Friday, September 12, 2008

ഓണാശംസകള്‍











തൂമന്ദഹാസം തൂകും പുലരി
പൊന്നാവണി പുലരി
തുമ്പതെച്ചിക്കും
ചെമ്പരുത്തിക്കു-
മിന്നാവണിമന്നന്റെ
തിരുവിരുന്ന്.








എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

Monday, April 28, 2008

സ്വര്‍ഗ്ഗമേ നാട്!


ടി. വി വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ്സ് കുളിരുകോരി,
സീന്‍ കണ്ടപ്പോള്‍ ഞാനാഹ്ലാദം കൊണ്ടു തുള്ളിച്ചാടി!
“നിങ്ങള്‍ക്കിതെന്തു പറ്റി…
ഇത്ര അര്‍മാദിയ്ക്കാന്‍?...”

എന്റെ പൊണ്ടാട്ടിയുടെ അല്‍ഭുതം

“അതേടി….നീ അതു കേട്ടോ? കണ്ടോ?....”

ഞാനവളുടെ കവിളില്‍ നുള്ളിക്കൊണ്ടു പറഞ്ഞു തുടങ്ങി

“……നമ്മുടെ കെ. എസ്. ആര്‍. ടി. സി ബസ്സിന്റെ ബോഡി നിര്‍മ്മിയ്ക്കുന്ന ചുറുചുറുക്കന്‍ കുട്ടികളെ കണ്ടോ?

നമ്മുടെ നാട് ജപ്പാന്‍ പോലെയാകുന്നു എന്നു സങ്കല്‍പ്പിച്ചു ഞാന്‍!

ഒരു മാസത്തില്‍ നൂറിലധികം ബസ്സിനു അത്യാധുനിക ഉപകരണങ്ങളുപയോഗിച്ചു അവര്‍ ബോഡി നിര്‍മ്മിയ്ക്കുന്നുവത്രെ! സമരമില്ല. പരാതികളില്ല. നീല കുപ്പായവുമണിഞ്ഞു അവര്‍ ജോലി ചെയ്യുന്നതു എത്ര സന്തോഷത്തോടെയാണ്!

അവര്‍ക്കൊന്നു വിശ്രമിയ്ക്കേണമെങ്കില്‍, രാത്രി തലചായ്ക്കേണമെങ്കില്‍, ദാഹം തിര്‍ക്കേണമെങ്കില്‍…സ്വന്തം നിലം, കുട്ടികളും ഭാര്യയും അഛനുമമ്മയുമുള്ള വീട്, സ്വന്തം മണ്ണിന്റെ വെള്ളം! ……ഹാ എത്ര സംതൃപ്തി നിറഞ്ഞ അദ്ധ്വാനം…

ഈ പ്രവണത എല്ലാ മേഖലകളിലുമുണ്ടാകുന്ന എന്റെ നാടിനെ സ്വപ്നം കണ്ടാണ് ഞാന്‍ അര്‍മാദിക്കുന്നത്…”

***** ***** ***** ***** *****
ഇവിടെ പ്രവാസികള്‍ക്കിടയില്‍ കാണുന്ന മുഖങ്ങളെയോര്‍ത്തു നമ്മുടെ നാടിന്റെ തത്വസംഹിതയെ പഴിക്കുന്നവരാണോ പുകഴ്ത്തിപ്പാടുന്നവരാണോ നമ്മുടെയിടയില്‍ കൂടുതല്‍….

ഇവിടെ വന്നു അവ പിന്തുടരേണ്ടായിരുന്നു എന്നു തിരിച്ചറിവുണ്ടാകുമ്പോഴേയ്ക്കും വല്ലാതെ വൈകുന്നു.
അവരുടെ നൊമ്പരങ്ങളുടെ കനം പലപ്പോഴും എന്റെ നെഞ്ചിലും അനുഭവിച്ചുട്ടിണ്ട്. പന്ത്രണ്ട് വയസ്സു പ്രായമായ ഏക മകളെ ഈരണ്ട് വര്‍ഷങ്ങളില്‍ ഓരോ മാസം വീതം ആകെ ആറ്മാസം മാത്രം കണ്ട പ്രവാസി പിതാവിന്റെ കരുവാളിച്ച മുഖം എന്റെ മനസ്സിലൂടെ മിന്നി മറയുന്നു…

ഈ അവസ്ഥ ഇനിയും തുടരുന്നതിനേക്കാള്‍ നല്ലത് നമ്മുടെ നാട് പിടിച്ചു അവനവനു കിട്ടുന്ന ജോലി എത്ര ചെറുതായാലും സമരാഹ്വാനങ്ങള്‍ ചെവിയോര്‍ക്കാതെ, ഈ വാര്‍ത്തയുടെ പൊരുള്‍ ഉള്‍കൊണ്ടു നമ്മുടെ നാടിനെ സ്വര്‍ഗ്ഗമാക്കാന്‍ നോക്കണം. അതിനു നമുക്കു കഴിയും.



Lath


latheefs.blogspot.com

Monday, April 21, 2008

പടച്ചോന്‍ പിശുക്കിനെതിര്!


“ആരവിടെ”
ആരുടെയോ നിഴല്‍ കണ്ടു ദൈവം ഇത്തിരി ദ്വേഷ്യത്തില്‍ ചോദിച്ചു. അദ്ദേഹം ഇത്തിരി അസ്വസ്ഥനായിരുന്നു.

“അടിയന്‍”

നന്മയും തിന്മയും, കുറച്ചൊക്കെ പരദൂഷണവും എഴുതിയെഴുതി ക്ഷീണിച്ച ചിത്രഗുപ്തന്‍ ഒന്നു കട്ടു വിശ്രമിക്കാന്‍ കയറിയിതിനിടയ്ക്കു ദൈവവിളി കേട്ടു ഞെട്ടി! പിന്നെ, സന്നിധിയില്‍ ആഗതനായി.

“ഉടനെ ആനി വൂഡിനോടും അന്‍ഡ്ര്യൂ ഡവെന്‍പോര്‍ട്ടിനോടും എന്റെ മുമ്പില്‍ ഹാജരാവാന്‍ പറയുക”…

ദൈവവചനം മനസ്സിലാകാതെ ചിത്രഗുപ്തന്‍ പരുങ്ങി നിന്നു. ടെലി ടബ്ബീസിന്റെ നിര്‍മാതാക്കളായ ഇവരെ എന്തിനാണാവോ വിളിപ്പിയ്ക്കുന്നത്?

“ഊം.. എന്താ ഒരു ശങ്ക?”

ഗൌരവം ആദ്യത്തേതിലും കൂടുതലാണെന്നു മനസ്സിലാക്കിയ എഴുത്തുകാരന്‍ സമ്മത ഭാവത്തില്‍ തിരിഞ്ഞു നടന്നു.

“നില്‍ക്കൂ…”

പിന്നില്‍ നിന്നും കല്പന കേട്ടു ഗുപ്തന്‍ സഡ്ഡന്‍ ബ്രേക്കിട്ടു.

“....മലപ്പുറം ജില്ലയിലെ തിരൂരില്‍ പുരാതനമായ ബാപ്പു സ്റ്റുഡിയോ‍യുടെ ഉടമ ബഷീര്‍ കല്യാണക്കത്ത് സി. ഡിയിലാക്കിയാണ് എല്ലാവര്‍ക്കും നല്‍കിയത്. കടലാസ്സില്‍ കത്തടിച്ചാല്‍ കത്തൊന്നിനു ഒമ്പതു രൂപയെങ്കിലും വരുമെന്നും സി. ഡിയാകുമ്പോള്‍ ഏറിയാല്‍ ആറു രൂപയെ വരൂ എന്നതുമാണ് കാരണം.


അയാള്‍ പിശുക്കിയാല്‍ ജനങ്ങളെന്തു ചെയ്യും?
എത്ര പേരുടെ വീട്ടില്‍ കമ്പ്യൂട്ടറുണ്ട്?
സാധാരണക്കാരന് അഫോര്‍ഡ് ചെയ്യാന്‍ പറ്റില്ലല്ലോ?
വീട്ടിലിരുന്നു സി.ഡി പ്ലെയറില്‍ കണാമെന്നുവെച്ചാ നടക്കൂലാ; റിയാലിറ്റി ഷോയും സീരിയലും കഴിഞ്ഞു എപ്പോഴാ ടി.വി ഒന്നൊഴിഞ്ഞു കിട്ട്വാ? കല്യാണക്കത്തു വായിയ്ക്കാന്‍ അവര്‍ പിന്നെ കഫെയില്‍ പോകണം. അതൊരു നല്ല ഏര്‍പ്പാടല്ല.

അതുകൊണ്ട് ഞാന്‍ ആക്ട് ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നു.
ഇനിയുള്ള മനുഷ്യ സൃഷ്ടി അപ്ഡെയ്റ്റ് ചെയ്യണം. അവരില്‍ ഒരു സി. ഡി ഡ്രൈവും ഒരു സ്ക്രീനും ഫിറ്റ് ചെയ്യണം..”

കണക്കെഴുത്തും രണ്ട് ജി.ബി. മെമ്മറി കാര്‍ഡില്‍ ഓട്ടോ റെക്കാറ്ഡ് ആക്കാനുള്ള ഒരേര്‍പ്പാടുണ്ടാക്കാന്‍ ഒന്നു അഭിപ്രായപ്പെട്ടാലോ എന്നു ചിത്രഗുപ്തന്‍ നഖം കടിച്ചു ആലോചിച്ചു. പ്രതികരണം ഭയന്നു വായ തുറന്നില്ല.

ആനി വൂഡിനും, ആന്ഡ്ര്യൂ ഡെവെന്‍പോര്‍ട്ടിനും എന്തു ചെയ്യാനാണുള്ളതെന്നു മനസ്സിലാകാതെ ഗുപ്തന്‍ അവരെ വിളിച്ചു വന്നു.

“നിങ്ങള്‍…..
(ദൈവം പറയാന്‍ തുടങ്ങി.)
….ഡിങ്കി വിങ്കി, ഡിപ്സി, ലാലാ, പോ എന്നി ടെലി ടബ്ബീസിനെ ഇനിയുണ്ടാക്കരുത്. ഇനിമുതല്‍ ഞാന്‍ സൃഷ്ടിയ്ക്കുന്ന മനുഷ്യന്റെ വയറിന്റെ പുറത്തു മോണിറ്ററുണ്ടായിരിയ്ക്കും. അവരുടെ കണ്ണുകള്‍ക്കു ഗോചരമാകത്തക്കവിധം അതു ആവശ്യത്തിനു അടിയില്‍ നിന്നു മേലോട്ടു പൊക്കാനും ആവശ്യം കഴിഞ്ഞാല്‍ താഴ്ത്താനും പറ്റും. പൊക്കിളിന്റെ വട്ടം മാറ്റി ഒരു സ്ലിറ്റാക്കി ഒരു സി.ഡി ഡ്രൈവും ഉണ്ടാകും.

പുതിയ മനുഷ്യര്‍ സി. ഡിയില്‍ കിട്ടുന്ന കല്യാണക്കത്തു വായിക്കാന്‍ തെണ്ടി നടക്കേണ്ടി വരില്ല……”

തിരൂര്‍ക്കാരന്‍ തുടങ്ങിവെച്ച പിശുക്കില്‍ അതൃപ്തി കാണിച്ചു ഗൌരവം വിടാതെ ദൈവം നടന്നകുന്നു.


ആനി വൂഡും, ആന്‍ഡ്ര്യൂ ഡെവെന്‍പോര്‍ട്ടും മനം നൊന്തു കരയുന്നതു ദൈവനിഷേധത്തിന്റെ കണക്കില്‍ ചിത്രഗുപ്തന്‍ എഴുതാനും തുടങ്ങി.


Lath


latheefs.blogspot.com



Saturday, April 19, 2008

യാത്രാമൊഴി













അതുല്യയുടെ യാത്രാമൊഴിയ്ക്കിടയില്‍
മാനത്തു നിന്നൊരു നക്ഷത്രം വീണു.
ഈന്തപ്പനയോലകളിലുരഞ്ഞു താഴെ വീഴുന്നതിനിടയില്‍
തമന്നു താങ്ങി.
എന്നിട്ടും വീണു താഴെ.
‘താരെ സമീന്‍ പര്‍’ കണ്ടു പഴം പൊരി വിതരണം
നിര്‍ത്തിവെച്ചു അതുല്യ ഓടിയടുത്തു.
എല്ലാവരും കൂടി പിന്നെ അവരെ അതങ്ങേല്‍പ്പിച്ചു.
ജസീറാ പാര്‍ക്കില്‍ മറ്റെവിടെയെങ്കിലും
നക്ഷത്രവര്‍ഷമുണ്ടൊ എന്നു കാതോര്‍ക്കാനും
അതുല്യ മറന്നില്ല്യ ട്ട്വോ..
**** ***** ****** ******
അവരുടെ ബ്ലോഗുകളെ പോലെ
തിളക്കമുള്ള ഒരു സമ്മാനം തിരഞ്ഞെടുത്തതു നന്നായി.

അതുല്യയ്ക്കു സ്നേഹാശംസകള്‍.
Lath
latheefs.blogspot.com















Wednesday, April 16, 2008

പൂരത്തിന്റെ താളലയം



താളലയം മാനസ്സിക സംഘര്‍ഷം കുറയ്ക്കുമത്രെ.

വാദ്യോപകരണം കൈകാര്യം ചെയ്യുന്നവന്‍

ടെന്‍ഷനുണ്ടാകുമ്പോള്‍ കുറച്ചു നേരം

തന്റെ ഉപകരണത്തില്‍ താളം വായിക്കട്ടെ.


Researchers have demonstrated that the physical transmission of rhythmic energy to the brain synchronizes the two cerebral hemispheres. When the logical left hemisphere and the intuitive right hemisphere begin to pulsate in harmony, the inner guidance of intuitive knowing can then flow unimpeded into conscious awareness.

Druming creates a sense of connectedness with self and others, it alleviates self centeredness, isolation and alienation.

നമ്മുടെ പൂരത്തിന്റെ പഞ്ചവാദ്യം കേള്‍ക്കുമ്പോഴുള്ള വികാരവും മറ്റൊന്നല്ല; സര്‍വ്വരുടെ ഇടയില്‍ നില്‍ക്കുമ്പോഴും ഗംഭീരമായ താളമേളങ്ങള്‍ക്കിടയില്‍ ഒരു തൂവല്‍ പോലെ ലോലമാകുന്ന മനസ്സിന്റെ അവസ്ഥ ഞാനനുഭവിച്ചിട്ടുണ്ട്.


Lath


latheefs.blogspot.com

Monday, April 14, 2008

വിഷുക്കൈനീട്ടം


നന്മയുടേയും സമൃദ്ധിയുടേയും ആശംസകള്‍ എല്ലാവരേയും വിളിച്ചറിയിക്കാന്‍ അവള്‍ കൂടെയില്ലായിരുന്നെങ്കില്‍ എന്തായിരിയ്ക്കും സ്ഥിതി! ഒന്നിനു പിറകെ ഒന്നായി, ഒരു വിശ്രമവുമില്ലാതെ അയച്ചും പറഞ്ഞുമുള്ള സന്ദേശങ്ങളുടെ പോക്കുവരവും തുടര്‍ച്ചയായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു അവള്‍.


ഇടയ്ക്കിടയ്ക്ക് ‘പീ പി, പീ പി എന്ന സന്ദേശ നാദവും.


ഒക്കെ സഹിച്ചു മടുത്തതിനാലായിരിയ്ക്കാം എന്റെ സുന്ദരി ഒരു വികൃതി ഒപ്പിച്ചു. അല്ലെങ്കിലും അവള്‍ കേരളക്കാരിയല്ലല്ലോ; ബോണ്‍ ഇന്‍ ജപ്പാന്‍ ആന്‍ഡ് ബ്രോട്ടപ്പ് ഇന്‍ സിങ്കപ്പൂര്‍. അവള്‍ക്കെന്ത് വിഷു?


മാധവേട്ടനുകൂടി ആശംസകളറിയിക്കാനുണ്ടായിരുന്നു. ഞാനവളുടെ ഇടനെഞ്ചിലമര്‍ത്തി നമ്പര്‍ സ്ക്രോള്‍ ഡൌണ്‍ ചെയ്തു, ഒന്നു കൂടി ഇക്കിളിപ്പെടുത്തി കാള്‍ ചെയ്തു.


“ഹാപ്പി വിഷു”... മാധവേട്ടന്‍ ഫോണെടുത്തയുടനെ ഞാനാശംസിച്ചു.


“ശൂ വിസു?”... അപ്പുറത്തുനിന്നും ഒരറബിയുടെ പരുത്ത സ്വരം!


ഏതോ ഒരറബിയുടെ നമ്പര്‍, എന്തോ ഒരാവശ്യത്തിനു എപ്പോഴോ ഞാന്‍ ചേര്‍ത്തത് മാധവേട്ടന്റെ നമ്പറിന്റെ തൊട്ടുമുമ്പിലാക്കിയത് അവളല്ലെ? അറിയാതെ ഞാനമര്‍ത്തിയെങ്കില്‍ത്തന്നെ അവള്‍ക്കതിനു പ്രതികരിക്കാതിരുന്നു കൂടെ?


“സോറി” നമ്പര്‍ തെറ്റിയെന്നറിഞ്ഞു ഫോണ്‍ കട്ടു ചെയ്യുന്നതിനു മുമ്പെ ഞാന്‍ പശ്ചാത്തപിച്ചു.


ഒരുന്നത കുല ജാതനോ, മൂക്കിന്‍ തുമ്പത്തു കോപമുള്ളവനോ ആയതിനാലാവാം അദ്ദേഹം എന്നെ ഉടനെ തിരിച്ചു വിളിച്ചു ദ്വേഷ്യത്തില്‍ പുലമ്പാന്‍ തുടങ്ങി.


മഞ്ഞ കണിക്കൊന്നപ്പൂവിന്റെ മനോഹാരിത പകര്‍ന്നു, പഞ്ഞി മിഠായി പോലെ മിനുസവും മധുരവുമുള്ള വാക്കുകളെ കൊണ്ടു ഞാനദ്ദേഹത്തെ സാന്ത്വനപ്പെടുത്തി.


“ആ.. ഹാദാ ഈദ് മല്‍ മലബാരി” (ആ ഇത് മലബാരിയുടെ പെരുന്നാള്‍)


വിഷുവിനെ അദ്ദേഹം പരിചയപ്പെട്ടു പ്രതികരിച്ചപ്പോള്‍ ഒരു വിഷുക്കൈ നീട്ടം കിട്ടിയ സന്തോഷമായെനിയ്ക്ക്!



Lath


latheefs.blogspot.com

Sunday, April 13, 2008

വിഷുദിനാശംസകള്‍


എല്ലാ ബ്ലോഗന്‍സിനും
മനസ്സു നിറയുവോളം
വിഷുദിനാശംസകള്‍.

ഒരു കൊമ്പു കൊന്നപ്പൂവും
കിട്ടിയിട്ടുണ്ട്
മഞ്ഞണിക്കോമ്പായിട്ട്,
വിഷുവിനൊരു
ഹരം പകരാന്‍...

ആഘോഷിയ്ക്കാം
അല്ലേ..

കൂട്ടത്തിലൊരോര്‍മ്മയും പങ്കുവെയ്ക്കാം.
അരവിന്ദന്‍ അന്നു ഞങ്ങളെ വീട്ടിലേയ്ക്കു ക്ഷണിച്ചു.
വിഷുത്തലേന്നു തന്നെ ചെന്നാലേ വിഷുക്കണിയും കണ്ടു വിഷു ആഘോഷിക്കാനാവൂ എന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു.

അബ്ദുള്ളക്കുട്ടിയേയും ക്ഷണിച്ചിരുന്നു. ഞങ്ങളുടെ സീനിയറാണ് അരവിന്ദന്‍.
ഉച്ചയോടെ തലശ്ശേരി ധര്‍മ്മടത്തെത്തി അവന്റെ വീട് തേടിപ്പിടിച്ചു.

അഞ്ഞൂറാന്മാരെ പോലെ തടിച്ചു കൊഴുത്ത മൂന്നു ചേട്ടന്മാരെ അവന്‍ ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. ഉച്ചയൂണും കഴിഞ്ഞു ലാത്തിയടിച്ചിരിയ്ക്കെ ആല്‍ബങ്ങളും, ഒരു ചേട്ടന്‍ ബി. എസ്സിയ്ക്കു വരച്ച ബോട്ടണി റെക്കാഡുകളുമൊക്കെ ഞങ്ങളെ കാണിച്ചു തന്നു. ഇരുട്ടിത്തുടങ്ങിയപ്പോഴേ നല്ല നിലാവുണ്ടായിരുന്നു.

അത്താഴം എട്ടു മണിയ്ക്കു തന്നെ വിളമ്പി. വളരെ ചെറുപ്പമായ രജനിയെ നോക്കി ഞങ്ങള്‍ മുറ്റത്തിരുന്നു. പിന്നെ, നല്ല നിലാവില്‍ അവന്റെ തൊടിയ്ക്കു മുമ്പിലുള്ള പാടത്തു കൂടി നടക്കാനിറങ്ങി.

നിലാവു കണ്ടു മതിമറന്ന അബ്ദുള്ളക്കുട്ടിയുടെ ആപ്തവചനങ്ങളുടെ കെട്ടഴിഞ്ഞു. ടിയാനു ചിലപ്പോഴൊക്കെ അങ്ങിനെ ഒലിച്ചിറങ്ങാറുണ്ട്!
‘വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം..”

കൊട്ടേഷന്‍ തീരുന്നതോടെ ‘പിധിം’ എന്നൊരു ശബ്ദം കേട്ടു ഞാനും അരവിന്ദനും തിരിഞ്ഞു നോക്കി. അബ്ദുല്ലക്കുട്ടിയെ കാണനില്ല.
കവുങ്ങിന്‍ തോട്ടത്തിനിടയിലേയ്ക്കു ഒളിച്ചിറങ്ങുന്ന നിലാവെട്ടത്തില്‍
ഭൂമിയിലൊരിടത്തൊരിളക്കം കണ്ടു. നല്ല ബൌളറും ഫീല്‍ഡറുമായ അരവിന്ദന്‍ ക്രിക്കറ്റ് ബാളിന്നരികിലേയ്ക്കെന്ന പോ‍ലെ ഓടുന്നതു കണ്ടു ഞാനും കൂടെ ഓടി.

നിലത്തു ഒരു തല മാത്രം തലങ്ങും വിലങ്ങും തിരിഞ്ഞു കളിയ്ക്കുന്നതു കണ്ടൂ. പാവം അബ്ദുല്ലക്കുട്ടിയെ തമസ്സു ചതിച്ചതായിരുന്നു. തെങ്ങിന്‍ തൈ നടാന്‍ ആഴത്തില്‍ കുഴിച്ച കുഴിയില്‍ ചപ്പും ചവറും ചാണകവും നിറച്ചിരുന്നിടത്തു ആപ്തവചനത്തോടെ വിസിറ്റു ചെയ്ത അബ്ദുല്ലക്കുട്ടിയെ ഞങ്ങള്‍ ഏലോ ഏലേലോ പറഞ്ഞു ഭൌമ പ്രതലത്തിലെത്തിച്ചു.
പിന്നെ പന്ത്രണ്ടര മണിയുടെ മലബാര്‍ എക്സ്പ്രസ്സു പോകുന്നതുവരെ ധര്‍മ്മടം റെയില്‍ പാളത്തിലിരുന്നു.

രാവിലെ വിഷുക്കണികാണാന്‍ കണ്ണൂചിമ്മി സൂക്ഷിച്ചു കോണിയിറങ്ങാന്‍ അരവിന്ദന്‍ സഹായിച്ചു.

കിഴക്കുണരും സൂര്യന്റെ നിറച്ചാര്‍ത്ത് അബ്ദുല്ലക്കുട്ടിയുടെ തൊലിപ്പുറത്തും
അങ്ങിങ്ങായി ഉണ്ടായിരുന്നതായി ഞാന്‍ ഈ വിഷുത്തലേന്നും ഓര്‍ക്കുന്നു.


Lath


latheefs.blogspot.com