയോടോപ്പം ഞങ്ങളും അനുഭവിച്ചു..ആ ഉമ്മൂമ്മയുടെ സ്നേഹവും തലോടലും..ഈ അനുഭവം ഞാനാദ്യം വായിച്ച ശേഷം വീട്ടില്‍ ഇപ്പോഴും മലയാളം വായിച്ചുതുടങ്ങാറായിട്ടില്ലാത്ത കുട്ടികളേയും വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. ഏറെ സന്തോഷം അവര്‍ക്കും..പിന്നീട് കഥ കേട്ട ശേഷം മകളുടെ സംശയം: അല്ലാ..പെണ്‍ പൂച്ചയെ പൂച്ചമ്മാമ എന്നാണോ വിളിക്കുക ?